ലോകകപ്പ് സ്‌ക്വാഡിലെത്തി; പിന്നാലെ വിജയ് ഹസാരെയില്‍ വെടിക്കെട്ടുമായി റിങ്കു
Cricket
ലോകകപ്പ് സ്‌ക്വാഡിലെത്തി; പിന്നാലെ വിജയ് ഹസാരെയില്‍ വെടിക്കെട്ടുമായി റിങ്കു
ഫസീഹ പി.സി.
Friday, 26th December 2025, 3:15 pm

വിജയ് ഹസാരെ ട്രോഫിയില്‍ സെഞ്ച്വറിയുമായി തിളങ്ങി ഉത്തര്‍ പ്രദേശ് ക്യാപ്റ്റന്‍ റിങ്കു സിങ്. ഇന്ന് ടൂര്‍ണമെന്റില്‍ നടന്ന ചണ്ഡിഗഡുമായുള്ള യു.പിയുടെ മത്സരത്തിലാണ് താരം മികച്ച പ്രകടനം നടത്തിയത്. അഞ്ചാമതായി ഇറങ്ങിയാണ് താരം മൂന്നക്കം കടന്നത്.

മത്സരത്തില്‍ റിങ്കു 60 പന്തില്‍ പുറത്താവാതെ 106 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. നാല് സിക്സും 11 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 176.67 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത താരം ആര്യന്‍ ജുയലുമായി ചേര്‍ന്ന് 134 റണ്‍സിന്റെ കൂട്ടുകെട്ടും താരം ഉയര്‍ത്തി.

റിങ്കു സിങ്. Photo: KnightRidersXtra/x.com

നേരത്തെ ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തിലും റിങ്കു മിന്നും പ്രകടനമാണ് നടത്തിയത്. ഹൈദരാബാദിനെതിരെയുള്ള മത്സരത്തില്‍ താരം അര്‍ധ സെഞ്ച്വറി നേടിയിരുന്നു. 48 പന്ത് നേരിട്ട താരം 67 റണ്‍സാണ് സ്‌കോര്‍ ചെയ്തത്.

ഈ ഇന്നിങ്സിലാകട്ടെ രണ്ട് സിക്സും ആറ് ഫോറും അടങ്ങുന്നതായിരുന്നു. 2026 ടി – 20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം പിടിച്ചതിന് ശേഷമാണ് താരത്തിന്റെ ഈ പ്രകടനം എന്നതും ശ്രദ്ധേയം.

റിങ്കു സിങ്. Photo: VipinTiwary/x.com

അതേസമയം, മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഉത്തര്‍പ്രദേശ് നാല് വിക്കറ്റിന് 367 റണ്‍സാണ് എടുത്തത്. റിങ്കുവിനൊപ്പം ആര്യന്‍ ജുയലും സെഞ്ച്വറി നേടി. താരം 118 പന്തില്‍ 134 റണ്‍സെടുത്തു. കൂടാതെ ധ്രുവ് ജുറെല്‍ 57 പന്തില്‍ 67 റണ്‍സും സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭാവന ചെയ്തു.

നിലവില്‍ ചണ്ഡീഗഡ് മറുപടി ബാറ്റിങ് തുടങ്ങിയിട്ടുണ്ട്. 19 ഓവറുകള്‍ പിന്നിടുമ്പോള്‍ ടീം നാല് വിക്കറ്റിന് 79 റണ്‍സാണ് എടുത്തത്. 47 പന്തില്‍ 15 റണ്‍സെടുത്ത അങ്കിത് കൗഷികും എട്ട് പന്തില്‍ അഞ്ച് റണ്‍സെടുത്ത സന്യം സൈനിയുമായാണ് ക്രീസിലുള്ളത്.

Content Highlight: Rinku Singh hit century in Vijay Hazare Trophy after selected to India’s 2026 T20I world cup squad

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി