'മികച്ച നടി ഷംല, നടന്‍ മമ്മൂട്ടി... സിനിമ ഞമ്മക്ക് ഹറാമാണ്' സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ വിദ്വേഷം വിളമ്പി വലത് പ്രൊഫൈലുകള്‍
Kerala
'മികച്ച നടി ഷംല, നടന്‍ മമ്മൂട്ടി... സിനിമ ഞമ്മക്ക് ഹറാമാണ്' സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ വിദ്വേഷം വിളമ്പി വലത് പ്രൊഫൈലുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th November 2025, 2:59 pm

കോഴിക്കോട്: 2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വിദ്വേഷ പ്രചരണവുമായി തീവ്ര വലതുപക്ഷ പ്രൊഫൈലുകള്‍. പുരസ്‌കാരത്തിന് അര്‍ഹരായവര്‍ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘപരിവാര്‍ പ്രൊഫൈലുകള്‍ വിദ്വേഷ പ്രചരണം നടത്തുന്നത്.

തന്റെ ആദ്യ ചിത്രമായ ‘ഫെമിനിച്ചി ഫാത്തിമ’യിലൂടെ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ ഷംല ഹംസയുടെയും ഏഴാം തവണയും മികച്ച നടനുള്ള പുരസ്‌കാരം കരസ്ഥമാക്കിയ മമ്മൂട്ടിയുടേയും അടക്കം പേരെടുത്ത് പറഞ്ഞുകൊണ്ടാണ് പ്രചരണം.

‘മികച്ച നടി
ഷംല ഹംസ
മികച്ച നടന്‍
മമ്മൂട്ടി
പ്രത്യേക ജൂറി പരാമര്‍ശം
ആസിഫ് അലി
മികച്ച സ്വഭാവ നടന്‍
സൗബിന്‍ ഷാഹിര്‍
മികച്ച ഛായാഗ്രഹണം
ഷൈജു ഖാലിദ്
മികച്ച നവാഗത സംവിധായകന്‍
ഫാസില്‍ മുഹമ്മദ്
അല്‍ഹംദുലില്ലാ…
ബല്ലാത്ത ബിസ്മയം….
സിനിമ ഞമ്മക്ക് ഹറാമാണ്,’ എന്നാണ് പ്രതീഷ് വിശ്വനാഥ് എന്നയാള്‍ പ്രതികരിച്ചത്.

ഇന്നലെ (തിങ്കള്‍) പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ മമ്മൂട്ടിയെ ലക്ഷ്യമിട്ട് സൈബര്‍ ഇടങ്ങളില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സംഘപരിവാര്‍ പ്രൊഫൈലുകളില്‍ നിന്നാണ് മമ്മൂട്ടിക്കെതിരായ പോസ്റ്റുകള്‍ ഉയര്‍ന്നത്.

മമ്മൂട്ടിയുടേത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലുപിടിച്ച് വാങ്ങിയ പുരസ്‌കാരമെന്നായിരുന്നു സംഘപരിവാറിന്റെ പ്രചരണം.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വെച്ച് നടന്ന കേരളത്തെ ‘അതിദാരിദ്ര്യമുക്ത സംസ്ഥാന’മായി പ്രഖ്യാപിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പരിപാടിയില്‍ മമ്മൂട്ടി പങ്കെടുത്തിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘപരിവാര്‍ രംഗത്തെത്തിയത്.

എന്നാല്‍ സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുത്ത ശേഷം മമ്മൂട്ടി നടത്തിയ പ്രസംഗം കേട്ടിട്ടുള്ളവര്‍ ഇത്തരം പ്രചരണങ്ങള്‍ക്ക് കൂട്ടുനില്‍ക്കാന്‍ സാധ്യതയില്ലെന്ന് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ആളുകള്‍ പ്രതികരിച്ചു.

നല്ലത് കണ്ടാല്‍ സംഘികളായാലൂം ഫാന്‍സായാലും സമ്മതിച്ചുകൊടുക്കണമെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. പക്ഷേ സംഘികള്‍ക്ക് അതിന് കഴിയണമെന്നില്ലെന്നും ഇക്കൂട്ടര്‍ പറയുന്നു.

‘കേരളം അതിദാരിദ്യത്തില്‍ നിന്ന് മാത്രമാണ് മുക്തമായിരിക്കുന്നത്. ദാരിദ്ര്യം ഇപ്പോഴും നമുക്ക് മുന്നിലുണ്ട്. അതിനെ ഒറ്റക്കെട്ടായി പ്രതിരോധിക്കാം,’ എന്ന മമ്മൂട്ടിയുടെ പരാമര്‍ശം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Content Highlight: Right-wing profiles spread hate in Kerala State Film Awards