കടിഞ്ഞാൺ പൊട്ടിയ കുതിര
Film Review
കടിഞ്ഞാൺ പൊട്ടിയ കുതിര
ഹണി ജേക്കബ്ബ്
Friday, 29th August 2025, 3:06 pm

ആവേശത്തിന് ശേഷം ഫഹദ് ഫാസിൽ നായകനാകുന്ന മലയാള സിനിമ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയുടെ സംവിധായകൻ അൽത്താഫ് സലിം. ഈ ഒരു ഡെഡ്ലി കോംബോ ഓടും കുതിര ചാടും കുതിരക്ക് നൽകിയ ഹൈപ്പ് ചെറുതല്ല. കോമഡിയും ഡ്രാമയും റൊമാൻസും ചേർന്ന അത്രമോശമല്ലാത്ത ഫസ്റ്റ് ഹാഫും ഇഴഞ്ഞ് നീങ്ങുന്ന സെക്കന്റ് ഹാഫുമാണ് എന്നാൽ അൽത്താഫ് ഓണവിരുന്നായി നൽകിയിരിക്കുന്നത്.

സ്വപ്നത്തിന്റെയും റിയാലിറ്റിയുടെയും ഇടയിൽ കുരുങ്ങിപോകുന്ന എബി മാത്യുവിന്റെയും നിധിയുടെയും കഥയാണ് ഓടും കുതിര ചാടും കുതിര പറയുന്നത്. കല്യാണത്തിന്റെ അന്ന് രാവിലെ മണവാളൻ ഹലുവാ കഷ്ണം പോലത്തെ കുതിരപ്പുറത്തുവരണമെന്ന് സ്വപ്നം കണ്ട മണവാട്ടിയുടെ ആഗ്രഹസഫലീകരണം വരുത്തിവെച്ച പൊല്ലാപ്പുകളാണ് സിനിമയുടെ ഇതിവൃത്തം.

നിധിയായി കല്യാണി പ്രിയദർശനും എബിയായി ഫഹദ് ഫാസിലുമാണ് ചിത്രത്തിൽ എത്തിയിരിക്കുന്നത്. കോമഡി കൈകാര്യം ചെയ്യുന്നതിൽ ഇടക്കൊക്കെ ഫഹദിനും കല്യാണിക്കും പാളുന്നുണ്ടെങ്കിലും ആദ്യ ഷോട്ട് മുതൽ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ചത് എബിയുടെ അച്ഛൻ മാത്യുവാണ്. വൺ മാൻ ഷോയിലെ ഹരിനാരായണന്റെ കുറേകൂടി എക്സ്സ്റ്റന്റഡ് വേർഷനാണ് മാത്യുവെന്ന് ഇടക്കൊക്കെ തോന്നിപോകും. ഫസ്റ്റ് ഹാഫിലെ ചിരിയുടെ ക്രെഡിറ്റിന്റെ സിംഹഭാഗവും ലാലിനുള്ളതാണ്.

കുതിരപ്പുറത്ത് നിന്ന് വീഴുന്ന എബിക്ക് സംഭവിക്കുന്ന അത്യാഹിതവും അത് എബിയുടെ ജീവിതത്തിൽ എങ്ങനെ ബാധിക്കുന്നുമെല്ലാം കാണിച്ചുതരാനാണ് സംവിധായകന് ശ്രമിക്കുന്നത്. കുറച്ചു വട്ടുണ്ടല്ലോ എന്ന് പ്രേക്ഷകർക്ക് തോന്നുന്ന ചില കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ട് പോകുന്നത്. അവരുടെ പ്രേമവും വിരഹവും ബ്രേക്കപ്പുമെല്ലാം ടിപ്പിക്കൽ സ്റ്റൈലിൽ നിന്ന് വിട്ടുപിടിച്ച് കാണിക്കാൻ അൽത്താഫിന് കഴിഞ്ഞിട്ടുണ്ട്. സീരിയസ് ട്രാക്കിലേക്ക് കയറുകയാണോ എന്ന് തോന്നുമ്പോഴെല്ലാം അതെല്ലാം രസകരമായി പഴയ ട്രാക്കിലേക്ക് തന്നെ കൊണ്ടുവരുന്നതിലും അദ്ദേഹം വിജയിച്ചു.

