പല കാര്യങ്ങളിലും പ്രതികരിച്ചിട്ടും മാറ്റമൊന്നുമില്ല എന്ന് നിരാശപ്പെട്ടിട്ടുണ്ടെന്ന് നടി റിമ കല്ലിങ്കല്‍. എന്നാല്‍ ആ തോന്നലുകള്‍ തെറ്റാണെന്ന് കാലം തെളിയിച്ചുവെന്നും ഇപ്പോള്‍ മാറ്റം ഉണ്ടാവുന്നുണ്ടെന്നും റിമ പറയുന്നു. വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘പൊളിറ്റിക്കല്‍ കറക്ടനസ്, സ്ത്രീ സുരക്ഷിതത്വം തുടങ്ങി ഞങ്ങള്‍ പറഞ്ഞ ഒരുപാട് കാര്യങ്ങള്‍ തിരിച്ചറിയുന്ന തലമുറ ഉണ്ടായി. ഒരുപോലെ ചിന്തിക്കുന്നവരുടെ കുട്ടായ്മ ഉണ്ടായി. സിനിമ എന്ന മീഡിയത്തിന്റെ ശക്തികൊണ്ടാവാം വളരെ പെട്ടെന്ന് ആളുകളുടെ മനസിലേക്ക് എത്തിയത്. പ്രതികരിക്കുന്നതുകൊണ്ട് അവസരങ്ങള്‍ നഷ്ടമാവുന്നതില്‍ സങ്കടമല്ല. പക്ഷേ, അഭിനയിക്കാനും സിനിമയുടെ ഭാഗമാകാനുമൊക്കെ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍,’റിമ പറയുന്നു.
ഡബ്ല്യൂ.സി.സിയിലുള്ള നടിമാര്‍ക്കൊപ്പം സിനിമ ചെയ്യില്ലെന്ന് പറയുന്ന പ്രൊഡ്യൂസര്‍മാരെ തനിക്കറിയാമെന്നും തങ്ങള്‍ പ്രശ്‌നക്കാരാണെന്ന് തന്റെ മുഖത്ത് നോക്കി പറഞ്ഞവരുണ്ടെന്നും നടി പറഞ്ഞു. പലരുടെയും മനസ് മാറ്റാനായിട്ടില്ലെങ്കിലും ഒരു ചെറിയ വെളിച്ചം കൊളുത്തി വയ്ക്കാനായെന്നും റിമ കൂട്ടിച്ചേര്‍ത്തു.
‘കലയ്ക്ക് അപ്പുറം മറ്റൊരു പരിപാടിയും എനിക്ക് സന്തോഷം തരുമെന്ന് തോന്നുന്നില്ല. അത് ഡാന്‍സായാലും അഭിനയമായാലും. സിനിമയുമായി ബന്ധപ്പെട്ട് എന്ത് തന്നെയായാലും അതിനപ്പുറം ഒരു പ്ലാന്‍ ബി എനിക്കില്ല. നിര്‍മാതാവോ സംവിധായികയോ തിരക്കഥാകൃത്തോ എന്തുമാവാം. സംവിധാനത്തിനായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നെപ്പോലുള്ള സ്ത്രീകളുടെ കഥകളാണ് എനിക്ക് പറയാനുള്ളത്,’ റിമ പറഞ്ഞു.
ഋതു എന്ന ചിത്രത്തിലൂടെ കരിയര്‍ തുടങ്ങിയ റിമക്ക് പിന്നീട് മികച്ച സിനിമകളുടെ ഭാഗമാകാന്‍ കഴിഞ്ഞിട്ടുണ്ട്. സിനിമകള്‍ക്കൊപ്പം തന്റെ രാഷ്ട്രീയ നിലപാട് കൊണ്ടും പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുള്ള റിമ ഡബ്ല്യു.സി.സിയിലെ ഒരു അംഗം കൂടിയാണ്. സജിന്‍ ബാബുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തിയേറ്റര്‍ ദി മിത്ത് ഓഫ് റിയാലിറ്റിയാണ് റിമയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
Content highlight: Rima Kallingal says that despite responding, it seemed that nothing had changed, but now changes have occurred