'അവന്റെ അസ്ഥികളെ പുഴുക്കള്‍ തിന്നുതീര്‍ത്തു'; വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ വലതുപക്ഷ പ്രഭാഷകന്‍ അറസ്റ്റില്‍
India
'അവന്റെ അസ്ഥികളെ പുഴുക്കള്‍ തിന്നുതീര്‍ത്തു'; വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ വലതുപക്ഷ പ്രഭാഷകന്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th April 2026, 10:57 am

പനാജി: വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെതിരെ അധിക്ഷേപകരവും വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ നടത്തിയ വലതുപക്ഷ പ്രഭാഷകന്‍ ഗൗതം ഖട്ടര്‍ അറസ്റ്റില്‍. ഗോവ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയതിന് പിന്നാലെ ഇന്നലെ വൈകുന്നേരം ഹിമാചല്‍ പ്രദേശിലെ കുളുവില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

സോഷ്യല്‍ മീഡിയയില്‍ ‘സ്പിരിച്വല്‍ ബീറ്റ് ജേണലിസ്റ്റ്’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഖട്ടറിനെ ഗോവ ക്രൈംബ്രാഞ്ച് ഉടന്‍ തന്നെ സംസ്ഥാനത്ത് എത്തിക്കും.

കഴിഞ്ഞ ഏപ്രില്‍ 18 ശനിയാഴ്ച ദക്ഷിണ ഗോവയിലെ വാസ്‌കോയില്‍ സനാതന്‍ ധര്‍മ്മ രക്ഷാ സമിതി മോര്‍മുഗാവോ സംഘടിപ്പിച്ച ‘ഭഗവാന്‍ പരശുരാമ ജന്മോത്സവ്’ പരിപാടിക്കിടെയായിരുന്നു ഖട്ടറിന്റെ വിവാദ പ്രസംഗം.

സ്വാമി ബ്രഹ്‌മേശാനന്ദ്, സംസ്ഥാന ഗതാഗത മന്ത്രി മൗവിന്‍ ഗോഡിഞ്ഞോ, ബി.ജെ.പി എം.എല്‍.എമാരായ സങ്കുല്‍പ് അമോങ്കര്‍, ദാജി (കൃഷ്ണ) സല്‍ക്കര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സനാതന്‍ മഹാസംഘ് സ്ഥാപകന്‍ കൂടിയായ ഗൗതം ഖട്ടര്‍ കത്തോലിക്കാ മിഷനറി കൂടിയായ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെതിരെ രൂക്ഷ പരാമര്‍ശം നടത്തിയത്.

പതിനാറാം നൂറ്റാണ്ടിലെ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറെ ‘ഭീകരനും ക്രൂരനുമായ ഭരണാധികാരി’ എന്ന് വിശേഷിപ്പിച്ച ഖട്ടര്‍, തീവ്രമായ ഭാഷയിലാണ് അദ്ദേഹത്തെ അധിക്ഷേപിച്ചത്.

‘അവന്റെ ശരീരത്തില്‍ പുഴുക്കള്‍ അരിച്ചു. ആത്മാവ് ബാക്കിയായില്ല, ശരീരവും ബാക്കിയായില്ല. അവന്റെ അസ്ഥികളെ പുഴുക്കള്‍ തിന്നുതീര്‍ത്ത് കഷണങ്ങളാക്കി മാറ്റി’ എന്നായിരുന്നു ഖട്ടറുടെ പരാമര്‍ശം. ഹിന്ദുക്കളെ ക്രിസ്ത്യാനികളാക്കി മാറ്റുക എന്നത് മാത്രമായിരുന്നു സെന്റ് സേവ്യറിന്റെ ലക്ഷ്യമെന്നും, എന്നിട്ടും ലക്ഷക്കണക്കിന് സനാതര്‍ അദ്ദേഹത്തിന്റെ ഉത്സവത്തില്‍ പങ്കെടുത്ത് പ്രാര്‍ത്ഥിക്കുന്നത് എന്തിനാണെന്നും ഖട്ടര്‍ ചോദിച്ചു.

ഓള്‍ഡ് ഗോവയിലുള്ള ബസിലിക്ക ഓഫ് ബോം ജീസസ് പള്ളിയില്‍ സെന്റ് ഫ്രാന്‍സിസ് സേവ്യറിന്റെ ഭൗതികാവശിഷ്ടം നൂറ്റാണ്ടുകളായി കേടുകൂടാതെ സൂക്ഷിച്ചിട്ടുണ്ട് എന്നാണ് വിശ്വാസം. ഈ വിശ്വാസത്തെയും വിശുദ്ധനെയും പരിഹസിക്കാനും അധിക്ഷേപിക്കാനുമാണ് ഗൗതം ഖട്ടര്‍ ഇത്തരമൊരു പ്രസ്താവന നടത്തിയത്. അദ്ദേഹത്തിന്റെ ശരീരം നശിച്ചുപോയെന്നും അവിടെ ഒന്നുമില്ലെന്നും സ്ഥാപിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം.

