ഡബ്ല്യു.സി.സിയിലും പ്രശ്‌നങ്ങളുണ്ട്; ശക്തമായ അഭിപ്രായങ്ങളുള്ള, സ്വന്തം കാലില്‍ നില്‍ക്കുന്ന സ്ത്രീകള്‍ ഒരുമിച്ച് വരുമ്പോള്‍ അത് സംഭവിക്കും: റിമ കല്ലിങ്കല്‍
ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് റിമ കല്ലിങ്കല്‍. പിന്നീട് മികച്ച സിനിമകളുടെ ഭാഗമാകാന്‍ റിമക്ക് കഴിഞ്ഞിട്ടുണ്ട്. സിനിമകള്‍ക്കൊപ്പം തന്റെ രാഷ്ട്രീയ നിലപാട് കൊണ്ടും പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുള്ള റിമ ഡബ്ല്യുസി.സിയിലെ ഒരു അംഗം കൂടിയാണ്.
ഇപ്പോള്‍ ഡബ്ല്യു.സി.സിയെ കുറിച്ച് സംസാരിക്കുകയാണ് നടി. എല്ലായിടത്തയും പോലെ ഡബ്ല്യു.സി.സിയിലും പ്രശ്‌നങ്ങളുണ്ടെന്ന് റിമ പറയുന്നു.
‘ശക്തമായ, അഭിപ്രായങ്ങളുള്ള, സ്വന്തം കാലില്‍ നില്‍ക്കുന്ന സ്ത്രീകള്‍ ഒരുമിച്ച് വരുമ്പോള്‍ തീര്‍ച്ചയായും അഭിപ്രായവ്യത്യാസം വരുമെന്നുറപ്പല്ലേ. പക്ഷേ ഒരുപാട് പ്രശ്‌നങ്ങള്‍ക്കിടയിലും ഞങ്ങള്‍ സമവായം ഉണ്ടാക്കിയിട്ടുണ്ട്. ആ സാഹോദര്യം എനിക്ക് കിട്ടിയത് ഡബ്ല്യു.സി സിയില്‍ നിന്നാണ്. അല്ലെങ്കില്‍ സിനിമാ രംഗം നിങ്ങളെ പലരീതിയില്‍ ഒറ്റപ്പെടുത്തും,’ റിമ പറഞ്ഞു.
A.M.M.A ക്ക് വനിതാ പ്രസിഡന്റ് ആയി ശ്വേത മേനോന്‍ വന്നു. നിങ്ങള്‍ തിരികെ സംഘടനയിലേക്ക് വരുമോ എന്ന ചോദ്യത്തോടും നടി പ്രതികരിച്ചു. അതിന്റെ ആവശ്യമില്ലെന്നാണ് തോന്നുന്നതെന്നും അവിടെ ആവശ്യത്തിന് ആളുണ്ടല്ലോയെന്നും റിമ പറയുന്നു. ശ്വേത മേനോന്‍ പ്രത്യേകതയുള്ള സ്ത്രീയാണെന്നും സംഘടനയില്‍ അവര്‍ക്കെന്ത് ചെയ്യാനാകുമെന്ന് കണ്ടു തന്നെ അറിയാമെന്നും റിമ കൂട്ടിച്ചേര്‍ത്തു.
റിമ കല്ലിങ്കലിനെ പ്രധാനകഥാപാത്രമാക്കി സജിന്‍ ബാബു സംവിധാനം ചെയ്ത ചിത്രമാണ് തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി. സിനിമയിലെ പ്രകടനത്തിന് റിമക്ക് മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്സിന്റെ അവാര്‍ഡ് ലഭിച്ചിരുന്നു. അഞ്ജന ടാക്കീസിന്റെ ബാനറില്‍ അഞ്ജന ഫിലിപ്പും ഫിലിപ്പ് സക്കറിയയും ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്ത് വന്നിരുന്നു. സിനിമ ഒക്ടോബര്‍ 16 മുതല്‍ തിയേറ്ററുകളിലെത്തും.
Content highlight: Rima kallinkal is talking about WCC