Administrator
Administrator
മുഖ്യധാര മാധ്യമങ്ങള്‍ പിടിച്ചെടുക്കുക…
Administrator
Wednesday 14th March 2012 9:07pm

മാധ്യമ സ്ഥാപനങ്ങള്‍ വ്യവസായ സ്ഥാപനങ്ങളും മാധ്യമങ്ങള്‍ ഉല്‍പ്പന്നവുമായി മാറിയ ഈ കാലത്താണ് മുഖ്യധാരാ മാധ്യമങ്ങള്‍ പിടിച്ചടക്കുകയെന്ന മുദ്രാവാക്യം ഉയരേണ്ടത്. ഭരണകൂടവും നിയമവും മുതലാളിത്തത്തിന്റെ നടത്തിപ്പ് കാരായി മാറുമ്പോള്‍ 99 ശതമാനത്തിന്റെ അവസാനത്തെ അത്താണിയായി മാറേണ്ടത് മാധ്യമങ്ങളാണ്. എന്നാല്‍ ഈ ധര്‍മ്മം പുലര്‍ത്താന്‍ കഴിയാനാവാത്ത വിധം മാധ്യമങ്ങള്‍ മുതലാളിത്തത്തിന്റെ ഉപകരണമായി മാറിക്കഴിഞ്ഞു.

എന്നാല്‍ തങ്ങള്‍ സമൂഹത്തിന് വേണ്ടിയാണ് നിലനില്‍ക്കുന്നതെന്നും സമൂഹത്തിലെ പാവപ്പെട്ടവന്റെ ആവിഷ്‌കാരമാണ് തങ്ങളുടെ വാര്‍ത്തകളെന്നും മാധ്യമങ്ങള്‍ കള്ള സത്യം നടത്തുകയും ചെയ്യുന്നു. ബദല്‍ മാധ്യമങ്ങള്‍ കടന്നുവന്നേ മതിയാവൂ. പക്ഷെ അതിന് മുഖ്യധാരയെ പിടിച്ചെടുക്കേണ്ടതുണ്ട്. അല്ലെങ്കില്‍ തകര്‍ക്കേണ്ടതുണ്ട്. ‘മുഖ്യധാരാ മാധ്യമങ്ങള്‍ പിടിച്ചടക്കുക’ എന്ന (Occupy Mainstream Media) ലേഖനത്തിലൂടെ മാധ്യമപ്രവര്‍ത്തകന്‍ റിച്ചാര്‍ഡ് ഷിഫ്മാന്‍ (Richard Schiffman) പങ്കുവെക്കുന്നത് ഈ ആശയമാണ്. നാഷണല്‍ പബ്ലിക് റേഡിയോയില്‍ ജേര്‍ണലിസ്റ്റായിരുന്ന റിച്ചാര്‍ഡ് പിന്നീട് രാജിവെച്ച് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം നടത്തിവരികയാണ്.

മൊഴിമാറ്റം: റഫീഖ് മൊയ്തീന്‍

ക്യുപൈ മൂവ്‌മെന്റില്‍ പങ്കെടുത്ത കാരണത്താല്‍ വ്യത്യസ്ത സംഭവങ്ങളില്‍ കഴിഞ്ഞ ഒക്ടോബറില്‍ രണ്ട് പബ്ലിക് റേഡിയോ നിര്‍മ്മാതാക്കളെ പിരിച്ചു വിടുകയുണ്ടായി. സംഭവമറിഞ്ഞ എനിക്ക് വളരെ നിരാശ തോന്നിയെങ്കിലും ആ പ്രവൃത്തിയില്‍ അത്ഭുതമൊന്നും തോന്നിയില്ല. ഇതിനു മുമ്പും എന്‍.പി.ആര്‍ (National Public Radio) പലപ്പോഴും സ്വാതന്ത്ര്യ നിഷേധം നടത്തുകയുണ്ടായിട്ടുണ്ട്. (അമേരിക്കയിലെ പബ്ലിക് റേഡിയോ ശൃംഖലയാണ് എന്‍.പി.ആര്‍ അഥവാ നാഷണല്‍ പബ്ലിക് റേഡിയോ).

വലതും ഇടതുമല്ലാതെ നട്ടെല്ലില്ലാത്ത നിഷ്പക്ഷതയാണ് അവരുടേത് എന്ന് ഒരു മുന്‍ എന്‍.പി.ആര്‍ ഫ്രീലാന്‍സര്‍ എന്ന നിലയില്‍ എനിക്ക് സാക്ഷ്യപ്പെടുത്താന്‍ സാധിക്കും. പണവും സ്വാധീനവും അധികാരവുമുള്ള വെളുത്തവന്റെ കാഴ്ചപ്പാടുകള്‍ പരിരക്ഷിക്കാന്‍ വേണ്ടിയാണ് ഇതെന്ന് ഫെയര്‍ (FAIR-Fairness and Accuracy in Reporting) അടുത്തിടെ നടത്തിയ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.

യുദ്ധത്തില്‍ ഒറ്റപ്പെട്ട തടവുകാരെ പോലെ എന്‍.പി.ആര്‍ ഒറ്റപ്പെട്ടിരിക്കുന്നു. മറുപക്ഷത്തുള്ളവരുടെ ജീവിതം എന്താണെന്നും എങ്ങിനെയാണെന്നും അവര്‍ ഇതുവരെ അന്വേഷിച്ചിട്ടോ കണ്ടെത്തിയിട്ടോ ഇല്ല. എന്‍.പി.ആറിനെ പോലുള്ള മുഖ്യധാരാ മാധ്യമങ്ങള്‍ പറയുന്നത് അവര്‍ക്ക് ഒക്യുപൈ മൂവ്‌മെന്റ്  എന്താണെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല എന്നാണ്. പ്രക്ഷോഭകാരികള്‍ക്ക് വ്യക്തമായ ലക്ഷ്യങ്ങളും യുക്തിയുമുള്ള അജണ്ടയും ഇല്ല എന്നാണ് അവരുടെ വാദം. പ്രക്ഷോഭകാരികള്‍ പറയുന്നത് എന്തെന്ന് മനസ്സിലാക്കാന്‍ സമൂഹത്തിലെ സമ്പന്ന ബുദ്ധിജീവി വര്‍ഗ്ഗത്തിന് സാധിക്കുന്നില്ലെങ്കിലും അമേരിക്കയിലെ പകുതിയോളം പാവപ്പെട്ടവര്‍ പ്രക്ഷോഭത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ മനസ്സിലാക്കി അവരെ  പിന്തുണയ്ക്കുന്നുവന്ന് കണക്കുകള്‍ കാണിക്കുന്നു.

പിന്നെന്തു കൊണ്ടാണ് ബോധവും ബോധ്യവുമുള്ള മാധ്യമപ്രവര്‍ത്തകര്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്? ഒരുപക്ഷേ അവര്‍ പ്രക്ഷോഭം ലക്ഷ്യം വെക്കുന്ന ശക്തമായ വൃന്ദത്തിന്റെ കുഴലൂത്തുകാരായതു കൊണ്ടാവാം. രാഷ്ട്രീയമായ ഉപജാപങ്ങള്‍ക്കും നിയമനിര്‍മ്മാണ സഭകളിലെ ഗൂഢാലോചനകള്‍ക്കും അപ്പുറത്ത് എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാനുള്ള ബുദ്ധി അവര്‍ക്ക് നഷ്ടപ്പെട്ടതു കൊണ്ടാവാം.

എന്‍.പി.ആറില്‍ ഫ്രീലാന്‍സ് റിപ്പോര്‍ട്ടറായി ജോലി ചെയ്തിരുന്ന തൊണ്ണൂറുകളില്‍ സോഷ്യല്‍ സര്‍വ്വീസ് എന്ന നിലക്ക് മാന്‍ഹാട്ടനിലെ തെരുവുകളില്‍ സൗജന്യമായി ഭക്ഷണം വിതരണം ചെയ്തിരുന്ന ഒരു സംഘത്തില്‍ ഞാന്‍ ഉണ്ടായിരുന്നു. ഭക്ഷണത്തിനായി എത്തുന്നവരുടെ നിര ഓരോ ദിവസവും നീണ്ടു പോകുന്നത് ഞങ്ങള്‍  ശ്രദ്ധിക്കാറുണ്ടായിരുന്നു. ക്യൂ നില്‍ക്കുന്നവര്‍ സമൂഹത്തിലെ മധ്യവര്‍ഗ്ഗമാണ് എന്ന് അവരുടെ വസ്ത്രധാരണത്തിലൂടെ മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു. എന്തുകൊണ്ടാണ് ഈ മധ്യവര്‍ഗ്ഗ സമൂഹത്തിന് മരംകോച്ചുന്ന തണുപ്പത്ത് തെരുവില്‍ സൗജന്യ ഭക്ഷണത്തിനായി വരിനില്‍ക്കേണ്ടി വന്നത്?

