സോഷ്യല്‍ മീഡിയ കാലത്തെ വലതുപക്ഷ രാഷ്ട്രീയം
Opinion
സോഷ്യല്‍ മീഡിയ കാലത്തെ വലതുപക്ഷ രാഷ്ട്രീയം
ജയറാം ജനാര്‍ദ്ദനന്‍
Wednesday, 25th April 2018, 4:18 pm

 “Computers can change your life for the better”þ The Hacker Ethic (Steven Levy)

  Donald Trump:”The fact that I have such power in terms of numbers with Facebook, Twitter, Instagram, etc, I think it helped me win all of these races where they”re spending much more money than I spent.”

ഒന്നാമത്തെ പ്രസ്താവന വലിയൊരു പ്രതീക്ഷയും വാഗ്ദാനവും ആണ്. കമ്പ്യൂട്ടറും അനുബന്ധ സേവനങ്ങളും നമ്മുടെ ജീവിതത്തെ, അതിന് മുന്‍പുള്ള തലമുറയിലേതില്‍ നിന്ന്, ഗുണപരമായി മെച്ചമുള്ളതാക്കും എന്നത് ഈ രംഗത്ത് വിപ്ലവകരമായ പല കണ്ടുപിടുത്തങ്ങള്‍ക്കും തുടക്കം കുറിക്കുകയും മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യ്ത ആദ്യ തലമുറ ഹാക്കര്‍മാര്‍ വിശ്വസിച്ചിരുന്നു. ഇതിന്റെ ഭാഗമായി വികസിച്ചു വന്ന വിവര സാങ്കേതിക വിദ്യയുടെയും സേവനങ്ങളുടെയും ഭാഗമായ സോഷ്യല്‍ മീഡിയ ഇന്ന് എവിടെ എത്തിനില്‍ക്കുന്നു എന്നതിന് വലിയ പ്രസക്തിയുണ്ട്.

വലിയ സ്വാതന്ത്ര്യത്തിന്റെയും വിമോചനത്തിന്റെയും പ്രതീക്ഷകള്‍ നല്‍കിക്കൊണ്ട്, വലിയ തോതിലുള്ള വികേന്ദ്രീകരണം മാധ്യമ രംഗത്ത് സാധ്യമാകും എന്ന മട്ടിലുള്ള പ്രതീക്ഷകള്‍ നല്‍കികൊണ്ടാണ് സോഷ്യല്‍ മീഡിയ കടന്നു വന്നത്. തുടക്കത്തില്‍ ആളുകളെ ആവേശഭരിതരാക്കിയതും ഈ സാദ്ധ്യതകള്‍ തന്നെ.

സോഷ്യല്‍ മീഡിയയില്‍ ആര്‍ക്കും വരാം, സെന്‍സര്‍ഷിപ്പ് സാധ്യമല്ല, ഉടനടി പ്രതികരണം സാധ്യമാണ്, മാധ്യമ കുത്തകകളുടെ നിയന്ത്രണത്തിന് പുറത്ത് കടന്നുകൊണ്ടുള്ള അറിവുകളുടെയും വിവരങ്ങളുടെയും പരിധികളില്ലാത്ത വിനിമയം സാധ്യമാണ് തുടങ്ങിയ നിരവധി പ്രതീക്ഷകള്‍ ആളുകളെ ആവേശം കൊള്ളിച്ചിരുന്നു പ്രാരംഭഘട്ടത്തില്‍.മുന്‍പൊന്നും സാധ്യമല്ലാത്ത വിധത്തില്‍ ആളുകളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ തീര്‍ച്ചയായും സോഷ്യല്‍ മീഡിയക്ക് കഴിഞ്ഞിട്ടുണ്ട്.

സ്റ്റീവന്‍ ലെവി

 

പക്ഷെ ഈ വസ്തുത പൂര്‍ണമായും ശരി ആയിരിക്കുമ്പോള്‍ തന്നെ നാം ജീവിച്ചിരിക്കുന്ന കാലഘട്ടത്തില്‍ പ്രശ്‌നരഹിതമായ സാങ്കേതിക വിദ്യയോ സേവനമോ അല്ല സോഷ്യല്‍ മീഡിയ എന്നത്. എന്ന് മാത്രമല്ല സോഷ്യല്‍ മീഡിയയുടെ സാങ്കേതിക സംവിധാനങ്ങള്‍ വര്‍ധിച്ചതോതില്‍ ജനാധിപത്യത്തിന് ഭീക്ഷണി ആയിക്കൊണ്ടിരിക്കുകയുമാണ് എന്നതരത്തില്‍ ഉള്ള ആശങ്കകള്‍ പലകോണില്‍ നിന്നും ഉയര്‍ന്നു വരുന്നുണ്ട്.

സോഷ്യല്‍ മീഡിയയെ കുറിച്ചുള്ള ഒരു പ്രധാന ആരോപണം അത് ആത്യന്തികമായി എക്കോ ചേംബറുകള്‍ രൂപികരിക്കുന്നു എന്നതാണ്. ഒരേപോലെയുള്ള ആളുകളുടെ ഒരേപോലുള്ള അഭിപ്രായങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും തട്ടികളിക്കുന്ന ഒരിടമായി അത് പരിണമിച്ചു കഴിഞ്ഞു.

സമാനമായ സോഷ്യല്‍ ക്ലാസ്സില്‍ നിന്ന് വരുന്ന, സമാനമായ അഭിപ്രായങ്ങളും അഭിരുചികളും ഉള്ള വ്യക്തികള്‍ ചേര്‍ന്നു രൂപീകൃതമാകുന്ന ക്‌ളോസ് ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയയുടെ തുറവിനെ അടച്ചുകളയുന്നു. എതിരഭിപ്രായങ്ങളെ ഫില്‍ട്ടര്‍ ചെയ്ത് ഒഴിവാക്കാനും തടയാനും സോഷ്യല്‍ മീഡിയയില്‍ വളരെ എളുപ്പമാണ്.

നാം കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത് എന്താണോ അത് മാത്രം കേള്‍ക്കാന്‍ സഹായിക്കുന്ന ഒരു സംവിധാനം ജനാധിപത്യത്തെ പുഷ്ടിപ്പെടുത്തും എന്ന് കരുതുക പ്രയാസമായിരിക്കും. പ്രശ്‌നങ്ങളെയും സംഭവങ്ങളെയും കുറിച്ച് ഏകപക്ഷീയമായ അഭിപ്രായങ്ങള്‍ രൂപികരിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ എളുപ്പമാണ്.

ഈ വിധത്തില്‍ ഏകപക്ഷീയമായി രൂപികരിക്കപ്പെടുന്ന ചിന്തകളുടെയും ആശയങ്ങളുടെയും വിനിമയം സാധ്യമാക്കുന്ന ഒരിടമെന്ന നിലയില്‍ സോഷ്യല്‍ മീഡിയ പലപ്പോഴും ജനാധിപത്യത്തെ ഞെരുക്കുകയാണ് ചെയ്യുന്നത്എന്ന് കാണാം. അതുപോലെതന്നെ വ്യക്തികള്‍ക്ക്, തങ്ങള്‍ക്ക് എന്താണോ കാണുകയും കേള്‍ക്കുകയും ചെയ്യേണ്ടത്, അതിനനുസരിച്ചുള്ള ഫില്‍റ്ററുകള്‍ ഉപയോഗിക്കാന്‍ ഇന്റര്‍നെറ്റ് സൗകര്യം നല്‍കുന്നുണ്ട്. അതുകൊണ്ടുള്ള പ്രശ്‌നം എന്താണെന്ന് വെച്ചാല്‍ നമ്മുടെ അഭിരുചിക്കും താല്‍പര്യങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും യോജിച്ച കാര്യങ്ങള്‍ മാത്രമേ നമ്മുടെ മുന്നില്‍ എത്തുകയുള്ളൂ.

 

സോഷ്യല്‍ മീഡിയയിലൂടെ വരുന്ന വിവരങ്ങളുടെ ആധികാരികത എല്ലായിപ്പോഴും ഉറപ്പാക്കാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോ? ഇത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ വ്യാപകമായി തുടങ്ങുന്ന കാലം മുതലുള്ള ആശങ്കയാണ്. എന്നാല്‍ സന്ദേശ സേവനങ്ങള്‍ നല്‍കുന്ന സോഷ്യല മീഡിയ വിഭാഗങ്ങളില്‍ കൂടി വരുന്ന വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്താന്‍ എന്താണ് മാര്‍ഗം? വാട്ട്സ്അപ്പ് പോലുള്ള മെസ്സേജിംഗ് ആപ്പുകള്‍ വഴി പ്രവഹിക്കുന്ന തെറ്റായതോ വളച്ചൊടിക്കപ്പെടുന്നതോ കൃത്രിമമോ ആയ വിവരങ്ങള്‍ ഇന്ന് വലിയ സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

സാമൂഹിക പ്രാധാന്യമുള്ള ക്ഷേമപദ്ധതികള്‍ ഇപ്രകാരം നിക്ഷിപ്ത താല്പര്യക്കാര്‍ക്ക് അട്ടിമറിക്കാന്‍ കഴിയുന്നു. വ്യക്തികളുടെ രാഷ്ട്രീയ തിരഞ്ഞെടുപ്പുകളെ സൂക്ഷ്മമായി മാറ്റിമറിക്കാന്‍ സോഷ്യല്‍ മീഡിയ പ്രചാരണം കാരണമാകും എന്നത് വ്യക്തമായി കഴിഞ്ഞു. വളരെ ചെറിയ മാര്‍ജിനില്‍ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തീരുമാനിക്കപ്പെടുന്ന സ്ഥലങ്ങളില്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് ഫലം നിക്ഷിപ്തതാല്‍പ്പര്യകാര്‍ക്ക് അനുകൂലമായി തിരിക്കാന്‍ കഴിയും എന്നാണിത് സൂചിപ്പിക്കുന്നത്.

കുറച്ച് മാസം മുന്‍പ് പശ്ചിമ ബംഗാളില്‍ ഉണ്ടായ വര്‍ഗീയ കലാപം പൂര്‍ണമായും സോഷ്യല്‍ മീഡിയ സഹായത്തോടെ നടപ്പിലാക്കിയതാണ് എന്ന് ഇന്ന് തെളിഞ്ഞു കഴിഞ്ഞിട്ടുണ്ട്. ബി.ജ.പിയുടെ ഐ.ടി. വിഭാഗവും അവരുടെ സോഷ്യല്‍ മീഡിയ കാലാള്‍പ്പടയും ചേര്‍ന്നാണ് ഇത് സാധിച്ചെടുത്തത്.

സാമൂഹിക മനശാസ്ത്രജ്ഞര്‍ക്ക് ഒരുപക്ഷെ താല്‍പര്യമുള്ള മേഖലയാവും സോഷ്യല്‍ മീഡിയയിലെ ലൈക്കുകള്‍, ഷെയറുകള്‍, റീട്വീറ്റുകള്‍ എന്നിവയൊക്കെ ചേര്‍ന്ന ശ്രിഷ്ടിക്കുന്ന സവിശേഷ മാനസികനിലകള്‍. ഫേസ്ബുക്കില്‍ ഒരാള്‍ ഇടുന്ന പോസ്റ്റ് വളരെയധികം പ്രാവശ്യം ലൈക്ക് ചെയ്യപ്പെട്ടു, അല്ലങ്കില്‍ ഷെയര്‍ ചെയ്യപ്പെട്ടു/റീ ട്വീറ്റ് ചെയ്യപ്പെട്ടു എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? ആ പോസ്റ്റില്‍ എഴുതിയ കാര്യം ശരിയാണ് എന്നോ അതോ ആ അഭിപ്രായം ജനപ്രിയമായ ഒന്നാണ് എന്നോ? സംവരണ വിരുദ്ധത, പ്രകൃതി ചികിത്സ തുടങ്ങിയ വിഷയങ്ങളില്‍ വരുന്ന പോസ്റ്റുകളുടെ ജനപ്രീതി ഉദാഹരണമായി എടുത്ത് പരിശോധിക്കാവുന്നതാണ്.

 

ഏതുവിധത്തിലുമുള്ള അപകടകരമായ/ അശാസ്ത്രീയമായ/ മനുഷ്യ വിരുദ്ധമായ/സ്ത്രീ വിരുദ്ധമായ/ ന്യൂനപക്ഷ വിരുദ്ധമായ പോസ്റ്റിനെയും ഫേക്ക് സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ ഉപയോഗിച്ച് വൈറല്‍ ആക്കാവുന്നതേയുള്ളൂ. ഇത് പലപ്പോഴും ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യമാണ്.

ഒരുപാട് പേര് ഇഷ്ടപ്പെട്ടു എന്നതുകൊണ്ട് മാത്രം പ്രസ്തുത പോസ്റ്റില്‍ പറഞ്ഞ കാര്യം സാധൂകരം അര്‍ഹിക്കുന്ന ഒന്നാക്കണം എന്നില്ല. ജനപ്രീയത മിക്കപ്പോഴും ഉപരിപ്ലവതയുടെയും മുന്‍വിധികളുടെയും ചിറകിലേറിയാണ് മുന്നോട്ട് പോകുക. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റര്‍ ഫോവേഴ്‌സ് നല്ലൊരു ശതമാനവും ഫേക്ക് ആണെന്ന് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

എന്താണിത് സൂചിപ്പിക്കുന്നത്? ധാര്‍മികതക്ക് നിരക്കാത്ത മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ലോകത്തെ ഏറ്റവും വലിയ ജനാതിപത്യ രാജ്യത്തെ പ്രധാനമന്ത്രി തന്റെ അഭിപ്രായങ്ങള്‍ പൊതുസമൂഹത്തിലേക്ക് തള്ളിവിടുന്നു എന്നര്‍ത്ഥം. ഈ സോഷ്യല്‍ മീഡിയ പിന്തുടര്‍ച്ചക്കാര്‍ സൃഷ്ഠിക്കുന്ന ആരവങ്ങക്കിടയില്‍ വിമത സ്വരങ്ങള്‍ എവിടെ മുഴങ്ങാനാണ് ?

തുടക്കത്തില്‍ കൊടുത്തിരിക്കുന്ന ട്രംപിന്റെ പ്രസ്താവന നോക്കുക. ശരിക്കും പറഞ്ഞാല്‍ അമേരിക്കന്‍ രാഷ്ട്രീയ സംവിധാനത്തിന് പുറത്ത് നിന്നിരുന്ന ആളായിരുന്നു ട്രംപ്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായാണ് ജയിച്ചു വന്നതെങ്കിലും അദ്ദേഹത്തിന്റെ വിജയത്തിന് കാരണമായ ഏറ്റവും പ്രധാന ഘടകം റിപ്പബ്ലിക്കന്‍ വോട്ടര്‍മാര്‍ അല്ല.

സോഷ്യല്‍ മീഡിയ ഉപയോഗിച്ച് കൊണ്ടുള്ള രാഷ്ട്രീയമായ മാനിപ്പുലേഷന്‍ ട്രംപിന്റെ വിജയത്തെ സഹായിച്ച ഒരു സുപ്രധാന ഘടകമാണ്. ഉത്തരകൊറിയയേക്കാള്‍ മെച്ചപ്പെട്ട അണുബോംബുകള്‍ തനിക്കുണ്ട് എന്ന് ട്വിറ്ററിലൂടെ വീമ്പിളക്കാന്‍ തയ്യാറുള്ള ആളാണ് ഇപ്പോഴത്തെ അമേരിക്കന്‍ പ്രസിഡന്റ്.

 

തന്റെ കൌബോയ് ബെല്ലിജെറന്‍സ് സ്സോഷ്യല്‍ മീഡിയയിലൂടെ പതിന്മടങ്ങ് ഉറക്കെ മുഴങ്ങുമെന്ന് ട്രംപിന് ഉറപ്പുണ്ട്. ഇത് വ്യക്തമാക്കുന്നത് സോഷ്യല്‍ മീഡിയയുടെ വിനാശകരമായ മുഖമാണ്. ഏതുതരത്തിലുള്ള വെറുപ്പ് ഭാഷണങ്ങളെയും പതിന്മടങ്ങ് ഉച്ചത്തിലാക്കുവാന്‍ സോഷ്യല്‍ മീഡിയക്ക് കഴിയും.

മതന്യൂനപക്ഷങ്ങള്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍, ഭിന്ന വംശജര്‍ എന്നിവരൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വിനിമയം ചെയ്യപ്പെടുന്ന വെറുപ്പിന്റെ ഏറ്റവും വലിയ ഇരകള്‍ ആണ്. സോഷ്യല്‍ മീഡിയയെപ്പറ്റിയുള്ള ഒരു വലിയ തെറ്റിദ്ധാരണയാണ് അതില്‍ വരുന്ന ഒരു ആശയത്തെ നമുക്ക് ആശയപരമായി അവിടെത്തന്നെ പ്രതിരോധിക്കാന്‍ കഴിയും എന്ന്.

കഴിഞ്ഞ ദിവസം ഒരു സംഘപരിവാര്‍ നേതാവ് ഒല ടാക്‌സി സര്‍വീസ് ഒഴിവാക്കാനുള്ള കാരണം പറഞ്ഞ് ചെയ്ത ട്വീറ്റ് നോക്കുക. അയാള്‍ ഓല ടാക്‌സി ബുക്ക് ചെയ്തപ്പോള്‍ കിട്ടിയ വാഹനത്തിന്റെ ഡ്രൈവര്‍ മുസ്‌ലീം ആയിരുന്നതുകൊണ്ട് ആ ട്രിപ്പ് ഒഴിവാക്കി എന്നതാണ് ആ ട്വീറ്റില്‍ പറയുന്നത്.

ഈയൊരു ട്വീറ്റിന്റെ അടിയില്‍ ചെന്ന് അയാളോട് വാദിച്ചു ജയിക്കാമെന്ന് അല്ലങ്കില്‍ അയാളുടെ പ്രവര്‍ത്തിയെ സ്തുതിക്കുന്നവരോട് വാദിച്ച് ജയിക്കാമെന്നത് വെറും വ്യാമോഹമാണ്. ഒന്നുകില്‍ പ്രതിവാദം ഉന്നയിക്കുന്നയാല്‍ ബ്ലോക്ക് ചെയ്യപ്പെടും അല്ലങ്കില്‍ അവിടുത്തെ ഭീഷണി നിറഞ്ഞ അന്തരീക്ഷം കാരണം നിശബ്ദതയില്‍ ആവും.

ആ അര്‍ത്ഥത്തില്‍ ഇന്റര്‍നെറ്റ് അതിന്റെ തുടക്കത്തില്‍ മുന്നോട്ട് വെച്ച പ്രതീക്ഷകള്‍ പ്രതീക്ഷകള്‍ ആസ്ഥാനത്താവുകയാണ് എന്ന് കാണാം. വൈവിധ്യമാര്‍ന്ന ചര്‍ച്ചകള്‍ നടക്കുന്ന, വ്യത്യസ്തമായ സ്വരങ്ങള്‍ക്ക് ഇടംകൊടുക്കുന്ന, പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ അഭിപ്രായങ്ങള്‍ മുന്നോട്ട് വെക്കാന്‍ കഴിയുന്ന ഒരു മേഖല എന്ന നിലയിലുള്ള സോഷ്യല്‍ മീഡിയ ഇടം ഇല്ലതായികൊണ്ടിരിക്കുകയാണെന്ന് സംശയിക്കണം.

ഈയൊരു വസ്തുത ജനാധിപത്യത്തിന്റെ ഭാവിയെ അപകടപ്പെടുത്തുന്നു. പരമ്പരാഗത മാധ്യമങ്ങള്‍ എല്ലാം തന്നെ വിവിധ കുത്തകകളുടെ കയ്യില്‍ എത്തിച്ചേര്‍ന്നതിനാല്‍ യഥാര്‍ത്ഥ മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാവി സോഷ്യല്‍ മീഡിയയില്‍ ആണെന്നൊരു പ്രതീക്ഷ വളര്‍ന്നു വന്നിരുന്നു. ഇന്നത്തെ സാഹചര്യത്തില്‍ വളരെ ഉറപ്പോടെ വെച്ചുപുലര്‍ത്തുവാന്‍ കഴിയുന്ന പ്രതീക്ഷയാണോ ഇതെന്ന് വ്യക്തമല്ല.

 

സോഷ്യല്‍ മീഡിയ ഉപയോഗിച്ചുകൊണ്ട് പൊതുജന അഭിപ്രായത്തെ നാം ഉദ്ദേശിക്കുന്ന രീതിയില്‍ മാറ്റി മറിക്കാന്‍ സാധിക്കും. ഉദാഹരണത്തിന് കേരളത്തിലെ ക്ഷേത്രങ്ങളിലെ സമ്പത്ത് മറ്റ് ചിലവുകള്‍ക്ക് വേണ്ടി വകമാറ്റുന്നു എന്ന സോഷ്യല്‍ മീഡിയ പ്രചരണം എടുക്കുക. അല്ലങ്കില്‍ സംവരണത്തെ കളിയാക്കികൊണ്ട് വരുന്ന വിവിധ മീമുകള്‍ നോക്കുക.

പലതവണ വസ്തുതാപരമായി പൊളിച്ചതാണെങ്കിലും വീണ്ടും വീണ്ടും ഈ വിധത്തിലുള്ള പ്രചാരണങ്ങളും മീമുകളും സോഷ്യല്‍ മീഡിയയില്‍ നിരന്തരമായി വന്നുകൊണ്ടേ ഇരിക്കുന്നു. ഇതിന് നാം പ്രതീക്ഷിക്കാത്ത അനതരഫലങ്ങള്‍ ഉണ്ട്. നിരന്തരമായി കണ്ടുകൊണ്ടിരിക്കുന്ന/ കേട്ടുകൊണ്ടിരിക്കുന്ന ഒരു കാര്യം നമ്മളില്‍ നാം അറിയാതെ തന്നെ നമ്മെ സ്വാധീനിക്കുന്നുണ്ട്.

