ടെസ്റ്റ് ക്രിക്കറ്റില്‍ പുതിയ നാഴികക്കല്ല് സ്വന്തമാക്കി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷബ് പന്ത്. അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തില്‍ കളത്തിലിറങ്ങിയതോടെ റെഡ് ബോള്‍ ക്രിക്കറ്റില്‍ 50 മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനാണ് പന്തിന് സാധിച്ചത്.
ടെസ്റ്റില്‍ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് പന്ത്. ഇന്ത്യന്‍ ഇതിഹാസ നായകന്‍ എം.എസ് ധോണി, സയ്യിദ് കിര്‍മാണി എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ച ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാര്‍. ധോണി 90 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചപ്പോള്‍ കിര്‍മാണി 88 മത്സരങ്ങളിലും കളത്തിലിറങ്ങി.
ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാര്‍, മത്സരങ്ങളുടെ എണ്ണം
എം.എസ് ധോണി-90
സയ്യിദ് കിര്‍മാണി-88
റിഷബ് പന്ത്-50
കിരണ്‍ മോറെ-49
ഫാറൂഖ് എന്‍ജിനീയര്‍-48
റിഷബ് പന്ത്
50 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന 34ാം വിക്കറ്റ് കീപ്പറാണ് പന്ത്. സൗത്ത് ആഫ്രിക്കന്‍ ഇതിഹാസം മാര്‍ക്ക് ബൗച്ചറാണ് ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച വിക്കറ്റ് കീപ്പര്‍. 147 മത്സരങ്ങളിലാണ് ബൗച്ചര്‍ കളത്തിലിറങ്ങിയത്. 119 മത്സരങ്ങള്‍ കളിച്ച മുന്‍ ഓസീസ് താരം ഇയാന്‍ ഹീലിയാണ് രണ്ടാമന്‍.
ടെസ്റ്റില്‍ 100+ മത്സരങ്ങള്‍ കളിച്ച വിക്കറ്റ് കീപ്പര്‍മാര്‍ ഇവര്‍ രണ്ട് പേരുമാണ്. എം.എസ് ധോണി, ആദം ഗില്‍ക്രിസ്റ്റ്, റോഡ് മാര്‍ഷ്, അലന്‍ നോട്ട്, ഗോഡ്ഫ്ര ഇവാന്‍സ് എന്നീ വിക്കറ്റ് കീപ്പര്‍മാര്‍ മാത്രമാണ് 90ലധികം ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുള്ളത്.
ഐ.പി.എല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനൊപ്പം നിരാശപ്പെടുത്തിയ പ്രകടനം നടത്തിയ റിഷബ് പന്തിന്റെ തിരിച്ചുവരവാണ് ഈ പരമ്പരയില്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്. 2026 ലെ ഐ.പി.എല്ലില്‍ 14 മത്സരങ്ങളില്‍ നിന്ന് 28.36 ശരാശരിയില്‍ 312 റണ്‍സ് മാത്രമാണ് പന്ത് നേടിയത്. സീസണിലെ മോശം പ്രകടനങ്ങള്‍ക്ക് പിന്നാലെ പന്ത് എല്‍.എസ്.ജി ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കുകയും ചെയ്തു.
ഈ പരമ്പരയില്‍ ഇന്ത്യന്‍ ടീമിലെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പന്തിനെ നീക്കം ചെയ്തിരുന്നു. പന്തിന് പകരം കെ.എല്‍ രാഹുലിനെയാണ് വൈസ് ക്യാപ്റ്റനായി നിയമിച്ചത്. ഇപ്പോള്‍ ഈ തിരിച്ചടികള്‍ക്കിടയിലും വമ്പന്‍ നേട്ടവുമായി ശ്രദ്ധ നേടിയിരിക്കുകയാണ് താരം.
അതേസമയം പഞ്ചാബിലെ മുല്ലാന്‍പൂരില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിന്റെ വിക്കറ്റാണ് നഷ്ടമായത്. 32 പന്തില്‍ അഞ്ച് ഫോറടക്കം 24 റണ്‍സെടുത്താണ് ഇന്ത്യന്‍ ഓപ്പണറുടെ മടക്കം. 12ാം ഓവറില്‍ മുഹമ്മദ് സലീമിന്റെ പന്തില്‍ അഫ്സര്‍ സസായ്ക്ക് ക്യാച്ച് നല്‍കിയാണ് താരം തിരികെ നടന്നത്.
നിലവിൽ 27 ഓവർ പിന്നിടുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 107 റൺസ് എന്ന നിലയിലാണ്. 80 പന്തിൽ 47 റൺസുമായി കെ.എൽ രാഹുലും 51 പന്തിൽ 33 റൺസ് നേടി സായ് സുദർശനുമാണ് ക്രീസിലുള്ളത്.