ഈ കാഴ്ചയെ സംബന്ധിച്ചുള്ള ഒരു സ്‌റ്റോറി എന്റെ എഡിറ്റര്‍ക്ക് നല്‍കി. നഗരങ്ങളിലെ പട്ടിണിയെക്കുറിച്ചായിരുന്നു അത്. എന്‍.പി.ആറില്‍ അന്ന് ഏറ്റവും ശ്രോതാക്കളുണ്ടായിരുന്ന പ്രഭാതത്തിലെ പ്രൈം ടൈമില്‍ തന്നെ അത് പ്രക്ഷേപണം ചെയ്തു. നഗരങ്ങളിലെ ഉപരിമധ്യ വര്‍ഗ്ഗത്തിനിടയില്‍ ഭക്ഷണം വിതരണം ചെയ്യുന്ന സംഘടനകളുമായുള്ള അഭിമുഖമായിരുന്നു ആ പ്രോഗ്രാം.

പ്രസിഡന്റായിരുന്ന ക്ലിന്റണ്‍ന്റെ പുതിയ സാമൂഹിക ക്ഷേമ നിയമം പാസ്സാക്കിയ സമയത്തായിരുന്നു അത്. വിശന്ന വയറുമായി രാത്രി ഉറങ്ങാന്‍ കിടക്കുന്ന ലക്ഷക്കണക്കിന് പേര്‍ അമേരിക്കയില്‍ ഉണ്ടെന്നാണ് ഞാന്‍ അന്ന് ആ പരിപാടിയില്‍ പറഞ്ഞിരുന്നത്. ഗവണ്‍മെന്റിന്റെ സുതാര്യമല്ലാത്ത ഭക്ഷ്യ നിയമങ്ങള്‍ പട്ടിണിയിലാകുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് ഞങ്ങള്‍ വിലയിരുത്തി. ദുഃഖകരമെന്ന് പറയട്ടെ, അത് അക്ഷരം പ്രതി സത്യമായിരിക്കുകയാണ്.

സ്‌റ്റോറിക്ക് ലഭിച്ച നല്ല പ്രതികരണം എന്നെ ആവേശഭരിതനാക്കി. ബിസിനസ് റിപ്പോര്‍ട്ടര്‍ എന്ന പോലെ വീടില്ലാത്തവരുടെ കഥകള്‍ പറയാന്‍ വേണ്ടി മാത്രം ഒരു ‘പോവെര്‍ട്ടി റിപ്പോര്‍ട്ടര്‍’ (Povetry Reporter) ആയാലോ എന്നു പോലും ഞാന്‍ ചിന്തിച്ചു. പക്ഷേ, ഞങ്ങളുടെ എഡിറ്റര്‍ക്ക് അത് അത്ര ഇഷ്ടപ്പെട്ടിരുന്നില്ല. ഞാന്‍ അയച്ച ഇമെയിലിന് മറുപടി തരാന്‍ പോലും അദ്ദേഹം തയ്യാറായില്ല. ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചപ്പോള്‍ ‘നിങ്ങള്‍ പക്ഷപാതിത്വം കാണിച്ചു, ഇനി മേലാല്‍ താങ്കളെ അത്തരം പരിപാടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് വിലക്കുകയാണ്’ എന്നാണ് അദ്ദേഹം പറഞ്ഞത്.