ഇവ നമുക്ക് നല്‍കപ്പെടുന്ന മനശാസ്ത്ര പരമായ നിര്‍ദ്ദേശങ്ങള്‍ ആണെന്ന് കാണാം.അത് നമ്മുടെ തിരഞ്ഞെടുപ്പുകളെയും മനോഭാവങ്ങളെയും സ്വാധീനിക്കുന്നുമുണ്ട്. ഫേസ്ബുക്കിനും മറ്റും ഈ മാനസിക സവിശേഷതയെ ഉപയോഗപ്പെടുത്താന്‍ കഴിയും. ഒരു പ്രത്യേക ഗ്രൂപ്പ് ആളുകളെ ലക്ഷ്യം വെച്ചുകൊണ്ട്, അവര്‍ നിരന്തരമായി പ്രത്യേക തരത്തില്‍ ഉള്ള വാര്‍ത്തകളും പരസ്യങ്ങളും മാത്രം കാണുന്ന വിധത്തില്‍ അവരുടെ സോഷ്യല്‍ മീഡിയ ഫീഡ് ക്രമീകരിക്കാന്‍ സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കുന്ന അല്‍ഗോറിഥങ്ങള്‍ക്ക് കഴിയും.

നമ്മള്‍ ഉള്‍പ്പെടുന്ന സോഷ്യല്‍ ക്ലാസ്, നമ്മുടെ സുഹൃത്ത് വലയം, രാഷ്ട്രീയ താല്‍പര്യം എന്നതൊക്കെ പരിഗണിച്ചാണ് നമ്മുടെ സോഷ്യല്‍ മീഡിയ ഫീഡ് രൂപപ്പെടുന്നത്. അതായത് എതിരഭിപ്രായങ്ങള്‍ക്കും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ക്കും ഉപരിയായി നാം കാണാനും കേള്‍ക്കാനും ആഗ്രഹിക്കുന്ന കാര്യങ്ങള്‍ കാണാനും കേള്‍ക്കാനും പറ്റുന്ന ഇടം എന്ന രീതിയില്‍ സോഷ്യല്‍ മീഡിയ അനുഭവങ്ങള്‍ ക്രമീകരിക്കപ്പെടുന്നുണ്ട്.

 

ഇത്തരത്തില്‍ ഫേസ്ബുക്കിലും വാട്‌സ്അപ്പിലും വരുന്ന വിവരങ്ങളുടെ സാധുത ആരെങ്കിലും സമയമെടുത്ത് ഗവേഷണം നടത്തി നോക്കാറുണ്ടോ? നമുക്ക് ലഭ്യമാകുന്ന വിവരങ്ങള്‍ ശരിയാണ് എന്ന് സമയം ചെലവഴിച്ച് കണ്ടെത്തുവാന്‍ ആര്‍ക്കാണ് താല്‍പര്യം? വാക്‌സിനേഷന്‍, കാന്‍സര്‍ രോഗത്തിനുള്ള പ്രകൃതി ചികില്‍ത്സ എന്നീ കാര്യങ്ങളില്‍ എല്ലാം നാമിത് നിരന്തരമായി അനുഭവിക്കുന്നതാണ്.

ദേവസ്വം ബോര്‍ഡിന്റെ ഒരു രൂപപോലും പുറത്ത് നല്‍കുന്നില്ല എന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞിട്ടൊന്നും ഒരു കാര്യവും ഇല്ല. വ്യക്തികള്‍ക്ക് അവരുടെതായ മുന്‍വിധികളും പക്ഷപാതങ്ങളും കൂടിയതോ കുറഞ്ഞതോ ആയ അളവില്‍ ഉണ്ടാകും. സോഷ്യല്‍ മീഡിയ ചെയ്യുന്നത് ഈ മുന്‍വിധികളെയും പക്ഷപാതങ്ങളെയും ശക്തിപ്പെടുത്തുക എന്നതും കൂടിയാണ്.

ഇതിന് ഏറ്റവും നല്ല ഉദാഹരണം ലവ് ജിഹാദ് വിവാദം തന്നെയാണ്. മിക്ക മനുഷ്യരിലും പല അളവില്‍ നിലനില്‍ക്കുന്ന ന്യൂനപക്ഷ മതവുമായി ബന്ധപ്പെട്ട മുന്‍വിധികളെ സോഷ്യല്‍ മീഡിയ ഏതുവിധത്തിലാണ് ശക്തിപ്പെടുത്തിയത് എന്ന് നമുക്കൊരോത്തര്‍ക്കും ആലോചിക്കാവുന്നതാണ്.

സോഷ്യല്‍ മീഡിയയെ മൊത്തത്തില്‍ നിരാകരിക്കലോ അതിന്റെ വിമോചന സാധ്യതകളെ നിരസിക്കലോ എന്റെ ലക്ഷ്യമല്ല. അങ്ങനെ ചെയ്യുന്നത് ചരിത്ര വിരുദ്ധമായ നിലപാട് ആകുമെന്ന് മാത്രമല്ല പ്രശ്‌നം. ശാസ്ത്രവും സാങ്കേതിക വിദ്യയും ആത്യന്തികമായി ദുരന്തമാണ് എന്ന വിധത്തിലുള്ള Luddite like അവകാശവാദങ്ങളെ ഞാന്‍ പിന്തുണയ്ക്കുന്നുമില്ല.

