കുട്ടികളെ കുട്ടികളായി വിടണമെന്ന് രിസാല വാരിക; അങ്ങനെയെങ്കില്‍ എസ്.ബി.എസും പിരിച്ച് വിടണ്ടേയെന്ന് വിമര്‍ശനം
Kerala
കുട്ടികളെ കുട്ടികളായി വിടണമെന്ന് രിസാല വാരിക; അങ്ങനെയെങ്കില്‍ എസ്.ബി.എസും പിരിച്ച് വിടണ്ടേയെന്ന് വിമര്‍ശനം
നിഷാന. വി.വി
Wednesday, 19th August 2026, 12:49 pm

കോഴിക്കോട്: ഇന്‍സ്റ്റഗ്രാമില്‍ വൈറലായ കുട്ടി സഖാവ് പേജിലെ മുഹമ്മദ് സിയാന് ശിക്ഷണം നല്‍കണമെന്ന രിസാല വാരികയിലെ ലേഖനത്തിന് വിമര്‍ശനം. കുട്ടി സഖാവ് എന്ന അക്കൗണ്ട് പൂട്ടിയത് മെറ്റയുടെ തീരുമാനമാണെന്നും സിയാന്റെ കവിളില്‍ക്കുത്തി കരയിക്കാതെ മുതിര്‍ന്നവര്‍ അവനെ ഇക്കാര്യം പറഞ്ഞ് മനസിലാക്കണമെന്നുമായിരുന്നു സമസ്തയുടെ പരാമര്‍ശം.

എന്നാല്‍ സമസ്തയുടെ എ.പി, ഇ.കെ വിഭാഗങ്ങള്‍ക്ക് അവരുടെ വിദ്യാര്‍ത്ഥി സംഘടനകളുണ്ടെന്നും ഇവര്‍ സമസ്ത പ്രവര്‍ത്തനത്തിനുള്ള ഏജന്റുമാരെ പോലെ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമാണ് ഇതിനെതിരെ ഉയരുന്ന വിമര്‍ശനം. ഇവര്‍ക്കും വേണ്ട ഈ ബാല്യമെന്നും വിമര്‍ശകര്‍ ചോദിക്കുന്നു.

സമസ്തയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ്.എസ്.എഫിന്റെ മുഖപത്രമായ രിസാലയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലായിരുന്നു സമസ്തയുടെ വിമര്‍ശനം. സിയാനെ നവമാധ്യമത്തില്‍ വില്‍ക്കാന്‍ വെച്ചത് മാതാപിതാക്കളാണെങ്കില്‍ അത് തിരുത്തണമെന്നും ‘അരുത് മുഹമ്മദ് സിയാനെ വില്‍ക്കരുകത്’ എന്ന ലേഖനത്തില്‍ പറയുന്നു.

‘സിയാനെ ആഘോഷിച്ച അശോകന്‍ ചെരുവില്‍ മുതല്‍ പിണറായി വിജയന്‍ വരെ ഷെയറെന്റിങ് എന്ന വാക്ക് എഴുതി പഠിക്കണം. സിയാന്‍ എന്ന 13കാരന്റെ ഭാഷണത്തില്‍ നിറയുന്ന അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യം പോലുമാണ്. കൃത്യമായ ശിക്ഷണത്തിലൂടെ സിയാന്‍ കുട്ടിയാവേണ്ടതുണ്ട്. ചെങ്കൊടിയും ആ കൊടി പേറുന്ന രാഷ്ട്രീയവും ഒരു 13കാരന്റെ വ്യവഹാരവിഷയമാണ്,’ സമസ്ത പറയുന്നു.

മുതിര്‍ന്നവര്‍ക്ക് ആര്‍ത്ത് ചിരിക്കാന്‍ കുഞ്ഞുനാവില്‍ നിന്ന് വലിയ വാക്കുകള്‍ പുറന്തള്ളരുതെന്നും രാഷ്ട്രീയത്തിന് ആളെക്കൂട്ടാന്‍ സിയാനെ ഉപയോഗിക്കുകയാണെന്നും അത് കുട്ടിക്ക് മനസിലാകുന്നില്ലെന്നും ലേഖനത്തതില്‍ പറയുന്നു.