ഞാന്‍ ഞെട്ടിപ്പോയി, വിശക്കുന്ന ജനങ്ങളെപ്പറ്റി എഴുതിയതിനാല്‍ എന്നെ പക്ഷപാതി ആക്കിയിരിക്കുന്നു. ‘പക്ഷേ കെന്‍, താങ്കളല്ലേ ആ സ്‌റ്റോറി എഡിറ്റു ചെയ്തത്? അതില്‍ എന്താണ് പക്ഷപാതിത്വം ഉണ്ടായിരുന്നത്?’ ഞാന്‍ ചോദിച്ചു. അദ്ദേഹത്തിന് മറുപടി ഇല്ലായിരുന്നു. അദ്ദേഹത്തിന് അതില്‍ പങ്കുണ്ടായിരുന്നില്ല എന്ന് ഞാന്‍ മനസ്സിലാക്കി. മേലധികാരികളുടെ തീരുമാനമായിരുന്നു അത്. അങ്ങിനെ ഞാന്‍ എന്‍.പി.ആര്‍ ന്യൂസ് മാഗസിനുകള്‍ക്ക് വേണ്ടി റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ നിന്നും തടയപ്പെട്ടു. എങ്കിലും കുറച്ചു കാലം കൂടി ആ രംഗത്ത് തുടരാന്‍ സാധിച്ചു.

ഈ അനുഭവം മാധ്യമ ലോകത്തിന്റെ അവസ്ഥയെക്കുറിച്ച് എനിക്ക് കിട്ടിയ ഒരു പുതിയ അറിവായിരുന്നു. ചെറുപ്പ കാലം മുതല്‍ക്കേ ജേര്‍ണലിസ്റ്റുകളെയും റിപ്പോര്‍മാരെയും എനിക്ക് ഇഷ്ടമായിരുന്നു. കുട്ടിയായിരിക്കുന്ന സമയത്ത്, ‘എല്ലാ വാര്‍ത്തകളും പ്രിന്റ് ചെയ്യും’ (All the News That’s Fit to Print) എന്ന ന്യൂയോര്‍ക്ക് ടൈംസിന്റെ മാസ്റ്റര്‍ ഹെഡിലുള്ള ലോഗോയിലേക്ക് ഞാന്‍ വെറുതെ നോക്കിയിരിക്കുകയായിരുന്നു. അതെന്താണെന്ന് എനിക്ക് മനസ്സിലാകാത്തത് കൊണ്ടല്ലായിരുന്നു, ഞാനത് വിശ്വസിച്ചിരുന്നു. എന്റെ കുടുംബത്തിനും അത് അങ്ങിനെ തന്നെ ആയിരുന്നു. ലോകത്ത് നടക്കുന്ന സംഭവ വികാസങ്ങള്‍ അതില്‍ അച്ചടിച്ചു വന്നാല്‍ ഞങ്ങള്‍ അപ്പടി വിശ്വസിച്ചിരുന്നു.

എല്ലാ അമേരിക്കക്കാരെയും പോലെ തന്നെ മാധ്യമങ്ങളില്‍ ഞാന്‍ അന്ധമായി വിശ്വസിച്ചിരുന്നു. വാള്‍ട്ടര്‍ ക്രോണ്‍കൈറ്റ് (Walter Cronkite), ഹണ്ട്‌ലി (Huntley) ബ്രിന്‍ക്‌ലി (Brinkley) എന്നിവരാരെങ്കിലുമാണ് ഒരു കാര്യം പറഞ്ഞതെങ്കില്‍ അത് സത്യം ആണ് എന്നായിരുന്നു ജനങ്ങളുടെ വിശ്വാസം. പക്ഷേ വിയറ്റ്‌നാം യുദ്ധത്തോടെ ഈ വിശ്വാസം ക്രമേണ ഇല്ലാതാവാന്‍ തുടങ്ങി. ദക്ഷിണേഷ്യയിലെ അമേരിക്കയുടെ സൈനിക ഇടപെടലുകള്‍ വിമര്‍ശനാത്മകമായി വിലയിരുത്തപ്പെടാന്‍ തുടങ്ങി. ‘വിജയിക്കാനാവാത്ത യുദ്ധം’ എന്ന് മാധ്യമങ്ങള്‍ വിയറ്റ്‌നാം യുദ്ധത്തെ വിധിയെഴുതിയപ്പോള്‍ ബെന്‍ ജോണ്‍സന്‍ പറഞ്ഞ വാക്കുകള്‍ പ്രശസ്തമാണ്: ‘

