തിരുവനന്തപുരം: സ്ത്രീപീഡന, ഗര്‍ഭഛിദ്ര പ്രേരണ ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്‌ക്കെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതില്‍ പ്രതികരിച്ച് നടി റിനി ആന്‍ ജോണ്‍. രാഹുലിനെതിരെ നേരത്തെ ആരോപണം ഉന്നയിച്ച വ്യക്തയാണ് റിനി.
യുവതി പരാതി നല്‍കിയതില്‍ ഏറെ സന്തോഷമുണ്ടെന്നും സത്യമേ ജയിക്കൂ എന്നും റിനി ആന്‍ ജോണ്‍ ഏഷ്യാനെറ്റിനോട് പറഞ്ഞു.
‘വളരെയധികം സന്തോഷം. എത്ര അസത്യപ്രചരണങ്ങള്‍ നടത്തിയാലും സത്യമേ ജയിക്കൂ എന്നതിന്റെ തെളിവാണിത്. ഇത് വെറും കെട്ടുകഥകളാണെന്ന് പ്രചരിപ്പിച്ചവരുടെ മുന്നിലേക്ക് നല്‍കുന്ന കൃത്യമായ മുന്നറിയിപ്പ് കൂടിയാണ്. ഒന്നല്ല, ഒരുപാട് അതിജീവിതകളുണ്ട്. ഇത്തരത്തില്‍ ദുരനുഭവം നേരിട്ട മറ്റ് പെണ്‍കുട്ടികള്‍ കൂടി മുമ്പോട്ട് വരണം, തുറന്നുപറയണം, നീതി നേടിയെടുക്കണം എന്നാണ് എനിക്ക് പറയാനുള്ളത്.
രാഹുലിന്റെ പേര് പറയാതെ അയാളില്‍ നിന്നുണ്ടായ ഒരു മോശം അനുഭവം വെളിപ്പെടുത്തിയതിന്റെ പേരില്‍ അതിഭീകരമായ സൈബര്‍ അറ്റാക്കാണ് എനിക്ക് നേരിടേണ്ടി വന്നിട്ടുള്ളത്. ഇപ്പോഴും എന്റെ അമ്മയ്‌ക്കെതിരെ പോലും മോശം പ്രയോഗങ്ങള്‍ ആളുകള്‍ നടത്തുന്നുണ്ട്.
ഇതെല്ലാം സ്ത്രീകളെ സംബന്ധിച്ച് അവര്‍ക്കുണ്ടായ വേദന തുറന്നുപറയാനും നിയമനടപടിയുമായി മുമ്പോട്ട് പോകാനും സാധിക്കാത്ത വിധത്തിലാണ് സാഹചര്യങ്ങളെല്ലാം. അതിജീവിതകളെയും ഇരകളെയും സോഷ്യല്‍ മീഡിയയില്‍ അപമാനിക്കുന്നതില്‍ സോഷ്യല്‍ മീഡയയില്‍ കൃത്യമായ ഒരു നിയന്ത്രണം വേണം,’ റിനി ആന്‍ ജോണ്‍ പറഞ്ഞു.
സെക്രട്ടറിയേറ്റില്‍ കുടുംബാഗങ്ങള്‍ക്കൊപ്പം നേരിട്ടെത്തിയാണ് അതിജീവിത രാഹുലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചു കൊണ്ടാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയെന്നാണ് പരാതിയിലുള്ളത്. രാഹുലിനെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
മുഖ്യമന്ത്രി ഈ പരാതി പൊലീസ് മേധാവിക്കും, പൊലീസ് മേധാവി അന്വേഷണ സംഘത്തിനും കൈമാറും.
വിവാഹ വാഗ്ദാനം നല്‍കി ലൈംഗികചൂഷണം നടത്തുകയും, പിന്നീട് ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്തു എന്നതുള്‍പ്പെടെ ഗുരുതര ആരോപണങ്ങളാണ് യുവതിയുടെ പരാതിയിലുള്ളത്.
തനിക്കെതിരെ വ്യക്തിഹത്യ നടക്കുന്നതായും യുവതി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.
യുവതിക്കും ഗര്‍ഭസ്ഥശിശുവിനും നേരെ മാങ്കൂട്ടത്തില്‍ കൊലവിളി നടത്തുന്നതിന്റെയും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്യുന്നതിന്റെ വാട്‌സ്ആപ്പ് ചാറ്റുകളും ശബ്ദരേഖകളും നേരത്തെ പുറത്തുവന്നിരുന്നു.
ഈ ശബ്ദരേഖയുടെയും ചാറ്റുകളുടെയും അടിസ്ഥാനത്തില്‍ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അഞ്ചുപേര്‍ ഇ മെയില്‍ വഴി പൊലീസ് ആസ്ഥാനത്തേക്ക് അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
Content Highlight: Rini Ann John responded to the woman’s complaint to the Chief Minister against MLA Rahul Mankootathil.