ഒരേ തരത്തിലുള്ള വേഷങ്ങള്‍ മാത്രം ചെയ്യാതെ വ്യത്യസ്തമായിട്ടുള്ള റോളുകള്‍ ചെയ്യാന്‍ താത്പര്യമുണ്ടെന്ന് പറയുകയാണ് റിമ കല്ലിങ്കല്‍. കരിയറിന്റെ തുടക്കത്തില്‍ കോമഡി വേഷങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ഇപ്പോഴും അത്തരം റോളുകള്‍ കിട്ടണമെന്ന് ആഗ്രഹമുണ്ടെന്നും താരം പറഞ്ഞു. സിനിമയിലേക്ക് വന്ന സമയത്ത് ആ സമയത്തെ ഫ്‌ളോയില്‍ മുന്നോട്ടുപോവുകയായിരുന്നെന്നും റിമ കൂട്ടിച്ചേര്‍ത്തു.
സംവിധായകന്‍ എന്താണോ പറയുന്നത്, അതുപോലെ പെര്‍ഫോം ചെയ്യുകയും അതിന്റെ ഫീഡ്ബാക്കിനനുസരിച്ച് മുന്നോട്ടു പോവുകയുമായിരുന്നെന്നും താരം പറയുന്നു. ആ സമയത്തെ ഇമോഷണല്‍ ഐ.ക്യുവും ഡാന്‍സില്‍ നിന്ന് ലഭിച്ച ബാക്ക്ഗ്രൗണ്ടും തന്നെ സഹായിച്ചിട്ടുണ്ടെന്നും റിമ പറഞ്ഞു. ഫില്‍മിഹുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് റിമ ഇക്കാര്യം പറഞ്ഞത്.
‘ഓരോ തവണയും പഴയതിനെക്കാള്‍ ഇംപ്രൂവ് ചെയ്ത് മുന്നോട്ടുപോകാന്‍ ശ്രമിക്കാറുണ്ട്. മമ്മൂക്ക പറയുന്നതുപോലെ എല്ലാ തവണയും തേച്ച് മിനുക്കി തന്നെയാണ് മുന്നോട്ടുപോകുന്നത്. പക്ഷേ, അതിനനുസരിച്ച് അവസരങ്ങള്‍ കിട്ടാറില്ല. മമ്മൂക്കക്ക് കിട്ടുന്നതുപോലുള്ള പടങ്ങള്‍ ഞങ്ങള്‍ക്ക് കിട്ടുന്നില്ല. അദ്ദേഹത്തിന് ഒരു സിനിമ കഴിയുമ്പോഴേക്ക് അടുത്തത് കിട്ടുന്നുണ്ട്.
പിന്നെ സ്വന്തം പെര്‍ഫോമന്‍സ് നല്ലതാക്കാനും അതിനെ വിലയിരുത്താനുമുള്ള ഏറ്റവും നല്ല മാര്‍ഗം ഓഡിഷനുകളാണ്. ഇപ്പോഴും ഓഡിഷനുണ്ടെന്ന് കേട്ടാല്‍ ഞാന്‍ പോകും. ‘ഇപ്പോള്‍ ഞാന്‍ സീനിയര്‍ നടിയായി, ഇനി ഓഡിഷനൊന്നും പോകേണ്ട ആവശ്യമില്ല’ എന്ന തോന്നല്‍ ഉണ്ടാകാന്‍ പാടില്ല. കാരണം, പുതിയ ആളുകളില്‍ നിന്ന് പഠിക്കാനുള്ള ഒരു അവസരം കൂടിയാണ് ഓഡിഷനുകള്‍.
അതുമാത്രമല്ല, ആദ്യത്തെ കുറച്ച് സിനിമയില്‍ ഓഡിയന്‍സ് നമ്മളെ കണ്ടിട്ട് നമ്മുടെ മാനിറസവും മോഡുലേഷനുമെല്ലാം കൃത്യമായിട്ട് മനസിലാക്കും. പിന്നീട് അത് ആവര്‍ത്തിക്കാതിരിക്കുകയും പുതിയത് അവര്‍ക്ക് കൊടുക്കുകയും വേണം. അല്ലെങ്കില്‍ ആളുകള്‍ക്ക് ചെറിയ ബോറഡിയുണ്ടാകും. ആദ്യകാലഘട്ടത്തില്‍ ഞാന്‍ അതൊന്നും ചെയ്തിരുന്നില്ല. പിന്നീട് സ്വയം മനസിലാക്കുകയായിരുന്നു’ റിമ കല്ലിങ്കല്‍ പറയുന്നു.
സ്വന്തം ജീവിതത്തിലെ അനുഭവങ്ങളില്‍ നിന്നും ചുറ്റുമുള്ള അനുഭവങ്ങളില്‍ നിന്നുമെല്ലാം താന്‍ പഠിക്കാന്‍ ശ്രമിച്ചെന്നും ആക്ടിങ് ക്ലാസുകളിലേക്ക് പോയിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. മുംബൈയിലെല്ലാം താന്‍ പല ആക്ടിങ് കോഴ്‌സുകള്‍ക്ക് പോയിരുന്നെന്നും താരം പറഞ്ഞു. നവരസ സാധന എന്ന പ്രോഗ്രാം തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും അത് ഒരുപാട് മാറ്റങ്ങള്‍ സമ്മാനിച്ചെന്നും റിമ പറയുന്നു.
Content Highlight: Rima Kallingal saying she still attends acting classes for improving herself