ഫിഷ് ഫ്രൈ ഇപ്പോള്‍ ഒരു മെറ്റഫറായി ഉപയോഗിക്കുന്നു; ഇതില്‍ കൂടുതലൊന്നും നമുക്ക് ലോകം മാറ്റാന്‍ പറ്റില്ല: റിമ കല്ലിങ്കല്‍
Malayalam Cinema
ഫിഷ് ഫ്രൈ ഇപ്പോള്‍ ഒരു മെറ്റഫറായി ഉപയോഗിക്കുന്നു; ഇതില്‍ കൂടുതലൊന്നും നമുക്ക് ലോകം മാറ്റാന്‍ പറ്റില്ല: റിമ കല്ലിങ്കല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 6th October 2025, 11:57 am

ഫിഷ് ഫ്രൈ ഇപ്പോള്‍ ഒരു മെറ്റഫറായി എല്ലാവരും ഉപയോഗിക്കുന്നുണ്ടെന്ന് നടി റിമ കല്ലിങ്കല്‍. ഒരു പൊരിച്ച മീനിന്റെ ഉദാഹരണത്തോടെ സ്വന്തം വീടുകളില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന വിവേചനങ്ങളെ പറ്റി റിമ തുറന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ താരം സാമൂഹ മാധ്യമങ്ങളില്‍ നിരവധി വിമര്‍ശനങ്ങളും പരിഹാസങ്ങളും നേരിട്ടിരുന്നു. 2018ല്‍ ടെഡക്‌സിന് നല്‍കിയ അഭിമുഖത്തിലാണ് റിമ ഈ കാര്യം പറഞ്ഞത്.

ഇപ്പോള്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് കേരളയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പൊരിച്ച മീനിന്റെ കാര്യം പറഞ്ഞതിന് നന്ദി ചേച്ചിയെന്ന് പറഞ്ഞ് ഒരുപാട് പെണ്‍കുട്ടികള്‍ തന്റെയടുത്ത് വരാറുണ്ടെന്ന് നടി പറയുന്നു. വീട്ടുകാരെ ട്രോളിയിട്ടാണെങ്കിലും ഞാന്‍ എന്റെ ഫിഷ് ഫ്രൈ ഇപ്പോള്‍ ചോദിക്കാറുണ്ടെന്ന് പെണ്‍കുട്ടികള്‍ പറയാറുണ്ടെന്നും റിമ പറഞ്ഞു.

‘അങ്ങനെ കാര്യങ്ങള്‍ പറയാന്‍ അവര്‍ക്ക് ഫിഷ് ഫ്രൈ എന്നൊരു മെറ്റഫര്‍ ഉണ്ടായി എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എല്ലാവര്‍ക്കും അങ്ങനെയാകണമെന്നില്ല എന്നെ സംബന്ധിച്ച് അത് പ്രധാനപ്പെട്ട കാര്യമാണ്. അത് മതി, അതിലും കൂടുതല്‍ നമുക്ക് ലോകം മാറ്റാന്‍ പറ്റില്ല.

എനിക്കങ്ങനൊരു കാര്യം കമ്മ്യുണിക്കേറ്റ് ചെയ്യാനുള്ള പ്ലാറ്റ്‌ഫോം കിട്ടി, ഒരു പ്ലാനിങ്ങുമില്ലാതെ ഒന്നും ചെയ്യാതെ ജീവിതം എനിക്ക് തന്നിട്ടുള്ളതാണ് ഈ പ്ലാറ്റ്‌ഫോം. അതിലൂടെ എനിക്കിത് പറയാന്‍ പറ്റി. അതിനി നിങ്ങള്‍ എങ്ങോട്ടെന്ന് വെച്ചാല്‍ കൊണ്ടുപോയിക്കോളു. അത് നിങ്ങള്‍ക്ക് ട്രോള്‍ ചെയ്യണോ, ട്രോള്‍ ചെയ്‌തോളൂ. ഇനി വേറാര്‍ക്കെങ്കിലും മറ്റ് രീതിയില്‍ ആ സ്റ്റേറ്റ്‌മെന്റ് ഉപയോഗിക്കണമെങ്കില്‍ ഉപയോഗിച്ചോളൂ. ഞാന്‍ പറയാന്‍ ഉള്ളത് പറഞ്ഞു,’ റിമ പറഞ്ഞു.

Content highlight: Rima Kallingal says her fish fry statement is now being used as a metaphor