ഡി.സി ഓഫീസിന് മുന്നിലെ ബാങ്ക് വിളി; ഗോമൂത്രം തളിച്ച് പരിസരം ശുചീകരിച്ച് ഹിന്ദുത്വവാദികള്‍
national news
ഡി.സി ഓഫീസിന് മുന്നിലെ ബാങ്ക് വിളി; ഗോമൂത്രം തളിച്ച് പരിസരം ശുചീകരിച്ച് ഹിന്ദുത്വവാദികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st March 2023, 10:28 am

ശിവമോഗ: ശിവമോഗയില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിന് മുന്‍പില്‍ ബാങ്ക് വിളിച്ചതിന് പിന്നാലെ ഓഫീസ് പരിസരത്ത് ഗോമൂത്രം തളിച്ച് ‘ശുദ്ധീകരിച്ച്’ ഹിന്ദുത്വവാദികള്‍. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. തീവ്ര വലതുപക്ഷ അംഗങ്ങള്‍ സ്ഥലത്തെത്തുകയും ഓഫീസ് പരിസരത്ത് ഗോമൂത്രം തളിക്കുന്നതും മുദ്രാവാക്യം വിളിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

എവിടെയെങ്കിലും വെച്ച് ബാങ്ക് വിളിക്കുന്നത് ഹീറോയിസമല്ലെന്നും സംഭവത്തെ ബജ്‌റംഗ്ദളും വിശ്വഹിന്ദു പരിഷത്തും അപലപിക്കുന്നുവെന്നും ബജ്‌റംഗ്ദള്‍ നേതാവ് രാജേഷ് ഗൗഡ പറഞ്ഞു.

‘അവര്‍ക്ക് ബാങ്ക് വിളിക്കാന്‍ തോന്നുന്നിടത്ത് ബാങ്ക് വിളിക്കട്ടെ. പ്രാര്‍ത്ഥിക്കാന്‍ തോന്നുന്നിടത്ത് നിന്ന് പ്രാര്‍ത്ഥിക്കട്ടെ. പക്ഷേ അത് ഡി.സി ഓഫീസിന് മുന്‍പില്‍ ചെയ്യുന്നതിനെ ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല. ബജ്‌റംഗ്ദളും വി.എച്ച്.പിയും സംഭവത്തെ അപലപിക്കുന്നു. ഞങ്ങള്‍ വെറുതെ ഇരിക്കുന്നവരല്ല.

രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്. ബാങ്ക് വിളിച്ചത് കൊണ്ട് ഹീറോ ആകുമെന്ന് വിചാരിക്കുന്നത് തെറ്റായ ധാരണയാണ്,’ രാജേഷ് ഗൗഡ പറഞ്ഞു.

ശിവമോഗയില്‍ നടന്ന പരിപാടിക്കിടെ ബി.ജെ.പി നേതാവ് ഈശ്വരപ്പ ബാങ്ക് വിളിക്കുന്നതിനെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. ഉച്ചഭാഷിണിയില്‍ ബാങ്ക് വിളിക്കുന്നത് അള്ളാഹു ബധിരനായതുകൊണ്ടായിരിക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

ലോകത്താകമാനമുള്ള രാജ്യങ്ങളില്‍ ഇന്ത്യ മാത്രമാണ് ഹിന്ദുക്കള്‍ക്കായുള്ളതെന്നും ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നത് തുടരുകയാണെങ്കില്‍ അള്ളാഹു ബധിരനാണെന്ന് അനുമാനിക്കേണ്ടി വരുമെന്നും ഈശ്വരപ്പ പറഞ്ഞിരുന്നു.

പരീക്ഷയെഴുതുന്ന കുട്ടികള്‍ ബാങ്ക് വിളി കാരണം പ്രയാസപ്പെടുന്നുണ്ടെന്നും ഈശ്വരപ്പ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യുവാക്കള്‍ ഡി.സി ഓഫീസിന് മുന്നില്‍ ബാങ്ക് വിളിച്ചത്.

യുവാക്കളുടെ പ്രവര്‍ത്തി രാജ്യദ്രോഹമാണെന്നും ഇതിനോട് പ്രതികരിച്ച് ഈശ്വരപ്പ പറഞ്ഞിരുന്നു.

Content Highlight: Right-wing group ‘cleanse’ spot with cow urine after azaan delivered outside Shivamogga DC office