ഓസ്‌ട്രേലിയക്ക് പഴയ ഓറയില്ല; അവന്‍ അടുത്ത ലോകകപ്പിലുണ്ടാകില്ല; പുറത്താകലിന് പിന്നാലെ പോണ്ടിങ്
T20 world cup
ഓസ്‌ട്രേലിയക്ക് പഴയ ഓറയില്ല; അവന്‍ അടുത്ത ലോകകപ്പിലുണ്ടാകില്ല; പുറത്താകലിന് പിന്നാലെ പോണ്ടിങ്
ആദര്‍ശ് എം.കെ.
Friday, 20th February 2026, 11:53 am

 

2026 ടി-20 ലോകകപ്പില്‍ ഓസ്‌ട്രേലിയയുടെ മോശം പ്രകടനത്തില്‍ പ്രതികരണവുമായി മുന്‍ നായകനും ഇതിഹാസ താരവുമായ റിക്കി പോണ്ടിങ്. ടീമിന്റെ പ്രകടനത്തെ ദയനീയം എന്നാണ് പോണ്ടിങ് വിശേഷിപ്പിച്ചത്.

നിലവിലെ ഓസ്‌ട്രേലിയന്‍ ടീമിന് പഴയ ഓസ്‌ട്രേലിയയെ പോലെ ഐ.സി.സി ഇവന്റുകളില്‍ പ്രഭാവമുണ്ടാക്കാന്‍ സാധിക്കുന്നില്ലെന്നും പോണ്ടിങ് വിമര്‍ശിച്ചു. ഐ.സി.സി റിവ്യൂവില്‍ സംസാരിക്കവെയായിരുന്നു പോണ്ടിങ്ങിന്റെ വിമര്‍ശനം.

റിക്കി പോണ്ടിങ്

‘കടലാസില്‍ ഈ ടീം മികച്ചതാണ്. എന്നാല്‍ ഐ.സി.സി ഇവന്റുകളിലേക്കും ലോകകപ്പുകളിലേക്കും പോകുമ്പോള്‍ പഴയകാല ഓസ്‌ട്രേലിയന്‍ ടീമിനുണ്ടായിരുന്ന ഓറ ഇപ്പോഴുള്ള ടീമിനില്ല.

കടലാസിലെ കരുത്ത് കളത്തില്‍ കാണാനുണ്ടായിരുന്നില്ല. ബിഗ് ടൂര്‍ണമെന്റുകളില്‍ അനുഭവസമ്പത്തുള്ള താരങ്ങള്‍ നിര്‍ണായക നിമിഷങ്ങളില്‍ അവസരത്തിനൊത്ത് ഉയരണമായിരുന്നു. എന്നാല്‍ ടീമിന്റെ ടോപ്പ് ഓര്‍ഡര്‍ പരാജയപ്പെട്ടത് തിരിച്ചടിയായി,’ പോണ്ടിങ് പറഞ്ഞു.

സിംബാബ്‌വേയ്‌ക്കെതിരായ തോല്‍വിയെ കുറിച്ചും പോണ്ടിങ് സംസാരിച്ചു.

‘ഒരു ഐ.സി.സി ടൂര്‍ണമെന്റില്‍ സിംബാബ്‌വേ ഓസ്‌ട്രേലിയയോട് ഇത്തരത്തില്‍ ജയിക്കുക എന്നത് അവിശ്വസനീയമാണ്. ഈ തോല്‍വി ടീമിനെ മാനസികമായി തളര്‍ത്തി,’ അദ്ദേഹം പറഞ്ഞു.

ഓസ്‌ട്രേലിയ. Photo: ICC

ശ്രീലങ്കന്‍ സാഹചര്യത്തില്‍ ശ്രീലങ്കയെ നേരിടുന്നത് പ്രയാസകരമാകുമെന്ന് നേരത്തെ കണക്കുകൂട്ടിയിരുന്നെങ്കിലും സിംബാബ്‌വേയ്‌ക്കെതിരായ തോല്‍വി അപ്രതീക്ഷിതമായിരുന്നെന്നും മുന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.

അടുത്ത ലോകകപ്പില്‍ സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്‍ ടീമിലുണ്ടാകാന്‍ സാധ്യതയില്ലെന്നും പോണ്ടിങ് ചൂണ്ടിക്കാട്ടി.

‘ഗ്ലെന്‍ മാക്‌സ്‌വെല്‍, അവന്‍ അടുത്ത ലോകകപ്പിനുണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. എനിക്ക് തോന്നുന്നത് അവന്റെ കരിയര്‍ അവസാനത്തിലേക്ക് അടുക്കുന്നു എന്നാണ്,’ പോണ്ടിങ് പറഞ്ഞു.

ലോകകപ്പില്‍ അയര്‍ലന്‍ഡിനെതിരെ കൂറ്റന്‍ വിജയം നേടിയാണ് കങ്കാരുക്കള്‍ ലോകകപ്പ് ക്യാമ്പെയ്ന്‍ ആരംഭിച്ചത്. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 67 റണ്‍സിനായിരുന്നു ടീമിന്റെ വിജയം.

രണ്ടാം മത്സരത്തില്‍ 23 റണ്‍സിവനായിരുന്നു സിംബാബ്‌വേയോട് ഓസീസ് അടിയറവ് പറഞ്ഞത്. ഷെവ്‌റോണ്‍സ് ഉയര്‍ത്തിയ 170 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസീസ് 20 ഓവര്‍ പൂര്‍ത്തിയാകും മുമ്പ് തന്നെ ഓള്‍ഔട്ടായി.

ലങ്കയക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച ശേഷമായിരുന്നു ടീമിന്റെ പരാജയം. പല്ലേക്കലെയില്‍ ട്രാവിസ് ഹെഡിന്റെയും ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിന്റെയും കരുത്തില്‍ 181 റണ്‍സ് നേടിയെങ്കിലും പാതും നിസങ്കയുടെ സെഞ്ച്വറിയുടെയും കുശാല്‍ മെന്‍ഡിസിന്റെ അര്‍ധ സെഞ്ച്വറിയുടെയും കരുത്തില്‍ ലങ്കന്‍ സിംഹങ്ങള്‍ കങ്കാരുക്കളെ തകര്‍ത്തുവിടുകയായിരുന്നു.

ഇന്നാണ് ഓസീസ് ലോകകപ്പിലെ തങ്ങളുടെ അവസാന മത്സരത്തിനിറങ്ങുന്നത്. പല്ലേക്കലെയില്‍ നടക്കുന്ന മത്സരത്തില്‍ ഒമാനാണ് എതിരാളികള്‍.

 

Content Highlight: Ricky Ponting criticize Australian team

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.