രാജമൗലി വിചാരിച്ചാല്‍ പോലും ഈ മുഖത്ത് ഇനി എക്‌സ്പ്രഷനൊന്നും വരില്ല, ഓ.ജിയിലും വിമര്‍ശനം നേരിട്ട് 'പവര്‍ സ്റ്റാര്‍' പവന്‍ കല്യാണ്‍
Indian Cinema
രാജമൗലി വിചാരിച്ചാല്‍ പോലും ഈ മുഖത്ത് ഇനി എക്‌സ്പ്രഷനൊന്നും വരില്ല, ഓ.ജിയിലും വിമര്‍ശനം നേരിട്ട് 'പവര്‍ സ്റ്റാര്‍' പവന്‍ കല്യാണ്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 25th October 2025, 2:03 pm

തെലുങ്കില്‍ ഈ വര്‍ഷത്തെ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ സ്വന്തമാക്കിയ ദേയ് കോള്‍ ഹിം ഓ.ജി കഴിഞ്ഞദിവസം ഒ.ടി.ടിയില്‍ പ്രദര്‍ശനമാരംഭിച്ചിരുന്നു. ആന്ധ്രയിലെ ഉപമുഖ്യമന്ത്രിയും തെലുങ്കില്‍ ഏറ്റവുമധികം ആരാധകരുള്ള നടനുമായ പവന്‍ കല്യാണാണ് ചിത്രത്തിലെ നായകന്‍. റിലീസിന് മുമ്പ് വന്‍ ഹൈപ്പ് നേടിയ ചിത്രം ബോക്‌സ് ഓഫീസില്‍ 280 കോടിയിലേറെ സ്വന്തമാക്കി.

കേരളത്തില്‍ ലിമിറ്റഡ് റിലീസ് മാത്രമുണ്ടായിരുന്നു ഓ.ജി. ഒ.ടി.ടി റിലീസിന് ശേഷമാണ് ശ്രദ്ധിക്കപ്പെട്ടത്. ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ സിനിമകളുടെ സ്ഥിരം ടെംപ്ലേറ്റില്‍ കഥ പറഞ്ഞ ചിത്രം മേക്കിങ്ങില്‍ മികച്ചുനിന്നെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ക്യാമറ, ബി.ജി.എം, എഡിറ്റിങ്, ആക്ഷന്‍ തുടങ്ങി എല്ലാ മേഖലകളും 100 ശതമാനം പെര്‍ഫക്ഷനോടെ ഓ.ജിയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ ഒരേയൊരു നെഗറ്റീവ് മാത്രമാണ് ചിത്രത്തെ പിന്നോട്ടുവലിച്ചത്.

ടൈറ്റില്‍ കഥാപാത്രമായെത്തിയ പവന്‍ കല്യാണ്‍ യാതൊരു ഇംപാക്ടുമുണ്ടാക്കിയില്ലെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. മറ്റ് കഥാപാത്രങ്ങള്‍ മാസ് ബില്‍ഡപ്പ് നായക കഥാപാത്രത്തിന് കൊടുക്കുമ്പോള്‍ പവന്‍ കല്യാണിന് അത് ഒട്ടും ചേരുന്നില്ലെന്നാണ് പല റിവ്യൂവിലും. സ്‌ക്രീന്‍ പ്രസന്‍സിലും ഡയലോഗ് ഡെലിവറിയിലും പവന്‍ തീരെ പോര എന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

‘രാജമൗലി വിചാരിച്ചാല്‍ പോലും ഈ മുഖത്ത് ഒരു എക്‌സ്പ്രഷനും വരില്ല’, ‘അഭിനയിക്കാന്‍ യാതൊരു താത്പര്യവുമില്ലാത്തതുപോലെയാണല്ലോ ക്യാമറക്ക് മുന്നില്‍ വന്നു നില്‍ക്കുന്നത്’, ‘യാതൊരു ഭാവവും വരാത്ത ഇയാള്‍ എങ്ങനെ സൂപ്പര്‍സ്റ്റാറായി’, എന്നിങ്ങനെയാണ് പവന്റെ അഭിനയത്തെക്കുറിച്ച് വരുന്ന അഭിപ്രായങ്ങള്‍.

സമുറായ് കഥാപാത്രമായാണ് പവന്‍ കല്യാണ്‍ ഓ.ജിയില്‍ വേഷമിട്ടത്. എന്നാല്‍ ആക്ഷന്‍ രംഗങ്ങളിലും പരിതാപകരമായിരുന്നു പവന്റെ അവസ്ഥ. പല ആക്ഷനുകളും ഗ്രീന്‍ മാറ്റിന് മുന്നില്‍ വെച്ചാണ് ഷൂട്ട് ചെയ്തതെന്ന് ഓരോ സീനിലും വ്യക്തമാണ്. ക്ലൈമാക്‌സ് ഫൈറ്റിന് മുമ്പുള്ള ജാപ്പനീസ് ഡയലോഗ് ഇതിനോടകം ട്രോള്‍ മെറ്റീരിയലായി മാറിയിട്ടുണ്ട്.

10 ആക്ഷന്‍ ഡയറക്ടര്‍മാരാണ് ഓ.ജിക്കായി പ്രവര്‍ത്തിച്ചത്. പവന്റെ മുഖം കാണിക്കാതിരിക്കാന്‍ വൈഡ് ഷോട്ടിലാണ് പല ആക്ഷന്‍ സീനുകളും എടുത്തിരിക്കുന്നത്. ആക്ഷന്‍ സീനിന്റെ ഇംപാക്ട് നഷ്ടപ്പെടാതിരിക്കാന്‍ സംവിധായകന്‍ മനപൂര്‍വം ചെയ്തതാണ് ഇതെന്ന് പലരും അഭിപ്രായപ്പെടുന്നു. ചിത്രത്തിലെ യഥാര്‍ത്ഥ ഓ.ജി പവന്‍ കല്യാണല്ലെന്നും ചിലര്‍ പറയുന്നുണ്ട്.

ഓപ്പണിങ് സീന്‍ മുതല്‍ ക്ലൈമാക്‌സ് വരെ സിനിമയുടെ മൂഡ് നഷ്ടമാകാതെ കാത്തുസൂക്ഷിച്ച സംഗീത സംവിധായകന്‍ എസ്. തമന്‍ ആണ് ചിത്രത്തിലെ നായകനെന്നാണ് ഭൂരിഭാഗം അഭിപ്രായവും. ബി.ജി.എമ്മും പാട്ടുകളുമായി മാക്‌സിമം ഫയര്‍ സിനിമക്ക് നല്കാന്‍ തമന് സാധിച്ചിട്ടുണ്ട്. എന്നാല്‍ പവന്‍ കല്യാണ്‍ ആ തീയെല്ലാം കെടുത്തിയെന്നും ചിലരുടെ ട്രോളുകളുണ്ട്.

പവന്‍ കല്യാണിന് പകരം വിജയ്, പ്രഭാസ്, നാഗാര്‍ജുന എന്നിവരില്‍ ആരെങ്കിലും ചിത്രത്തില്‍ നായകനാകണമെന്ന് അഭിപ്രായപ്പെട്ടുകൊണ്ടുള്ള പോസ്റ്റുകളും വൈറലാണ്. കരിയറിലെ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ കിട്ടിയ സിനിമയിലെ പ്രകടനത്തിന് മോശം അഭിപ്രായം കേട്ട നടനായി മാറിയിരിക്കുകയാണ് ആരാധകരുടെ മാത്രം പവര്‍ സ്റ്റാര്‍.

Content Highlight: Review posts saying that Pawan Kalyan is the Only negative in OG movie after OTT release