‘എനിക്ക് വാള്‍ട്ടര്‍ കോണ്‍ക്രൈറ്റിനെ നഷ്ടമായാല്‍ പാതി അമേരിക്ക നഷ്ടമായ പോലെയാണ്”. ആഴ്ചകള്‍ക്കു ശേഷം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സിരിക്കുന്നില്ലെന്ന് ജോണ്‍സണ്‍ പ്രഖ്യാപിക്കുകയും ചെയ്തു. കാര്യങ്ങള്‍ എത്രത്തോളം മാറിയെന്ന് ഇത് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഒരു സര്‍വ്വേയില്‍ അമേരിക്കന്‍ മീഡിയകളെ ഏറ്റവും വിശ്വസിക്കാന്‍ കൊള്ളാത്ത സ്ഥാപനമായി തിരഞ്ഞെടുത്തിരുന്നു. രണ്ടാം സ്ഥാനത്ത് അമേരിക്കയിലെ ഇന്‍ഷൂറന്‍സ് കമ്പനികളും ബാങ്കുകളുമാണ് സ്ഥാനം പിടിച്ചത്.

പക്ഷേ ഇപ്പോള്‍ സംഗതികള്‍ മാറി മറിഞ്ഞിരിക്കുന്നു. വാര്‍ത്തകളുടെയും വിവരങ്ങളുടെയും ഇടനിലക്കാരില്ലാത്ത ലഭ്യത യഥാര്‍ത്ഥ്യം മനസ്സിലാക്കി തരുന്നു. വ്യത്യസ്ത വഴികളിലൂടെയുള്ള വിവരങ്ങള്‍ നുണപ്രചാരണങ്ങള്‍ തിരിച്ചറിയാനും ശരി ഏതെന്ന് കണ്ടെത്താനും സഹായിക്കുന്നു. സമൂഹത്തിന്റെയും സാമ്പത്തിക സംവിധാനങ്ങളുടെയും വ്യവസ്ഥാപിത ചട്ടക്കൂട്ടില്‍ നിന്ന് പുറത്തു കടന്ന് ജനങ്ങള്‍ ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നാണ് ഒക്യുപൈ മൂവ്‌മെന്റുകളുടെ ഉയര്‍ച്ച വ്യക്തമാക്കുന്നത്.

സ്വതന്ത്ര മുതലാളിത്ത വിപണിയില്‍ നിന്ന് കിട്ടിയ അറിവ് കൈമുതലാക്കി അവര്‍ മുതലാളിത്തത്തെ ചോദ്യം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. ശമിക്കാത്ത ആര്‍ത്തിയാണ് ബാങ്കുകളെ പ്രതിസന്ധിയിലാക്കി സമൂഹത്തെ നാശത്തിലേക്ക് നയിച്ചത് എന്നും അവര്‍ മനസ്സിലാക്കിയിരിക്കുന്നു. പശ്ചിമേഷ്യയിലെ അമേരിക്കയുടെ അവസാനിക്കാത്ത യുദ്ധങ്ങള്‍ സമ്പദ് വ്യവസ്ഥയെ കൊള്ളയടിച്ചിരിക്കുന്നു എന്നും അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഈ സമരം സമ്പന്നരുടെ മാധ്യമ ആധിപത്യം പാര്‍ശ്വവല്‍ക്കരിക്കുകയോ കുഴിച്ചുമൂടുകയോ ചെയ്ത 99 ശതമാനത്തിന്റെ ശബ്ദം തിരിച്ചു പിടിക്കുന്നതിനു വേണ്ടിയാണ്.

