തിരുവനന്തപുരം: സെൻസർബോർഡിന്റെ കൈവശമുള്ള ആൺ-പെൺ ദൈവങ്ങളുടെ പട്ടിക ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകി അഡ്വ. ഹരീഷ് വാസുദേവൻ. ‘ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ സിനിമ വിവാദത്തിന് പിന്നാലെയാണ് അഡ്വ. ഹരീഷ് വാസുദേവൻ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയത്. വിവരാവകാശ അപേക്ഷ മുംബൈയിലെ സെൻസർ ബോർഡ് ആസ്ഥാനത്ത് എത്തി.
സെൻസർ ബോർഡിൻ്റെ പക്കലുള്ള ഇന്ത്യയിലെ ആൺ ദൈവങ്ങളുടെയും പെൺ ദൈവങ്ങളുടെയും പട്ടികയാണ് കേരള ഹൈക്കോടതിയിലെ അഭിഭാഷകനായ ഹരീഷ് വാസുദേവൻ ആവശ്യപ്പെട്ടിരിക്കുന്നത്. തുടങ്ങാനിരിക്കുന്ന തൻ്റെ സിനിമയിലെ കഥാപാത്രങ്ങൾക്ക് പേരിടുമ്പോൾ ജാഗ്രത പുലർത്താനാണ് ഈ വിവരം അന്വേഷിക്കുന്നതെന്നും അപേക്ഷയിൽ പറയുന്നുണ്ട്.
തൻ്റെ സിനിമയിൽ ലൈംഗീകാതിക്രമണത്തിന് വിധേയയാകുന്ന സ്ത്രീ കഥാപാത്രത്തിന് ഉചിതമായ പേര് തെരഞ്ഞെടുക്കേണ്ടത് ഉണ്ട്. കൂടാതെ അതിക്രമം നടത്തുന്ന വില്ലൻ കഥാപാത്രത്തിന് ഇടേണ്ട പേരും തീരുമാനിക്കണം. മതവികാരത്തിന് എതിരാകാതെയും, നിയമ പ്രശ്നങ്ങൾ ഉണ്ടാകാതെയും ഇവ ചെയ്യാൻ ഉദ്ദേശിച്ചാണ് ഈ വിവരങ്ങൾ തേടുന്നതെന്നും അദ്ദേഹം അപേക്ഷയിൽ വിശദീകരിച്ചിട്ടുണ്ട്.
വിഷയത്തെക്കുറിച്ചുള്ള തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം സെൻസർ ബോർഡിനെ വിമർശിച്ചു. സിനിമയിലെ കഥകളിൽ കഥാപാത്രങ്ങളുടെ പേര് ഇടുമ്പോൾ ദൈവങ്ങളുടെ പേര് വരരുതല്ലോ. അതാണല്ലോ പുതിയ സംഘിന്യായം എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
‘സിനിമയിലെ കഥകളിൽ കഥാപാത്രങ്ങളുടെ പേര് ഇടുമ്പോൾ ദൈവങ്ങളുടെ പേര് വരരുതല്ലോ. അതാണല്ലോ പുതിയ സംഘിന്യായം. ഫിലിം സർട്ടിഫിക്കേഷൻ ബോർഡിന്റെ വെബ്സൈറ്റിൽ ദൈവങ്ങളുടെ പേര് പട്ടിക കാണാത്തത് കൊണ്ട് മാത്രമാണ് അപേക്ഷ കൊടുക്കേണ്ടി വന്നത്. പൊതുതാത്പര്യം മുൻനിർത്തി ദൈവങ്ങളുടെ പേര് പട്ടിക പ്രസിദ്ധീകരിക്കാൻ ബോർഡ് മുൻകൈ എടുത്തില്ലെങ്കിൽ ലിസ്റ്റ് കിട്ടുമ്പോൾ ഞാൻ പ്രസിദ്ധീകരിക്കാം,’ അദ്ദേഹം കുറിച്ചു.
സുരേഷ് ഗോപിയും അനുപമ പരമേശ്വരനും പ്രധാന വേഷങ്ങളിൽ എത്തുന്ന ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചിരുന്നു. പുരാണ കഥാപാത്രമായ സീത ദേവിയുടെ മറ്റൊരു പേരായ ജാനകി എന്ന നാമം സിനിമയിലെ ലൈംഗികാതിക്രമമത്തിനിരയായ പെൺകുട്ടിക്ക് നൽകിയെന്നാരോപിച്ചായിരുന്നു അനുമതി നിഷേധിച്ചത്.
ജാനകി എന്ന പേര് സിനിമയുടെ നിർമാതാക്കൾ ഉപയോഗിച്ചത് മനപ്പൂർവ്വം എന്നായിരുന്നു സെൻസർ ബോർഡിന്‍റെ സത്യവാങ്മൂലം. രാമായണത്തിലെ സീതയുടെ പര്യായമാണ് ജാനകി എന്ന പേര്. ആ പേര് ഉപയോഗിക്കുന്നത് ഒരു മതവിഭാഗത്തെ വ്രണപ്പെടുത്തും. ക്രോസ് എക്സാമിനേഷൻ സീനിൽ പ്രതിഭാഗം അഭിഭാഷകനായ നായകൻ ജാനകി എന്ന കഥാപാത്രത്തോട് ചോദിക്കുന്ന ചോദ്യങ്ങൾ ഈ മതവിഭാഗത്തിൽ പെട്ടവരെ വ്രണപ്പെടുത്തും. ജാനകി എന്ന കഥാപാത്രം മയക്കുമരുന്ന് ഉപയോഗിക്കുമോ പോണോഗ്രാഫിക് വീഡിയോ കാണുമോ എന്നൊക്കെ അഭിഭാഷകൻ ചോദിക്കുന്നത് ശരിയല്ലെന്നും സെൻസർ ബോർഡ് വാദിച്ചു.
പിന്നീട് ചിത്രത്തിന്റെ പേര് ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്നതില്‍ നിന്നും വി. ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്നാക്കി മാറ്റാമെന്ന് നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചു. ചിത്രം എത്രയും വേഗം തീയറ്ററുകളിലെത്തിക്കാനാണ് സെന്‍സര്‍ ബോര്‍ഡ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കാമെന്ന് നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചത്. സിനിമയില്‍ ജാനകി എന്ന് ഉപയോഗിച്ചിരിക്കുന്ന ഭാഗങ്ങള്‍ പൂര്‍ണമായും മാറ്റില്ല. കേന്ദ്ര കഥാപാത്രമായ ജാനകിയെ വിചാരണ ചെയ്യുന്ന രംഗങ്ങളില്‍ പേര് മ്യൂട്ട് ചെയ്യുകയായിരിക്കും ചെയ്യുക.
Content Highlight: Right to Information application to Censor Board seeking list of male and female gods