 

എല്ലാ സാങ്കേതിക വിദ്യകളേയും പോലെ വിവര സാങ്കേതിക വിദ്യയും ബഹുമാനങ്ങള്‍ ഉള്ള ഒന്നാണ്. അത് മൂല്യനിരപേക്ഷമായി നിലനില്‍ക്കുന്ന ഒന്നല്ല എന്നത് എടുത്തുപറയണ്ട കാര്യം പോലുമില്ല. സോഷ്യല്‍ മീഡിയ അതിന്റെ തുടക്കത്തില്‍ മുന്നോട്ട് വെച്ച പ്രതീക്ഷകളില്‍ നിന്ന് അത് പ്രകടമായ തോതില്‍ പലയിടങ്ങളിലും അകന്നു പോയിട്ടുണ്ട് എന്നതാണ് ഇവിടെ പറയാന്‍ ശ്രമിക്കുന്നത്.

സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന മൂലധന താല്‍പര്യങ്ങള്‍, ഭരണകൂടത്തിന്റെ ചിന്താ നിയന്ത്രണങ്ങള്‍ എന്നിവയൊക്കെ ഇതിന് കാരണമാകുന്നുണ്ട്. എന്നിരുന്നാലും മറ്റൊരു കാലഘട്ടത്തില്‍ ആയിരുന്നെങ്കില്‍ കേള്‍ക്കപ്പെടാതെ പോകുമായിരുന്ന, അവഗണിക്കപ്പെടുമായിരുന്ന അഭിപ്രായങ്ങള്‍, ആശങ്കകള്‍, പ്രതീക്ഷകള്‍ സംഭവങ്ങള്‍ എന്നിവക്കൊക്കെ ഇടം ഉണ്ടാക്കാന്‍ സോഷ്യല്‍ മീഡിയ മൂലം സാധിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല.

എന്നാല്‍ അത്തരം സാദ്ധ്യതകള്‍ പരമാവധി പരിമിതപ്പെടുത്താന്‍, അവയെ ഞെരുക്കാന്‍, ഇടങ്ങള്‍ ഇല്ലാതാക്കാന്‍ ഉള്ള പരിശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന കാലം ആണിത് എന്ന് സൂചിപ്പിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. അതായത് സോഷ്യല്‍ മീഡിയയുടെ എല്ലാവര്‍ക്കും കാണാന്‍ സാധിക്കുന്ന ജനകീയതക്ക് അപ്പുറത്ത്, അത് എപ്രകാരം നാം വിചാരിക്കുന്നത്ര സുതാര്യമല്ല എന്ന് സൂചിപ്പിക്കാനാണ് ശ്രമിക്കുന്നത്.

“”സിന്ദൂരം തുടിക്കുന്ന തിരുനെറ്റിയില്‍ ഒരു ചുംബനം തന്നാല്‍ പിണങ്ങുമോ നീ? ഒരു ചുംബനം… ഒരു സാന്ത്വനം… ഒരു സ്‌നേഹ സമ്മാനം””. വളരെ മാസ്‌കുലൈന്‍ ആയ, ആണത്തത്തില്‍ അടിസ്ഥാനമായ, ബ്രഹ്മചര്യത്തിന് വലിയ ഊന്നല്‍ കൊടുക്കുന്ന ഒരുഅതിതീവ്ര സാംസ്‌കാരിക ദേശീയവാദി പ്രസ്ഥാനത്തില്‍ ബൌദ്ധീക നേതൃത്വം വഹിക്കുന്നു എന്ന് കരുതപ്പെടുന്ന വ്യക്തി വെളുപ്പിന് 1.12 ന് ട്വിറ്ററില്‍ എഴുതിയ വരികളാണിത്.

ഏതോ സിനിമാഗാനത്തിന്റെ അനുപല്ലവി ആണിതെന്ന് മനസിലാക്കുന്നു. ഒരു മനുഷ്യന്റെ വ്യക്തിത്വത്തിന്റെ മൃദുഭാവങ്ങള്‍ പുറത്ത് കൊണ്ടുവരുന്ന തരം സന്ദര്‍ഭം ആണിതെന്നു പറയാം. ഇതിനെ തമാശയാക്കുന്ന കുറെ കമന്റുകളും പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ കാണാന്‍ ഇടയായി.

ഇതിവിടെ എടുത്ത് പറയാന്‍ കാരണം ടി.ജി. മോഹന്‍ദാസിനെ പോലുള്ള കുറെ വ്യക്തികള്‍ക്ക് കേരള സമൂഹത്തില്‍ വലിയ ദൃശ്യത കിട്ടാന്‍ സോഷ്യല്‍ മീഡിയ കാരണമായിട്ടുണ്ട് എന്ന് സൂചിപ്പിക്കാന്‍ വേണ്ടിയാണ്. ഒരു നാല് അഞ്ച് വര്‍ഷം മുന്‍പ് വരെ കേരളത്തിലെ ടെലിവിഷന്‍ സ്റ്റുഡിയോകളില്‍ സജീവ സാന്നിധ്യം ആയിരുന്നില്ല സഘ്പരിവാര്‍ പ്രവര്‍ത്തകര്‍.

അവരുടെ അഭിപ്രായങ്ങള്‍ ആരായേണ്ടതാണ് എന്ന് വലുതായൊന്നും ആര്‍ക്കും തോന്നിയിരുന്നില്ല എന്നര്‍ത്ഥം. ഇന്ന് ആസ്ഥിതി മാറിയിട്ടുണ്ട്. അതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് അവര്‍ സോഷ്യല്‍ മീഡിയയെ ഉപയോഗപ്പെടുത്തുന്ന രീതി കൂടിയാണ്. യഥാര്‍ത്ഥത്തില്‍ കേരളത്തിലെ സംഘപരിവാര്‍ നേതാക്കളുടെതായി വരുന്ന സോഷ്യല്‍ മീഡിയ മെസേജുകള്‍ ഏതെങ്കിലും തരത്തില്‍ വസ്തുതാപരമായ മികവുകള്‍ കൊണ്ട് ശ്രദ്ധേയമായവ അല്ല. അതിലെ നിസ്സാരതകളും സത്യസന്ധത ഇല്ലായ്മകളും തെറ്റായ അവകാശവാദങ്ങളും വളരെപ്പെട്ടന്നുതന്നെ തുറന്ന് കാണിക്കപ്പെട്ടിട്ടുണ്ട്.

മലയാളത്തില്‍ ഇറങ്ങുന്ന ട്രോളുകളില്‍ നല്ലൊരു ശതമാനം സംഘപരിവാര്‍ നേതാക്കളുടെ സോഷ്യല്‍ മീഡിയ മെസേജുകള്‍ അടിസ്ഥാനമാക്കിയാണ്. ഇന്ന് ആലോചിക്കുമ്പോള്‍ തോന്നുന്ന ഒരു കാര്യം ഈ രീതിയിലുള്ള ഇടപെടല്‍ പരോക്ഷമായി സംഘപരിവാര്‍ നേതാക്കള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ വിസിബിലിറ്റി ഉണ്ടാകാന്‍ കാരണമായി എന്നാണ്. ഒരു പക്ഷെ ട്രോള്‍ ഉണ്ടാക്കുന്നവര്‍ ഉദ്ദേശിക്കാത്ത ഒരു അനന്തരഫലം ആകാമിത്. അങ്ങനെ നോക്കുമ്പോള്‍ ഒരു പക്ഷെ മലയാളത്തിലെ സോഷ്യല്‍ മീഡിയ നെഗറ്റീവ് പബ്ലിസിറ്റിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ സംഘപരിവാര്‍ നേതാക്കള്‍ ആണെന്ന് തോന്നുന്നു.

ആശയങ്ങള്‍ ഗുളിക രൂപത്തില്‍ അവതരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ ശൈലി ഏറ്റവും സഹായകരമാകുന്നത് ഒരുതരം ആന്റി ഇന്റ്റലക്ചലിസം വളര്‍ന്നു വരാനാണ്. ഗുളിക രൂപത്തിലുള്ള അവതരണം എപ്പോഴും ആളുകളുടെ ശ്രദ്ധ പിടിച്ചെടുക്കാന്‍ സഹായിക്കും. ഈയൊരു സവിശേഷത ഏറ്റവും സഹായകരമാകുന്നത് സംഘപരിവാരത്തിനാണ്.

 

ജനപ്രിയ ആശയങ്ങളുമായി പടക്കിറങ്ങുന്നവരുടെ മുന്നില്‍ ബൗധിക ശേഷിയുള്ള വ്യക്തികള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടായിരിക്കും. ഒരു ആശയവുമായി ക്രിയാത്മകമായി ഇടപെടണമെങ്കില്‍ വിപുലമായ ചിന്തയും ആലോചനകളും ശ്രദ്ധാപൂര്‍വമായ പരിഗണനകളും ആവശ്യമാണ്. ഉടന്‍ സംതൃപ്തിയുടെ മരുഭൂമിയായ സോഷ്യല്‍ മീഡിയ അത്തരമൊരു സ്‌പേസ് അനുവദിക്കുന്നില്ല എന്നതാണ് സത്യം.

അവിടെ ലളിത ബുദ്ധിയും ആവേശവും അരങ്ങുതകര്‍ക്കുന്നതായാണ് അനുഭവം. ഇന്ത്യയിലെ അനുഭവം നോക്കുകയാണെങ്കില്‍ ഇവിടുത്തെ പുരോഗമനവാദികളായ വ്യക്തികളെ എങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ സഘ്പരിവാര്‍ നേരിടുന്നത്? അവരുടെ ആശയങ്ങളുമായി ഒരുതരത്തിലും ഇടപെടാനുള്ള ബൗദ്ധിക ശേഷി ഈ ആള്‍ക്കൂട്ടത്തിന് ഇല്ല. അതുകൊണ്ട് തന്നെ സംഘപരിവാര്‍ വിരുദ്ധ നിലപാടുകള്‍ എടുക്കുന്ന വ്യക്തികള്‍ക്ക് ആക്ടിവിസ്റ്റുകള്‍ക്ക് ബുദ്ധിജീവികള്‍കള്‍ക്ക് എതിരെ വെറുപ്പിന്റെ ഭാഷയില്‍ സംസാരിക്കുകയും അപവാദപ്രചരണം നടത്തുകയുമാണ് ആണ് ഈ ആള്‍ക്കൂട്ടം നടത്തുന്നത്.

