ഒരാളുടെ പേരെടുത്ത് പറഞ്ഞ് അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല, ഇതൊരു പോരാട്ടമാണ്: റിനി ആന്‍ ജോര്‍ജ്
Kerala
ഒരാളുടെ പേരെടുത്ത് പറഞ്ഞ് അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല, ഇതൊരു പോരാട്ടമാണ്: റിനി ആന്‍ ജോര്‍ജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st August 2025, 2:26 pm

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ മാധ്യമങ്ങളെ കണ്ട് യുവനടിയും മാധ്യമപ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജ്. സ്ത്രീകള്‍ ഇത്തരത്തില്‍ മുന്നോട്ടുവരുമ്പോള്‍ അതിന്റെ സത്യാവസ്ഥ മനസിലാക്കണമെന്നും സമൂഹം അത് ഏറ്റെടുക്കണമെന്നും റിനി പറഞ്ഞു. താന്‍ മുന്നോട്ട് വന്ന സമയത്ത് പല പേരുകളില്‍ തന്നെ അധിക്ഷേപിച്ചെന്നും റിനി ആന്‍ കൂട്ടിച്ചേര്‍ത്തു.

പിന്നീട് പലരും പരാതിയുമായി വന്നത് അവര്‍ കണ്ടെന്നും ഏതെങ്കിലും പാര്‍ട്ടി സ്‌പോണ്‍സര്‍ ചെയ്തതല്ലെന്ന് മനസിലായെന്നും യുവനടി പറയുന്നു. വ്യക്തിപരമായി ആരുടെയും പേരെടുത്ത് പറയാനോ പ്രസ്ഥാനങ്ങളുടെ പേര് പറയാനോ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും റിനി പറഞ്ഞു. ആ രീതിയില്‍ പോകാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അവര്‍ പറയുന്നു.

‘എന്റെ യുദ്ധം ഒരു വ്യക്തിയോടുള്ളതല്ല. സമൂഹത്തില്‍ നടക്കുന്ന തെറ്റായ പ്രവണതകളോടാണ്. രാഷ്ട്രീയനേതാവ് എങ്ങനെയായിരിക്കണമെന്ന് മാത്രമാണ് എന്റെ വിഷയം. സത്യം പറഞ്ഞാല്‍ ഇത്രയും പ്രശ്‌നങ്ങളുണ്ടായതില്‍ ദുഖവുമുണ്ട്,’ റിനി ആന്‍ ജോര്‍ജ് പറയുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിയിലും തന്റെ നിലപാട് വ്യക്തമാക്കി. ആ പ്രസ്ഥാനാണ് അത്തരം കാര്യങ്ങള്‍ തീരുമാനിക്കേണ്ടതെന്ന് റിനി പറയുന്നു. അതിനകത്ത് തനിക്ക് വ്യക്തിപരമായ യാതൊരു ആഗ്രഹവുമില്ലെന്നും ഈ പറയുന്ന വ്യക്തി ഇനിയെങ്കിലും സ്വയം നവീകരിക്കപ്പെടണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരു നല്ല സുഹൃത്തായി തന്നെയാണ് താന്‍ അയാളെ കാണുന്നതെന്നും റിനി പറഞ്ഞു.

സമൂഹത്തില്‍ രാഷ്ട്രീയനേതാക്കള്‍ നല്ല വഴിക്ക് പോകണമെന്നാണ് തന്റെ ഉദ്ദേശമെന്നും അവര്‍ പറഞ്ഞു. വാര്‍ത്തകളില്‍ വരുന്ന ഓഡിയോ ക്ലിപ്പുകള്‍ ഗുരുതരമായ ആരോപണമാണെന്നും അതെല്ലാം കൃത്യമായി അന്വേഷിക്കണമെന്നും റിനി ആവശ്യപ്പെട്ടു. അത്തരം ആരോപണങ്ങള്‍ വെച്ച് നോക്കുമ്പോള്‍ തന്റേത് അത്ര ഗുരുതരമല്ലെന്നും അവര്‍ പറഞ്ഞു.

തന്റെ ഭാഗത്താണ് ശരിയെങ്കില്‍ അത് കാലം തെളിയിക്കുമെന്നും പ്രധാനപ്പെട്ട ഒരു നേതാവിനെക്കുറിച്ച് വരുന്ന കാര്യങ്ങള്‍ അന്വേഷിക്കണമെന്നും റിനി കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തിയതെന്നും അത് തന്റെ ദൗത്യമാണെന്നും അവര്‍ പറഞ്ഞു. സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങളെ മറക്കാന്‍ വേണ്ടിയല്ല ഇതെന്നും റിനി പറയുന്നു.

‘അയാള്‍ മിസ്റ്റര്‍ ക്ലീനാണെന്ന് പറയാനല്ലേ സാധിക്കുള്ളൂ. എന്താണ് അയാളുടെ ആറ്റിറ്റിയൂഡെന്ന് അറിയാവുന്നതല്ലേ. ‘ഹൂ കെയേഴ്‌സ്’ എന്നല്ലേ അയാളുടെ ആറ്റിറ്റിയൂഡ്. ഒരു വ്യക്തിയുടെ പേരെടുത്ത് പറഞ്ഞ് അയാളെ അധിക്ഷേപിക്കാന്‍ ഞാന്‍ ഇപ്പോഴും ഉദ്ദേശിക്കുന്നില്ല. എന്റെ ഭാഗമാണ് ശരിയെന്ന് ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നു,’ റിനി ആന്‍ ജോര്‍ജ് പറഞ്ഞു.

Content Highlight: Rini Ann George’s reply to media after Rahul Mamkoottathil’s resignation