ആവശ്യം കഴിഞ്ഞാൽ തിരിച്ചുതരുമെന്ന വാക്കിന്റെ ഉറപ്പിൽ ഒരാൾക്ക് സ്വർണം നൽകിയാൽ അത് തിരിച്ച് കിട്ടുന്നത് വരെ സമാധാനം ഉണ്ടാവാറില്ല, എന്നാൽ പൊന്ന് വാങ്ങിയ ആൾ അതൊരിക്കലും തിരിച്ച് തരില്ലെന്ന് പറഞ്ഞാല്ലോ, എല്ലാം തകിടം മറിയും, പിന്നെ വാക്ക് തർക്കം, അടി, ഇടി..
കെട്ട് കഴിഞ്ഞിട്ട് തരാമെന്ന കരാറിന്റെ പുറത്താണ് അജേഷ് ബ്രൂണോയുടെ പെങ്ങൾ സ്റ്റെഫിയുടെ കല്യാണത്തിന് സ്വർണം നൽകുന്നത്, എന്നാൽ അത് തിരിച്ച് നൽകാനാവാതെ വരുമ്പോൾ അവതാളത്തിലാവുന്നത് അജേഷാണ്.
പൊന്മാനെ കുറിച്ചാണ് ഞാനീ പറഞ്ഞുകൊണ്ടിരിക്കുന്നത്. പൊന്ന് വേണ്ടവരുടെ അടുത്തേക്ക് പൊന്മാൻ ഓടിയെത്തും. ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് പൊന്മാൻ. ജി.ആർ ഇന്ദുഗോപന്റെ ‘നാലഞ്ചു ചെറുപ്പക്കാർ’ എന്ന കഥയുടെ ചലച്ചിത്രാവിഷ്ക്കരമാണ് പൊന്മാൻ. കഥയിലെ പ്രധാന കഥാപാത്രമായ അജേഷിനെ അവതരിപ്പിക്കുന്നത് ബേസിൽ ജോസഫാണ്. കൊല്ലം ജില്ലയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമ ഒരു കടലോര ഗ്രാമത്തിലും തുരുത്തിലുമായാണ് സംവിധായകൻ വരച്ചിട്ടിരിക്കുന്നത്.
കഥ വായിക്കുന്ന ഭംഗിയോടെ തന്നെ കാണാൻ കഴിയുന്ന കുഞ്ഞ് സിനിമയാണ് പൊന്മാൻ. ബ്രൂണോയായി എത്തിയ ആനന്ദ് മന്മദൻ ആണെങ്കിലും സ്റ്റെഫിയായി എത്തിയ ലിജോ മോൾ ജോസ് ആണെങ്കിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ആവേശത്തിൽ അമ്പാനായി തകർത്താടിയ സജിൻ ഗോപു മരിയൻ എന്ന കഥാപാത്രമായി ജീവിച്ചിട്ടുണ്ട്. തലവെട്ടി കാവ് എന്ന തുരുത്തിലെ എല്ലാവർക്കും പേടിയുള്ള ഒരു ടെറർ കഥാപാത്രമാണ് മരിയൻ.
തന്റെ പൊന്നെടുക്കാൻ തലവെട്ടി കാവിലെത്തുന്ന അജേഷിന്റെ കഥയാണ് പൊന്മാൻ. സ്ത്രീധനം എന്ന വിഷയത്തെ ആസ്പദമാക്കി മുമ്പും മലയാളത്തിൽ നിരവധി സിനിമകൾ ഇറങ്ങിയിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ് പൊന്മാൻ. ഇമോഷണൽ കോൺഫ്ലിക്റ്റിലൂടെയാണ് പൊന്മാൻ പ്രേക്ഷകർക്കിടയിലേക്ക് പറന്നിറങ്ങുന്നത്. അഭിനേതാക്കളുടെ പ്രകടനവും സിനിമയുടെ ടെക്നിക്കൽ മികവും അതിനെ വലിയ രീതിയിൽ സഹായിക്കുന്നുമുണ്ട്.
ജസ്റ്റിൻ വർഗീസിന്റെ സംഗീതവും സാനു ജോൺ വർഗീസിന്റെ ക്യാമറയും മികവ് പുലർത്തുമ്പോൾ നിധിൻ രാജ് അരോളിന്റെ എഡിറ്റിങ്ങും സിനിമയുടെ പോസിറ്റീവായി മാറുന്നുണ്ട്. ജി.ആർ. ഇന്ദുഗോപനും ജസ്റ്റിൻ മാത്യുവും ചേർന്നൊരുക്കിയ തിരക്കഥയും സിനിമയെ പിടിച്ചു നിർത്തുന്ന ഘടകമാണ്. ത്രില്ലും മാസുമെല്ലാം ചേർന്ന പ്രെഡിക്റ്റബിൾ കഥ തന്നെയാണ് പൊന്മാനിന്റേത്. എന്നാൽ മേക്കിങ്ങിലൂടെയും പ്രകടനത്തിലൂടെയും പ്രേക്ഷകരെ പിടിച്ചിരുത്താൻ സിനിമയ്ക്ക് കഴിയുന്നുണ്ട്. സോഷ്യൽ മീഡിയയിൽ പരിചിതരായ ചില അഭിനേതാക്കളെയും സിനിമയിൽ കാണാം. ദീപക് പറമ്പോൾ, ജയ കുറുപ്പ്, രാജേഷ് ശർമ തുടങ്ങിയവരും തങ്ങളുടെ കഥാപാത്രം മികച്ചതാക്കി.
ഒരു തെക്കൻ തല്ല് കേസ്, കാപ്പ തുടങ്ങിയ സിനിമകൾക്ക് ശേഷം ജി.ആർ. ഇന്ദുഗോപന്റെ കഥയിൽ ഒരുങ്ങിയ സിനിമയാണ് പൊന്മാൻ. ഒരു തെക്കൻ തല്ല് കേസിൽ കണ്ട ഈഗോ ക്ലാഷും, മാസുമെല്ലാം പൊന്മാനിലും കാണാം. ഓരോ സിനിമകളിലൂടെയും ബേസിൽ എന്ന നടൻ പുതുമകൾ തേടി കൊണ്ടിരിക്കുകയാണ്.
ക്ലൈമാക്സിലെ ലിജോ മോൾ ജോസിന്റെയും ബേസിലിന്റെയും കോമ്പിനേഷൻ സീനുകൾ നന്നായി വർക്കായ ഒന്നാണ്. സ്വർണം കൊണ്ടല്ല പെണ്ണിന്റെ മൂല്യം ആളാകേണ്ടതെന്ന പതിവ് രീതിയിലാണ് പൊന്മാൻ അവസാനിക്കുന്നതെങ്കിലും നല്ലൊരു സിനിമാനുഭവമായി പൊന്മാൻ മാറുന്നുണ്ട്. പ്രാവിന് കൂട് ഷാപ്പിന് ശേഷം ഈ മാസം ഇറങ്ങിയ ബേസിൽ ജോസഫ് സിനിമയാണിത്. തീർച്ചയായും തിയേറ്ററിൽ ചെന്നാസ്വദിക്കാവുന്ന ചലച്ചിത്രമായി പൊന്മാൻ മാറുന്നുണ്ട്.