ഇന്ത്യന്‍ ടീമിന്റെ ഏറ്റവും നിര്‍ണായകമായ തീരുമാനം അതായിരുന്നു; തുറന്ന് പറഞ്ഞ് റിക്കി പോണ്ടിങ്
Cricket
ഇന്ത്യന്‍ ടീമിന്റെ ഏറ്റവും നിര്‍ണായകമായ തീരുമാനം അതായിരുന്നു; തുറന്ന് പറഞ്ഞ് റിക്കി പോണ്ടിങ്
ശ്രീരാഗ് പാറക്കല്‍
Sunday, 15th March 2026, 8:43 pm

ഇന്ത്യയുടെ ടി-20 ലോകകപ്പ് വിജയത്തില്‍ ഏറ്റവും നിര്‍ണായകമായത് സഞ്ജു സാംസണിനെ ടോപ്പ് ഓര്‍ഡറില്‍ നിലനിര്‍ത്താനുള്ള തീരുമാനമായിരുന്നുവെന്ന് ഇതിഹാസം റിക്കി പോണ്ടിങ്. ഇന്ത്യന്‍ പരിശീലകനും ക്യാപ്റ്റനും സഞ്ജുവിന് നല്‍കിയ പിന്തുണ മികച്ചതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മാത്രമല്ല സഞ്ജുവിനെപ്പോലെ നിലവാരമുള്ള ഒരു താരത്തിന് ആത്മവിശ്വാസം നല്‍കിയാല്‍ അത്ഭുതങ്ങള്‍ സംഭവിക്കുമെന്നും പോണ്ടിങ് പറഞ്ഞു. ഐ.സി.സി റിവ്യൂ ഷോയില്‍ സഞ്ജന ഗണേശനോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘സഞ്ജുവിനെ ടോപ്പ് ഓര്‍ഡറില്‍ നിലനിര്‍ത്താനുള്ള ഇന്ത്യന്‍ ടീമിന്റെ തീരുമാനം വളരെ നിര്‍ണായകമായ ഒന്നായിരുന്നു. ആ തീരുമാനം വലിയ വിജയമായി മാറുകയും ചെയ്തു. ഇന്ത്യന്‍ പരിശീലകന്റെയും ക്യാപ്റ്റന്റെയും പിന്തുണ ലഭിച്ചാല്‍ പിന്നെ ഒരു കളിക്കാരന് മറ്റെന്താണ് വേണ്ടത്. സഞ്ജുവിനെപ്പോലെ നിലവാരമുള്ള ഒരു താരത്തിന് ആത്മവിശ്വാസം നല്‍കിയാല്‍ അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന് ഈ ലോകകപ്പ് തെളിയിച്ചു,’ പോണ്ടിങ് പറഞ്ഞു.

സഞ്ജു സാംസണ്‍, റിക്കി പോണ്ടിങ്‌

ടി-20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസനാണ്. 46 പന്തില്‍ നിന്ന് എട്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 89 റണ്‍സായിരുന്നു സഞ്ജു അടിച്ചെടുത്തത്. 193.47 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്.

സെമിയടക്കമുള്ള നിര്‍ണായക മത്സരങ്ങളില്‍ തുടര്‍ച്ചയായ മൂന്നാം ഫിഫ്റ്റിയാണ് സഞ്ജു നേടുന്നത്. ഇതോടെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് നേടാനും സഞ്ജുവിന് സാധിച്ചു.

ടൂര്‍ണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം മാത്രം കളിച്ച സഞ്ജു പിന്നീട് അവസരം ലഭിച്ചപ്പോള്‍ വമ്പന്‍ പ്രകടനങ്ങളാണ് പുറത്തെടുത്തത്. വെറും അഞ്ച് ഇന്നിങ്സില്‍ നിന്ന് 321 റണ്‍സാണ് താരം നിന്ന് അടിച്ചെടുത്തത്. 199.37 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റിലാണ് ടൂര്‍ണമെന്റില്‍ താരം ബാറ്റ് വീശിയത്. സൂപ്പര്‍ 8ല്‍ വിന്‍ഡീസിനെതിരായ ഡു ഓര്‍ ഡൈ മത്സരത്തില്‍ 97* റണ്‍സ് നേടിയ സഞ്ജു സെമിയില്‍ ഇംഗ്ലണ്ടിനെതിരെ 89 റണ്‍സും നേടിയിരുന്നു.

Content Highlight: Ricky Ponting Tolking About Sanju Samson

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