ഖട്ടറുടെ പ്രസംഗത്തിന്റെ വീഡിയോ വൈറലായതോടെ വിഷയത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്നാണ് മതവികാരം വ്രണപ്പെടുത്തുകയും വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയില്‍ വാസ്‌കോ പൊലീസ് ഇയാള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

ഭാരതീയ ന്യായ സംഹിത (2023) സെക്ഷന്‍ 299 മതവികാരങ്ങളെ മനഃപൂര്‍വം അവഹേളിക്കല്‍,സെക്ഷന്‍ 196 മതത്തിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്ത ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഗൗതം ഖട്ടറുടെ സഹോദരന്‍ മാധവ് ഖട്ടറിനെ നേരത്തെ ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗൗതം നടത്തിയ പ്രസംഗം തയ്യാറാക്കിയത് മാധവാണെന്നും അത് വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് ഇയാളാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മാധവ് നിലവില്‍ റിമാന്‍ഡിലാണ്.

വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെതിരായ പരാമര്‍ശത്തില്‍ ഗോവ സഭയും വിവിധ രാഷ്ട്രീയ നേതാക്കളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ഖട്ടറിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം പരാതികള്‍ ലഭിച്ചിരുന്നു.

മര്‍ഗാവോയില്‍ പ്രതിഷേധക്കാര്‍ മെഴുകുതിരി മാര്‍ച്ച് നടത്തുകയും വെള്ളിയാഴ്ച വൈകുന്നേരത്തിനുള്ളില്‍ ഖട്ടറിന്റെ അറസ്റ്റ് നടന്നില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് സര്‍ക്കാരിന് അന്ത്യശാസനം നല്‍കുകയും ചെയ്തിരുന്നു. ഖട്ടര്‍ നിരുപാധികം മാപ്പ് പറയണമെന്നും ഗോവയില്‍ പ്രവേശിക്കുന്നത് നിരോധിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

പ്രതിഷേധം കനത്തതോടെ പരിപാടി സംഘടിപ്പിച്ച സനാതന്‍ ധര്‍മ്മ രക്ഷാ സമിതി ഖട്ടറെ കയ്യൊഴിഞ്ഞ് രംഗത്തെത്തി. ഗൗതം ഖട്ടര്‍ സര്‍ക്കാരിന്റെ അതിഥിയല്ലെന്നും അദ്ദേഹത്തിന്റെ താമസം സ്വകാര്യമായിരുന്നുവെന്നും സമിതി വ്യക്തമാക്കി.

‘സനാതന ധര്‍മ്മത്തെക്കുറിച്ച് സംസാരിക്കാനാണ് അദ്ദേഹത്തെ ക്ഷണിച്ചത്, അല്ലാതെ വിശുദ്ധനെ അവഹേളിക്കാനല്ല. പ്രസംഗം അതിരുവിടുന്നു എന്ന് കണ്ടപ്പോള്‍ തന്നെ ഇടപെടാന്‍ സമിതി തീരുമാനിച്ചിരുന്നു,’ എന്ന് ധര്‍മ രക്ഷാ സമിതി സംഘാടകര്‍ പറഞ്ഞു.

ഖട്ടറുടെ അഭിപ്രായങ്ങള്‍ വ്യക്തിപരമാണെന്നും ഇതില്‍ വേദനിച്ച ഗോവയിലെ ജനങ്ങളോട് തങ്ങള്‍ ക്ഷമ ചോദിക്കുന്നുവെന്നും സമിതി പ്രസ്താവനയില്‍ അറിയിച്ചു.

ഒളിവിലായിരുന്ന ഖട്ടറെ പിടികൂടാന്‍ ഗോവ പൊലീസ് വിവിധ സംസ്ഥാനങ്ങളില്‍ ക്യാമ്പ് ചെയ്തിരുന്നു. കുളുവില്‍ പിടിയിലായ ഇയാളെ ഗോവയിലെത്തിച്ച് കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ ഗൂഢാലോചനയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരുമെന്ന് ക്രൈംബ്രാഞ്ച് എസ്.പി രാഹുല്‍ ഗുപ്ത അറിയിച്ചു.

Content Highlight: Right-wing speaker Gautam Khattar was arrested for offensive remarks against St Francis Xavier