വിപ്ലവ കവി ഗദ്ദറിന്റെ മകള്‍ തെലങ്കാനയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി; ഇടത് പിന്തുണയുണ്ടെന്ന് അവകാശം
national news
വിപ്ലവ കവി ഗദ്ദറിന്റെ മകള്‍ തെലങ്കാനയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി; ഇടത് പിന്തുണയുണ്ടെന്ന് അവകാശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th November 2023, 11:34 am

ഹൈദരാബാദ്: വിപ്ലവ കവി ഗദ്ദറിന്റെ മകള്‍ ഡോ.ജി.വി. വെണ്ണില തെലങ്കാനയ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. ബി.ആര്‍.എസിന്റെ ഉറച്ച സീറ്റുകളിലൊന്നായ സെകന്ദരാബാദ് കന്റോണ്‍മെന്റ് മണ്ഡലത്തിലാണ് വെണ്ണില മത്സരിക്കുന്നത്. പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇടതു പാര്‍ട്ടികളുടെ പിന്തുണ തനിക്കുണ്ടെന്ന് ഡോ. വെണ്ണില ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ചുവപ്പും കറുപ്പും നിറമുള്ള പിതാവിന്റെ കമ്പിളി ചുമലിലിട്ടാണ് വെണ്ണില വോട്ടര്‍മാരെ കാണാനിറങ്ങുന്നത്. പദയാത്രയായാണ് വെണ്ണില വോട്ടര്‍മാരെ കാണുന്നത്. പിതാവിന്റെ കവിതകളുമായാണ് പ്രവര്‍ത്തകര്‍ വെണ്ണിലയെ അനുഗമിക്കുന്നത്. സാധാരണക്കാരായ ജനങ്ങളുടെ ജീവിതം തനിക്കറിയാമെന്നും അത് തന്നെയാണ് തന്റെ ബലമെന്നും വെണ്ണില പറയുന്നു. പരസ്യമായി പ്രഖ്യാപിച്ചില്ലെങ്കിലും പിതാവിനെ ഇഷ്ടപ്പെടുന്ന ഇടത് പാര്‍ട്ടികളുടെ പിന്തുണ തനിക്കുണ്ടെന്നും ആത്യന്തികമായി അവരും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്നും വെണ്ണില പറഞ്ഞു.

ജനം മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അവര്‍ തനിക്കൊപ്പം നില്‍ക്കുമെന്നും വെണ്ണില ആത്മവിശ്വാസം പ്രകടിപ്പിച്ചു. തെലങ്കാനയെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയത് സോണിയഗാന്ധിയാണെന്നും അതുകൊണ്ടാണ് പിതാവ് അവസാന നാളുകളില്‍ കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിച്ചത് എന്നും വെണ്ണില പറയുന്നു.

തെലങ്കാനയിലെ ഇടത് മുന്നേറ്റങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്ന വ്യക്തിയാണ് വിപ്ലവ കവി ഗദ്ദര്‍. 1970കളില്‍ നക്‌സലൈറ്റ് മുന്നേറ്റങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന വരികളെഴുതിയ ഗദ്ദര്‍ 2023 ആഗസ്ത് 6നാണ് മരണപ്പെട്ടത്. ജീവിതകാലം മുഴുവന്‍ ഇടതു രാഷ്ട്രീയം സൂക്ഷിച്ച അദ്ദേഹം അവസാന നാളുകളില്‍ കോണ്‍ഗ്രസുമായി അടുത്തിരുന്നു.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലും ഗദ്ദര്‍ പങ്കെടുത്തിരുന്നു. തെലങ്കാന സംസ്ഥാന രൂപീകരണത്തിന് വേണ്ടി നിരന്തരം പോരാടിയ വ്യക്തി കൂടിയായിരുന്നു ഗദ്ദര്‍. തെലങ്കാന സംസ്ഥാന രൂപീകരണത്തിന് അനുകൂലമായ നിലപാടെടുത്തത് കോണ്‍ഗ്രസാണ് എന്നത് കൊണ്ടാണ് അദ്ദേഹം അവസാന നാളുകളില്‍ കോണ്‍ഗ്രസിനെ പിന്തുണച്ചത്.

CONTENT HIGHLIGHTS; revolutionary poet Gaddar’s daughter; Congress candidate in Telangana; The right has left support