വെറുപ്പ് ഒരു ജീവിത ശൈലിയായി, ഒരു തത്വസംഹിതയായി കൊണ്ടുനടകുന്ന ഗ്രൂപ്പാണ് ഇക്കൂട്ടര്‍. വ്യക്തികളെയും ആശയങ്ങളെയും സംഘടനകളെയും വെറുപ്പ് എന്ന പ്രിസത്തിലൂടെ മാത്രമേ നോക്കാന്‍ ഇക്കൂട്ടര്‍ക്ക് സാധിക്കുകയുള്ളൂ. സോഷ്യല്‍ മീഡിയയിലെ സംഘപരിവാര്‍ ഡിസ്‌കോഴ്‌സ് മുഴുവന്‍ ചില പ്രത്യേക പരികല്‍പ്പനകളെ അടിസ്ഥാനമാക്കിയാണ്.

ചരിത്രം തങ്ങളോട് നീതി രഹിതമായി പെരുമാറി എന്നൊരു ഭാവനാത്മകമായ നിരാശ അവര്‍ക്കുണ്ട്. അതാണ് ഇന്ത്യന്‍ ചരിത്രത്തിലെ മുസ്‌ലീം ഭരണകാലഘട്ടം എന്നതിനോടുള്ള കലിപ്പായി പുറത്ത് വരുന്നത്. ഹിന്ദുക്കള്‍ ഭൂരിപക്ഷമായ ഒരു രാജ്യം ഹിന്ദു രാജ്യമായി മാറിയില്ല എന്നതാണ് നെഹ്റുവിനോടും സെക്യൂലരിസ്റ്റുകളോടുമുള്ള വെറുപ്പിന്റെ അടിസ്ഥാനം.

ഐറിസ് മര്‍ഡോക്ക്

 

അങ്ങനെയാണ് സിക്കുലര്‍ എന്ന പദം തന്നെ രൂപപ്പെടുന്നത്. ഇത്തരത്തില്‍ ഭാവനാത്മകമായ ഭയങ്ങളെ, സങ്കടങ്ങളെ, നഷ്ടങ്ങളെ ഊതിവീര്‍പ്പിക്കാന്‍ പറ്റിയ ഇടമാണ് സോഷ്യല്‍ മീഡിയ. അതിനെ പൊതിഞ്ഞു നില്‍ക്കുന്ന ആന്റി ഇന്റ്റലക്ചലിസം, അതിന്റെ ആഴമില്ലായ്മ വളരെ എളുപ്പത്തില്‍ സംഘപരിവാര്‍ ഡിസ്‌കോഴ്‌സ്‌നെ പൊതുബോധമായി പരിവര്‍ത്തനപ്പെടുത്തുന്നു.

അങ്ങനെയാണ് ” ഇത്രയും കാലം കോണ്‍ഗ്രസ് ഭരിച്ചില്ലേ, ഇനിക്കുറച്ച് കാലം ബി.ജെ.പി ഭരിക്കട്ടെ എന്നും, ബാബറി മസ്ജിദ് ഒരു പള്ളിയല്ലേ അതങ്ങ് വിട്ടുകൊടുത്തൂടെ എന്നും, ഇവന്മാര്‍ക്ക് എന്താണ് യൂണിഫോം സിവില്‍ കോഡ് അംഗീകരിക്കാന്‍ ബുദ്ധിമുട്ട് എന്നും ഒക്കെയുള്ള രൂപത്തില്‍ പുറത്ത് വരുന്നത്.

സോഷ്യല്‍ മീഡിയ വളര്‍ത്തികൊണ്ടുവരുന്ന ആന്റി ഇന്റ്റലക്ചലിസം സംഘപരിവാര്‍ വക മാത്രമല്ല. ഉപരിപ്ലവതയില്‍ അഭിരമിക്കുന്ന ആര്‍ക്കും കേറിക്കളിക്കാവുന്ന തട്ടകമാണിത്. വളരെ രസകരമായ രീതിയില്‍ ആണിത് സാധിച്ചെടുക്കുന്നത്. അല്‍പ്പസ്വല്‍പ്പം പുരോഗമനം ഒക്കെ പറയുന്ന ,സെന്‍ട്രിസ്റ്റ് എന്നോ റൈറ്റ് ഓഫ് സെന്റ്റര്‍ എന്നോ വിശേഷിപ്പിക്കാവുന്ന വ്യക്തികളും യഥാര്‍ത്ഥ ബുദ്ധിജീവികളും തമ്മില്‍ യാതൊരു അന്തരവും ഇല്ല എന്ന് വരുത്തി തീര്‍ക്കലാണ് ഇവിടുത്തെ മോഡസ് ഓപ്പരാണ്ടി. അതോടെ അപ്പാ റാവുവും അരുന്ധതി റോയിയും തമ്മില്‍ തുല്യത കൈവരുന്നു.

നോവലിസ്റ്റും തത്വചിന്തകനും ആയ ഐറിസ് മര്‍ഡോക്കിന്റെ അഭിപ്രായത്തില്‍ ഒരാള്‍ നല്ലവന്‍ ആയി കണക്കാക്കപ്പെടണമെങ്കില്‍ ആ വ്യക്തി തന്റെ പരിസരങ്ങളെപ്പറ്റി ചില കാര്യങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കുകയും അതൊടൊപ്പം മറ്റ് വ്യക്തികളുടെ അസ്തിത്വത്തെപ്പറ്റിയും അവരുടെ അവകാശവാദങ്ങളെപറ്റിയും നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. നമ്മുടെ ജീവിതത്തിലെ എല്ലാ നിമിഷങ്ങളിലും സോഷ്യല്‍ മീഡിയ കടന്ന് വരികയും അത് നമ്മുടെ മുഴുവന്‍ ശ്രദ്ധയും കയ്യടക്കുകയും ചെയ്യുമ്പോള്‍ ഈ അഭിപ്രായത്തിന് വലിയ പ്രാധാന്യം ഉണ്ട്.