ആര്‍ജി കറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മയെ പൊലീസ് മര്‍ദിച്ചെന്ന് ആരോപണം; അന്വേഷിക്കുമെന്ന് കമ്മീഷണര്‍
India
ആര്‍ജി കറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മയെ പൊലീസ് മര്‍ദിച്ചെന്ന് ആരോപണം; അന്വേഷിക്കുമെന്ന് കമ്മീഷണര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th August 2025, 7:56 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ ലൈംഗികാതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട യുവ ഡോക്ടറുടെ മാതാവിനെ പൊലീസ് ആക്രമിച്ചെന്ന ആരോപണം അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി. ആരോപണം സത്യമായാലും നുണയായാലും അന്വേഷിക്കുമെന്ന് കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ മനോജ് വര്‍മ പറഞ്ഞു.

ഇന്നലെ (ശനിയാഴ്ച) നടന്ന ‘മാര്‍ച്ച് ടു നബന്ന’ പരിപാടിക്കിടെ പൊലീസ് തല്ലിയെന്നാണ് പെണ്‍കുട്ടിയുടെ അമ്മയുടെ ആരോപണം. പരാതി ലഭിച്ചില്ലെങ്കില്‍ കൂടി ആരോപണത്തില്‍ സ്വമേധയാ അന്വേഷണം നടത്തുമെന്നും മനോജ് വര്‍മ വ്യക്തമാക്കി.

നിലവില്‍ അന്വേഷണം ആരംഭിച്ചതായും യുവ ഡോക്ടറുടെ അമ്മയെ ആരെങ്കിലും തല്ലിയിട്ടുണ്ടെങ്കില്‍ അവരെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. സി.സി.ടി.വി കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുകയാണെന്നും മനോജ് വര്‍മ അറിയിച്ചു.

ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ വെച്ച് കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ കൊല്‍ക്കത്തയിലുടനീളം പ്രതിഷേധം റാലികള്‍ നടന്നിരുന്നു. എന്നാല്‍ പലയിടങ്ങളിലും പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു.

ഇതില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പെടെ പരിക്കേല്‍ക്കുകയുമുണ്ടായി. പരിക്കേറ്റതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥര്‍ ചികിത്സയില്‍ കഴിയുന്ന എസ്.എസ്.കെ.എം ആശുപത്രിയിലെത്തിയപ്പോഴാണ് പെണ്‍കുട്ടിയുടെ അമ്മ ഉന്നയിച്ച ആരോപണത്തില്‍ കൊല്‍ക്കത്ത കമ്മീഷണര്‍ പ്രതികരിച്ചത്. അഞ്ച് പൊലീസുകാര്‍ ചേര്‍ന്ന് അടിച്ചെന്നും തലയ്ക്ക് പരിക്കേറ്റെന്നുമാണ് ആരോപണം.

ഇതിനിടെ ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെ അമ്മയെ കണ്ടിരുന്നു. അമ്മയുടെ പരിക്ക് ഗുരുതരമാണെന്നും സി.ടി സ്‌കാന്‍ ഉള്‍പ്പെടെ എടുത്തിട്ടുണ്ടെന്നും സുവേന്ദു പറഞ്ഞു.

കൂടാതെ പെണ്‍കുട്ടിയുടെ അമ്മയ്ക്ക് പുറമെ അച്ഛനും പരിക്കേറ്റിട്ടുണ്ടെന്നാണ് സുവേന്ദു അധികാരി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിനുപുറമെ 100ലധികം ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും പൊലീസ് ഏറ്റുമുട്ടലില്‍ പരിക്കേറ്റതായും സുവേന്ദു ആരോപിച്ചിരുന്നു.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ശനിയാഴ്ച കൊല്‍ക്കത്തയില്‍ നടന്ന പ്രതിഷേധങ്ങളില്‍ പൊലീസ് ഏഴ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഡ്യൂട്ടിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന് ബി.ജെ.പി നേതാക്കളായ അശോക് ദിന്‍ഡ, അഗ്‌നിമിത്ര പോള്‍, കൗസ്തവ് ബാഗ്ചി എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.

2024 ഓഗസ്റ്റ് ഒമ്പതിനാണ് ആര്‍ജി കര്‍ ആശുപത്രിയില്‍ ബലാത്സംഗത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ടത്. യുവഡോക്ടറുടെ മരണം രാജ്യവ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു.

അന്വേഷണത്തില്‍ മുന്‍ സിവിക് പൊലീസ് വോളണ്ടിയറായ സഞ്ജയ് റോയിയെയാണ് കുറ്റകൃത്യവുമായി ബന്ധപ്പെട്ട ഏക പ്രതിയായി സി.ബി.ഐ കണ്ടെത്തിയിരുന്നത്. തുടര്‍ന്ന് സിയാല്‍ദ സെഷന്‍സ് കോടതി റോയിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

Content Highlight: Police allege beating of mother of girl killed in RG Kar; Commissioner to investigate