വാള്‍സ്ട്രീറ്റില്‍ നടക്കുന്ന കാര്യങ്ങള്‍ പ്രക്ഷോഭകര്‍ ലൈവായി ലോകത്താകമാനം അറിയിച്ചിരുന്ന കംപ്യൂട്ടറുകള്‍ സ്ഥാപിച്ച സുക്കോട്ടി പാര്‍ക്ക് റെയ്ഡ് ചെയ്യുന്ന രംഗം എന്റെ മനസ്സില്‍ തങ്ങി നില്‍ക്കുന്നു. മാധ്യമങ്ങളില്‍ നിന്നല്ല ഞാന്‍ ഒക്യുപൈ സമരത്തെക്കുറിച്ച് അറിഞ്ഞത്. സ്വതന്ത്രബ്ലോഗര്‍മാര്‍ വഴിയാണ്. ബ്രുക്ക്‌ലിന്‍ ബ്രിഡ്ജില്‍ പ്രക്ഷോഭകരെ കൂട്ട അറസ്റ്റ് ചെയ്തതിനു ശേഷം മാത്രമാണ് ഒക്യുപൈ സമരങ്ങള്‍ മാധ്യമങ്ങളില്‍ വരാന്‍ തുടങ്ങിയത്.

2011ലെ ഏറ്റവും വലിയ രാഷ്ട്രീയ വാര്‍ത്ത ആകാന്‍ പോകുന്ന ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ചെറിയ ക്യമാറകള്‍ ഉള്ള ഒരുകൂട്ടം ബ്ലോഗര്‍മാരാണ്. 2011 ലെ മുഖ്യ രാഷ്ട്രീയ ചര്‍ച്ചാവിഷയമായിത്തീരേണ്ട സ്‌റ്റോറി എന്തായിരിക്കെമെന്ന് തീരുമാനിക്കുന്ന മാധ്യമ പണാധിപത്യത്തെ മറികടന്നുകൊണ്ട് ഈ ബ്ലോഗ്ഗര്‍മാര്‍ അവരുടേതായ രീതിയില്‍ വാര്‍ത്തകള്‍ ലോകം മുഴുവന്‍ എത്തിച്ചു. ഇതിനും ഒരാഴ്ച മുമ്പ് സുഹൃത്തുക്കള്‍ അയച്ചു തന്ന ഒക്യുപൈ മൂവ്‌മെന്റ് വൈബ്‌സൈറ്റിന്റെ ലിങ്ക് വഴിയും ഇമെയിലുകള്‍ വഴിയുമാണ് ഞാന്‍ ഇതിനെക്കുറിച്ച് അറിയുന്നത്. മറ്റൊരു പ്രധാനകാര്യം മാധ്യമലോകത്തെ കാവല്‍ക്കാരെ മറികടന്നുകൊണ്ട് അവര്‍ അവരുടെ കഥ അവരുടേതായ രീതിയില്‍ ഈ കാലഘട്ടത്തിലെ ആദ്യത്തെ ജനകീയ സമരം എന്ന അവരുടെ ഭാഷയില്‍ അവതരിപ്പിച്ചു.

ഒക്യുപൈ പ്രക്ഷോഭത്തെ ഈ കാലഘട്ടത്തിലെ ആദ്യത്തെ ജനകീയ സമരം എന്ന് പറയാനാവില്ലായിരിക്കാം. അറബ് വസന്തത്തിനാണ് ആ സ്ഥാനം. അറബ് വസന്തമെന്ന ചരിത്രപരമായ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ചൂടിലാണ് ഒക്യുപൈ മൂവ്‌മെന്റുകള്‍ തുടങ്ങുന്നത്. അതുകൊണ്ട് തന്നെ അറബ് വസന്തത്തിനും ഒക്യുപൈ സമരങ്ങള്‍ക്കും പല സാദ്യശ്യങ്ങളുമുണ്ട്. പല സ്ഥലങ്ങളിലായി ലോകത്താകമാനം തുടരെ തുടരെ ഉണ്ടായ നീക്കങ്ങളാണ് ഈ രണ്ടിനെയും ശക്തിപ്പെടുത്തുന്നത്. മുഖ്യധാരാ മാധ്യമങ്ങള്‍ അല്ല, ഡിജിറ്റല്‍ കാലഘട്ടവും സോഷ്യല്‍ മീഡിയകളുമാണ് ഇവയ്ക്ക് ശക്തി പകര്‍ന്നത്. അതു തന്നെയാണ് ഏറ്റവും വലിയ വാര്‍ത്തയും.

Malayalam news

Kerala news in English

Advertisement