'റൈറ്റ് ടു ഡിസ്‌കണക്ട് ബില്‍' അവതരിപ്പിച്ചിട്ടില്ല; സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്ത
Kerala
'റൈറ്റ് ടു ഡിസ്‌കണക്ട് ബില്‍' അവതരിപ്പിച്ചിട്ടില്ല; സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്ത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th October 2025, 9:19 am

തിരുവനന്തപുരം: കേരളനിയമസഭയില്‍ ‘റൈറ്റ് ടു ഡിസ്‌കണക്ട് ബില്‍’ അവതരിപ്പിച്ചെന്നും അംഗീകരിച്ചെന്നും സാമൂഹികമാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത. ഇങ്ങനെയൊരു ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുകയോ, അംഗീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് സര്‍ക്കാര്‍.

സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് ജോലിസമയത്തിനുശേഷം ഔദ്യോഗിക ഫോണ്‍വിളികളോ സന്ദേശങ്ങളോ സ്വീകരിക്കാതിരിക്കാനുള്ള അവകാശമാണ് ‘റൈറ്റ് ടു ഡിസ്‌കണക്ട്.’ സമയ പരിധിക്ക് ശേഷവും ജീവനക്കാരെ കൃത്യനിര്‍വഹണത്തില്‍ തളയ്ക്കുന്നത് ഒഴിവാക്കാന്‍ ചില രാജ്യങ്ങളില്‍ ഇത്തരത്തില്‍ നിയമമുണ്ട്. സ്‌പെയിന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ബെല്‍ജിയം, ഇറ്റലി എന്നീ രാജ്യങ്ങളില്‍ സമാനമായ മാതൃകയുണ്ട്.

നിയമസഭാ വെബ്‌സൈറ്റില്‍-അനൗദ്യോഗിക അംഗങ്ങളുടെ (പ്രൈവറ്റ് മെമ്പേഴ്സ്) ബില്ലുകളുടെ കൂട്ടത്തില്‍ എന്‍. ജയരാജ് ഇത്തരമൊരു ബില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബില്‍ പ്രകാരം ജീവനക്കാരെ ശിക്ഷിക്കുകയും ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന തൊഴിലുടമകള്‍ക്കെതിരേ നടപടിക്കും സംവിധാനമുണ്ടാകണം. എന്നാല്‍ ഈ ബില്‍ സഭ പരിഗണിച്ചിട്ടില്ല.

നിയമസഭയില്‍ ഔദ്യോഗിക ബില്ലുകളും അനൗദ്യോഗിക അംഗങ്ങളുടെ ബില്ലുകളുമുണ്ട്. ഔദ്യോഗിക ബില്ലുകള്‍ മന്ത്രിമാരാണ് അവതരിപ്പിക്കുന്നത്. എം.എല്‍.എമാര്‍ അനൗദ്യോഗിക അംഗങ്ങളാണ്. അവരാണ് അനൗദ്യോഗിക ബില്ലുകള്‍ക്ക് നോട്ടീസ് നല്‍കുന്നത്. ഇതിനെ സ്വകാര്യബില്ലുകള്‍ എന്നും പറയും. എം.എല്‍.എമാര്‍ക്ക് ബില്‍ അവതരിപ്പിക്കാന്‍ നോട്ടീസ് നല്‍കാം. പക്ഷേ, സഭയില്‍ അവതരിപ്പിക്കണമോ വേണ്ടയോ എന്നത് സര്‍ക്കാരാണ് തീരുമാനിക്കുക. എന്നാല്‍ ജയരാജ് നല്‍കിയ ബില്‍ സഭ പരിഗണിച്ചെന്നും നിയമം ഉടന്‍ നിലവില്‍വരുമെന്നുമാണ് പ്രചാരണം.

അതേസമയം കേരളചരിത്രത്തില്‍ സ്വകാര്യബില്‍ അംഗീകരിച്ചത് ഒരേയൊരു തവണമാത്രം. 1958-ല്‍ മഞ്ചേശ്വരത്തുനിന്നുള്ള എംഎല്‍എ ആയിരുന്ന എം. ഉമേഷ് റാവുവാണ് അവതരിപ്പിച്ചത്. എംഎല്‍എമാരുടെയും മന്ത്രിമാരുടെയും വേതനവും ആനുകൂല്യങ്ങളും ഉയര്‍ത്തണമെന്നാവശ്യപ്പെട്ട ബില്‍ സഭ പാസാക്കുകയും ചെയ്തു.

Content Highlight: Right to Disconnect Bill not introduced in Kerala Legislative Assembly