2026 ടി-20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യ തങ്ങളുടെ 15 അംഗ സ്‌ക്വാഡ് പുറത്തുവിട്ടിരുന്നു. എന്നാല്‍ സ്‌ക്വാഡില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ ഒഴിവാക്കിയത് അമ്പരപ്പിക്കുന്ന തീരുമാനമാണെന്ന് പറയുകയാണ് ഓസീസ് ഇതിഹാസം റിക്കി പോണ്ടിങ്.
സമീപകാലങ്ങളില്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഗില്ലിന്റെ ഫോം മികച്ചതല്ലെങ്കിലും താരത്തെ ഒഴിവാക്കിയത് തനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് പോണ്ടിങ് പറഞ്ഞു. ഗില്ലിനെ പോലൊരു മികച്ച താരത്തെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തുന്നില്ലെങ്കില്‍ ഇന്ത്യക്ക് എത്ര മികച്ച താരങ്ങള്‍ ഉണ്ടാകുമെന്നും പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.
‘ഇതെനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. സമീപകാലങ്ങളില്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അവന്റെ ഫോം മികച്ചതല്ലെന്ന് എനിക്കറിയാം. അവസാനമായി ഞാന്‍ അവനെ മികച്ച ഫോമില്‍ കണ്ടത് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലാണ്. അവിടെ ഇതുവരെ ഒരു താരവും നടത്താത്ത മികച്ച പ്രകടനമാണ് അവന്‍ നടത്തിയത്.
എനിക്ക് ഇതില്‍ അത്ഭുതം തോന്നുന്നു. ഇത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ആഴമാണ് കാണിക്കുന്നത്. ഗില്ലിനെ പോലൊരു മികച്ച താരത്തെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തുന്നില്ലെങ്കില്‍ ഇന്ത്യക്ക് എത്ര മികച്ച താരങ്ങള്‍ ഉണ്ടാകുമെന്ന് ചിന്തിച്ചുപോകുന്നു,’ റിക്കി പോണ്ടിങ് പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ക്യാപ്റ്റനായും ബാറ്ററായും ഒരുപോലെ തിളങ്ങിയ ഗില്ലിന് ഇന്ത്യയുടെ ഏകദിന ക്യാപ്റ്റന്‍സിയും ബി.സി.സി.ഐ നല്‍കിയിരുന്നു. എന്നാല്‍ ഗില്ലിനെ ഓള്‍ ഫോര്‍മാറ്റ് താരമാക്കാനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം ടി-20യില്‍ ഫലിച്ചില്ലായിരുന്നു.
സഞ്ജു സാംസണിന് പകരമായി ഓപ്പണിങ് പൊസിഷനിലേക്ക് വൈസ് ക്യാപ്റ്റനായി എത്തിയ ഗില്ലിന് ഫോം കണ്ടെത്താന്‍ സാധിച്ചില്ല. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടി-20 പരമ്പരയില്‍ നിന്നും 33 റണ്‍സ് മാത്രം നേടിയ ഗില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. കഴിഞ്ഞ 15 മത്സരങ്ങളില്‍ നിന്ന് 266 റണ്‍സാണ് ടി-20യില്‍ ഗില്ലിന്റെ സമ്പാദ്യം.
മാത്രമല്ല മികച്ച പ്രകടനം നടത്തിയ സഞ്ജു സാംസണിന് അര്‍ഹിച്ച അവസരം നഷ്ടപ്പെടുന്നുവെന്ന് വിമര്‍ശനങ്ങളും ഉയര്‍ന്നു. എന്നാല്‍ പ്രോട്ടിയാസിനെതിരായ അഞ്ചാം മത്സരത്തില്‍ സഞ്ജു കളത്തിലിറങ്ങി മികച്ച പ്രകടനം നടത്തിയതിന് പുറമേ ഗില്ലിന് ടി-20യില്‍ തന്റെ സ്ഥാനവും ഇല്ലാതായി. ബാറ്റ് കൊണ്ട് പൂര്‍ണമായും പരാജയപ്പെട്ട ഗില്ലിന് 2026 ലെ ടി-20 ലോകകപ്പില്‍ സ്ഥാനവും ലഭിച്ചില്ല. സഞ്ജുവാണ് ഇന്ത്യയുടെ ഓപ്പണറും ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറും.
Content Highlight: Rickey Ponting Talking About Shubhman Gill And Indian Cricket