എന്നാല്‍ ഇതിനെതിരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. സമസ്തയുടെ എസ്.ബി.എസ്‌ക്കാര്‍ക്കും അവരുടെ ബാല്യം എന്നാണ് അബ്ദുല്‍ കോട്ടക്കല്‍ എന്ന ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പിലൂടെ ചോദിക്കുന്നത്.

‘കുട്ടികള്‍ രാഷ്ട്രീയം പറയാന്‍ പാടില്ലത്രേ… അവരെ രക്ഷിതാക്കള്‍ അവരുടെ ഇഷ്ടത്തിന് ഉപയോഗിക്കുകയാണ് പോലും. ആര്‍.എസ്.എസിന്റെ ബാലഗോകുലത്തിനോട് കാണിക്കാത്ത ഈ രാഷ്ട്രീയ ജാഗ്രത ആരെ സുഖിപ്പിക്കാനാണെന്ന് വ്യക്തമാണ്. പക്ഷെ, അതിന് പേനയുന്തുന്നതിന് മുന്‍പ് എസ്.ബി.എസ് പിരിച്ചു വിടുന്നതാണ് മാന്യത. പണ്ടുണ്ടായിരുന്ന രിസാല സര്‍ഗ്ഗ വേദി പിരിച്ചു വിട്ട അനുഭവവും ഉണ്ടല്ലോ,’ വിമര്‍ശകര്‍ പറയുന്നു.

സിനാന്റെ കാര്യത്തില്‍ എസ്.എസ്.എഫ് പുലര്‍ത്തുന്ന ആശങ്കകള്‍ പാലിച്ചാല്‍ സാഹിത്യോത്സവ് അവസാനിപ്പിക്കേണ്ടി വരുമെന്നും ബാലസഞ്ചയങ്ങളെ കുറിച്ച് തലയില്‍ മുണ്ടിട്ട് സംസാരിക്കേണ്ടി വരുമെന്നും വിമര്‍ശനമുണ്ട്. വായില്‍ കൊള്ളാത്ത വാക്കുകള്‍ പറയുന്നവരെ അത്ഭുത ബാലന്‍മാര്‍ എന്നും പറഞ്ഞ് നാടുനീളെ പ്രസംഗിക്കാന്‍ കൊണ്ടുനടക്കുന്നവരാണ് സിനാനെ കുറിച്ച് വേപതു കൊള്ളുന്നതെന്നും പരിഹാസമുയരുന്നുണ്ട്.

‘മധ്യവര്‍ഗ കുടുംബങ്ങള്‍ ബൈക്കിലും കാറിലും തിങ്ങി നിരങ്ങി പോക്കുന്നതില്‍ എസ്.എസ്.എഫ് പുലര്‍ത്തുന്ന ജാഗ്രതയുടെ പകുതിയെങ്കിലും മാതൃ സംഘടനകള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ കുട്ടികള്‍ക്കുള്ള താമസ സുരക്ഷ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കാണിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോകുന്നു. സ്ഥാപന നടത്തിപ്പുകാരെ കുറിച്ച് ടടഎ കാരോട് പരാതി പറഞ്ഞ എത്ര കുട്ടികളുടെ കാര്യത്തില്‍ എസ്.എസ്.എഫ് ഇടപെട്ടു, പരിഹരിച്ചു, പരാതി പൊലീസില്‍ കൈമാറി എന്നൊരു കണക്കെടുത്താല്‍ എത്രയേത്രേ നേതാക്കള്‍ കോടതി കയറി കാലം തീര്‍ക്കേണ്ടി വരും?
അതുകൊണ്ട് എസ്.എസ്.എഫ്കാരെ, മാതൃഭൂമിയിലെ സബ് എഡിറ്റര്‍ തുള്ളുന്നത് കണ്ട് രിസാല അപ്‌ഡേറ്റുകാര്‍ തുള്ളണ്ട. സ്വന്തം കൊമ്പ് മാത്രമല്ല, വേരും തറവാടും കൊണ്ട് പോകേണ്ടി വരും,’ പോസ്റ്റില്‍ പറയുന്നു.

 

Content Highlight: Risala weekly calls for letting children be children; critics ask if the SBS should not be disbanded as well.

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.