കല്യാണത്തിന് ശേഷം മതം മാറുമോ എന്നാണ് ആ മാധ്യമപ്രവര്‍ത്തകന്‍ അന്ന് എന്നോട് ചോദിച്ചത്: റിമ കല്ലിങ്കല്‍
Malayalam Cinema
കല്യാണത്തിന് ശേഷം മതം മാറുമോ എന്നാണ് ആ മാധ്യമപ്രവര്‍ത്തകന്‍ അന്ന് എന്നോട് ചോദിച്ചത്: റിമ കല്ലിങ്കല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 9th October 2025, 10:07 pm

ഋതുവിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് റിമ കല്ലിങ്കല്‍. ആദ്യചിത്രത്തിലെ പ്രകടനം കൊണ്ടുതന്നെ റിമ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് വളരെ വേഗത്തില്‍ മലയാളത്തില്‍ തന്റേതായ സ്ഥാനം നേടാന്‍ താരത്തിന് സാധിച്ചു. സിനിമകള്‍ക്കൊപ്പം തന്റെ രാഷ്ട്രീയ നിലപാട് കൊണ്ടും പലപ്പോഴും റിമ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.

മലയാളത്തിലെ മികച്ച സംവിധായകരിലൊരാളായ ആഷിക് അബുവാണ് റിമയുടെ പങ്കാളി. വിവാഹശേഷം പല നടിമാരും കേള്‍ക്കാറുള്ള സ്ഥിരം ചോദ്യങ്ങള്‍ തന്നെ ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് റിമ കല്ലിങ്കല്‍. താന്‍ അത്തരം ചോദ്യങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും ഒരുപാട് തവണ അതിനുള്ള മറുപടി നല്‍കിയിട്ടുണ്ടായിരുന്നെന്നും റിമ പറഞ്ഞു.

‘അത്തരം ചോദ്യങ്ങള്‍ എന്നെ ബാധിക്കാറുണ്ട്. എന്തിനേറെ, ഞങ്ങള്‍ കല്യാണം കഴിക്കാന്‍ പോകുന്ന സമയത്ത് ഒരു ഇവന്റില്‍ ഒന്നിച്ച് പങ്കെടുത്തിട്ടുണ്ടായിരുന്നു. അന്ന് മീഡിയയിലെ ഒരാള്‍ എന്നോട് ചോദിച്ചത് ഇപ്പോഴും ഓര്‍മയുണ്ട്. ‘കല്യാണം കഴിഞ്ഞാല്‍ റിമ മതം മാറുമോ’ എന്നായിരുന്നു ചോദ്യം. ഇവിടെ ഉള്ള മതം എങ്ങനെ കളയുമെന്ന് ആലോചിച്ച് ഇരിക്കുമ്പോഴാണ് അടുത്ത മതത്തിലേക്ക് മാറേണ്ടത് എന്ന് തിരിച്ചു ചോദിച്ചു.

ഒരു സ്ത്രീക്ക് വിവാഹം കഴിഞ്ഞാല്‍ നേരിടേണ്ടി വരുന്ന ഒരുപാട് പ്രശ്‌നങ്ങള്‍ കാലങ്ങളായി നമ്മുടെ സമൂഹത്തിലുണ്ട്. അത് ആര്‍ക്കും അത്ര പെട്ടെന്ന് ദൃശ്യമാകില്ല. അങ്ങനെയൊന്നും ഇല്ലെന്ന് പറഞ്ഞ് വലിയൊരു പ്രശ്‌നത്തെ ഇല്ലാതാക്കുകയാണ്. നമ്മള്‍ എപ്പോഴും ബോക്‌സ്ഡ് ചെയ്യപ്പെടാറുണ്ട്. ഒന്നോ രണ്ടോ പേര്‍ അതിനെതിരെ പ്രവര്‍ത്തിച്ച് മുന്നോട്ടു വരുന്നതിനെ മാത്രം ചിലര്‍ ഉയര്‍ത്തിക്കാണിക്കും.

‘കരീന കപൂര്‍ വിവാഹത്തിന് ശേഷം അഭിനയിക്കുന്നില്ലേ’ എന്ന് ചിലര്‍ പറയുന്നത് കേള്‍ക്കാം. വിവാഹത്തിന് ശേഷവും അഭിനയം തുടരാന്‍ കഴിയുന്ന ഒരു ചുറ്റുപാടുള്ളതുകൊണ്ടാണ് കരീനക്ക് അത് സാധ്യമായത്. സിനിമാമേഖല എടുക്കണ്ട, ബാക്കി ഏതൊക്കെ ഫീല്‍ഡില്‍ വിവാഹശേഷം സ്ത്രീകള്‍ തുടരുന്നുണ്ടെന്ന് നോക്കിയാല്‍ വ്യത്യാസം മനസിലാകും.

എന്നെപ്പോലെയാണ് ആഷിക്കിന്റെ കാര്യവും. അയാളും സിനിമയില്‍ നിന്നുള്ള ആളാണ്. അപ്പോള്‍ ആഷിക്കിന്റെ പടം മാത്രമേ ഞാന്‍ ചെയ്യുള്ളൂ എന്ന് ആരൊക്കെയോ ധരിച്ച് വെച്ചിരിക്കുകയാണ്. ‘മാഡം പുറത്ത് പടമൊക്കെ ചെയ്യുമോ’ എന്ന് എന്നോട് ചിലര്‍ ചോദിക്കാറുണ്ട്. എനിക്ക് അത് വലിയൊരു ഇഷ്യൂ ആയിരുന്നു. എന്റെ ഐഡന്റിറ്റിയുടെ പ്രശ്‌നമായിരുന്നു അത്’ റിമ കല്ലിങ്കല്‍ പറഞ്ഞു.

Content Highlight: Rima Kallingal about the frequent questions she facing after marriage