കുതിരയുമായുള്ള ഓടും കുതിര ചാടും കുതിരയുടെ തുടക്കം നല്ല അടിപൊളി കളർഫുൾ ഫൺ മൂഡിലായിരുന്നു. സിറ്റുവേഷൻ കോമഡിയും കൗണ്ടറും ഇടക്കൊക്കെ ചളിയുമായി പോകുന്ന ഫസ്റ്റ് ഹാഫ് പ്രേക്ഷകരെ പിടിച്ചിരുത്തും. എന്നാൽ കഥാപാത്രങ്ങളെ മനസിലാക്കിവരുമ്പോഴും ചിത്രം മറ്റൊരു ഘട്ടത്തിലേക്ക് കടക്കും. രണ്ടാം ഭാഗത്തേക്ക് വരുമ്പോൾ അൽത്താഫിന് കുതിരയെ ഓടിച്ചെത്താൻ കഴിയാത്തത് വിസിബിളാണ്.

ചില ഭാഗങ്ങളൊക്കെ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാറായി തോന്നും. ധ്യാനിന്റെ കഥാപാത്രമെല്ലാം യാതൊരുവിധ ഇമ്പാക്റ്റും ഉണ്ടാകാതെയാണ് പോകുന്നത്. വിനയ് ഫോർട്ട് അത്രമോശമില്ലാതെ തന്റെ ഭാഗം ചെയ്തുവെച്ചപ്പോൾ ഫഹദിന്റെ ചില സൗണ്ട് മോഡുലേഷൻ കല്ലുകടിയായി തോന്നി. ചിത്രത്തിലെ കോസ്റ്റിയുംസ് നല്ല ഫ്രഷ് ഫീൽ ആയിരുന്നു. ആർട്ട് വിഭാഗത്തിന്റെ വർക്കും എടുത്തുപറയേണ്ടവയാണ്. ജിന്റോ ജോർജിന്റെ കാമറ, ജസ്റ്റിൻ വർഗീസിന്റെ മ്യൂസിക് എന്നിവയും തരക്കേടില്ല. സെക്കന്റ് ഹീറോയിനായി എത്തിയ രേവതി പിള്ളയും നന്നായിത്തന്നെ ചെയ്തിട്ടുണ്ട്.

ഫഹദ് എന്ന നടന്റെ അത്ര എക്‌സ്‌പ്ലോർ ചെയ്യാത്ത വശമാണ് കോമഡി. ആവേശത്തിൽ അത് നന്നായി ഉപയോഗിച്ചപ്പോൾ ഓടും കുതിര ചാടും കുതിരയിൽ പ്രേക്ഷകരെ ചിരിപ്പിക്കാൻ ഫഹദ് കഷ്ടപ്പെടുന്നതാണ് കാണുന്നത്. അൽത്താഫ് എന്ന സംവിധായകനിലും ഫഹദ് എന്ന നടനിലുമുള്ള മലയാള സിനിമാ പ്രേമികളുടെ ആ കോൺഫിഡൻസിൽ പുറത്തിറങ്ങിയ ഓടും കുതിര ചാടും കുതിരക്ക് എന്നാൽ പ്രേക്ഷകരോട് എത്രമാത്രം നീതി പുലർത്താൻ കഴിഞ്ഞുവെന്ന കാര്യത്തിൽ സംശയമാണ്.

Content Highlight: Review Of Odum Kuthira Chadum Kuthira Movie

ഹണി ജേക്കബ്ബ്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്‌കമ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദം