തിരക്കഥയില്‍ അടിത്തെറ്റുന്ന അമലയുടെ ടീച്ചര്‍
Entertainment news
തിരക്കഥയില്‍ അടിത്തെറ്റുന്ന അമലയുടെ ടീച്ചര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 6th December 2022, 7:35 pm

spoiler alert

വിവേക് സംവിധാനം ചെയ്ത് അമലാപോള്‍ നായികയായി ഡിസംബര്‍ 2ന് തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് ടീച്ചര്‍. എക്കാലത്തും സാമൂഹ്യപ്രസക്തമായ ഒരു വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നത്. എന്നാല്‍ ആ വിഷയം കൈകാര്യം ചെയ്യുന്നതില്‍ ചില പിഴവുകള്‍ സംവിധായകനും തിരക്കഥയ്ക്കും ഒക്കെ സംഭവിച്ചിട്ടുണ്ട്.

സിനിമ പൂര്‍ണമായി കണ്ടു കഴിയുമ്പോള്‍ നമുക്ക് തോന്നും സംവിധായകന് നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്ന നിയമത്തിനോടും നീതിന്യായ വ്യവസ്ഥയോടും എന്തോ എതിര്‍പ്പുണ്ടെന്ന്. നിയമം ആര്‍ക്കും ഒരു നീതിയും നല്‍കുന്നില്ലെന്നും, അതുകൊണ്ടുതന്നെ കേസ് കൊടുക്കേണ്ട ആവശ്യമില്ല എന്നുമൊക്കെയാണ് സിനിമ പറഞ്ഞുവെക്കുന്ന രാഷ്ട്രീയം. അതിനോട് ഒരുതരത്തിലും യോജിക്കാന്‍ കഴിയില്ല.

പീഡനത്തിന് ഇരയായ സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന അപമാനങ്ങളും, നമ്മുടെ നീതിനിയായ വ്യവസ്ഥയില്‍ ഒരാള്‍ക്ക് നീതി കിട്ടാനെടുക്കുന്ന കാലതാമസവുമാണ് സംവിധായകനെ ഇത്തരത്തിലൊരു സാഹസികതയിലേക്ക് നയിച്ചത്. അത് വാസ്തവമാണെങ്കിലും ആ തീരുമാനങ്ങളില്‍ ചില ശരികേടുകളുണ്ട്.

സിനിമയുടെ തുടക്കം പീഡനത്തിന് ഇരയാകേണ്ടി വന്ന ഏഴോ എട്ടോ വയസ്സു മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിയുടെ കഥ കാണിക്കുന്നുണ്ട്. ഹോസ്പിറ്റല്‍ റൂമില്‍ അഡ്മിറ്റായ അവളെ കാണാന്‍ എത്തുന്ന പോലീസുകാരന്‍ പറയുന്ന ചില വാക്കുകള്‍ ഉണ്ട്. നിങ്ങള്‍ കേസു കൊടുത്താല്‍ വേറെ ആര്‍ക്കും ഒന്നും പോകാനില്ലെന്നും, പെണ്‍കുട്ടിക്ക് തന്നെയാണ് ദോഷമെന്നും അയാള്‍ പറഞ്ഞുവെക്കുന്നു. വലുതാകുമ്പോള്‍ ‘മോള്‍ എല്ലാം മറന്നു പോയിക്കോളും’ എന്നും ആ കുഞ്ഞിനെ അയാള്‍ ഉപദേശം നല്‍കുന്നുണ്ട്. അവസാനം മാതാപിതാക്കള്‍ കേസ് പിന്‍വലിക്കുന്നു. ആ നടപടികള്‍ തികച്ചും തെറ്റാണ് എന്ന തരത്തില്‍ തന്നെയാണ് സിനിമയില്‍ അവതരിപ്പിക്കപ്പെടുന്നത്.

എന്നാല്‍ അതൊക്കെ കഴിഞ്ഞ് നായിക കഥാപാത്രത്തിലേക്ക് എത്തുമ്പോള്‍ സിനിമയുടെ രാഷ്ട്രീയത്തില്‍ വലിയ മാറ്റം സംഭവിക്കുന്നു. കേസുകൊടുത്താല്‍ ഒരു നീതിയും കിട്ടില്ല എന്ന് ഊട്ടിയുറപ്പിക്കാന്‍ ഉള്ള ശ്രമങ്ങള്‍ സിനിമ നടത്തുന്നുണ്ട്.

കൊല്ലത്തെ ഒരു പ്രൈവറ്റ് സ്‌കൂളിലെ കായിക അധ്യാപികയാണ് സിനിമയില്‍ അമലാ പോള്‍ അവതരിപ്പിക്കുന്ന ദേവിക എന്ന കഥാപാത്രം. ഒരു സ്‌പോര്‍ട്‌സ് മീറ്റിനിടെ തനിക്ക് അനുഭവിക്കേണ്ടിവന്ന ക്രൂരമായ പീഡനങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന ദേവികയിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്.

സിനിമയില്‍ വേട്ടക്കാരായി വരുന്നത് ഏതാണ്ട് 20 വയസ്സില്‍ താഴെ മാത്രം പ്രായമുള്ള നാല് ആണ്‍കുട്ടികളാണ്. ആ കഥാപാത്രങ്ങളുടെ പ്രകടനങ്ങള്‍ തന്നെ വളരെ അരോചകമായിരുന്നു. പറഞ്ഞു അഭിനയിപ്പിക്കുന്നതുപോലെ ഒരു തോന്നല്‍ സൃഷ്ടിക്കുന്ന കഥാപാത്രനിര്‍മിതി.

തന്നെ ഉപദ്രവിച്ചവര്‍ക്കെതിരെ കേസ് കൊടുക്കാന്‍ ഭര്‍ത്താവായ സുജിത്തിനെയും കൂട്ടി പോലീസ് സ്റ്റേഷനിലേക്ക് പോകുന്ന ‘ദേവിക’ വരെ സിനിമ ശരിയാണ്. അതിനുശേഷം കഥയില്‍ സംഭവിക്കുന്ന മാറ്റം ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ല.

അവിടെവച്ച് സുജിത്ത് പറയുന്ന നാട്ടുകാര്‍ എന്ത് വിചാരിക്കും എന്ന പ്രസംഗം കേട്ട് നായിക തിരിച്ചുപോകുന്നു. സുജിത്തിന്റെ അമ്മയുടെ വേഷത്തില്‍ എത്തുന്ന മഞ്ജുപിള്ളയുടെ ബാറ്റന്‍ കല്യാണി എന്ന കഥാപാത്രത്തിന് അരികിലേക്കാണ് ദേവിക പോകുന്നത്. അവിടെവച്ച് കല്യാണിയും പറയുന്നത് ഏതാണ്ട് ഇങ്ങനെയൊക്കെ തന്നെയാണ്. നിയമത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു പോകുന്നുണ്ട്. എന്നാല്‍ പ്രതികാരം ചെയ്യണം എന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ബാറ്റന്‍ കല്യാണിയുടെ വാക്കുകളും കേട്ട് ദേവിക തന്നെ ഉപദ്രവിച്ചവരെയും തേടി കൊച്ചിയിലേക്ക് പോകുന്നു. വില്ലനെ ലോഡ്ജ് റൂമില്‍ വിളിച്ചുവരുത്തി ആളെക്കൂട്ടി തല്ലിക്കുന്ന രീതിയിലേക്ക് തന്നെയാണ് സിനിമ സഞ്ചരിക്കുന്നത്. അവിടെവച്ച് നടക്കുന്ന ചില സീനുകള്‍ ഒരുതരത്തിലും കണ്‍വിന്‍സ് ചെയ്യിക്കുന്നില്ല. പ്രത്യേകിച്ച് അവസാനത്തെ ഫൈറ്റ് സീന്‍. ശരിക്കും ആ സീനൊന്നും ഒരുതരത്തിലും റിയലായി തോന്നുന്നില്ല.

സിനിമയുടെ സംവിധാനം ആ സീനുകളില്‍ പാളിപ്പോകുന്നുണ്ട്. അടുത്തിടെയായി മലയാള സിനിമയില്‍ കണ്ടുവരുന്ന ഒരു ട്രെന്‍ഡ് ഇവിടെയും പിന്തുടര്‍ന്നിട്ടുണ്ട്. നായികയെ രക്ഷിക്കാന്‍ നായകന്റെ ആവശ്യമില്ല എന്ന നിലയിലാണ് തന്നെയാണ് ഇവിടെയും സിനിമ സഞ്ചരിക്കുന്നത്.

അങ്ങനെ വില്ലന്മാരെ തല്ലിത്തോല്‍പ്പിച്ച് കരാട്ടെക്കാരിയായ നായിക തിരിച്ച് വരുന്ന സീന്‍, പക്ഷേ അവിടെയാണ് ഒരു പ്രശ്‌നം, തന്നെ വേദനിപ്പിച്ചവരെ തല്ലുന്ന നായികാഥാപാത്രമൊക്കെ ശരിതന്നെ. എന്നാല്‍ ഈ രാജ്യത്ത് നിയമമൊക്കെയല്ലേ അവിടെ ഒരു പരാതി കൊടുക്കണ്ടേ. അവിടെക്കൊന്നും തിരക്കഥ എത്തുന്നില്ല.

കാരണം പിന്നീട് അനുഭവിക്കേണ്ടി വരുന്ന സാമൂഹ്യ സംഘര്‍ഷങ്ങളോടുള്ള പേടി തന്നെയാണ്. ആ വിഷയം നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നതാണ്. എന്നാല്‍ ആ വിഷയം അത്രകണ്ട് സിനിമയില്‍ ചര്‍ച്ച ചെയ്യുന്നില്ല. പക്ഷേ ‘നാട്ടുകാര്‍ എന്ത് ചിന്തിക്കും’ എന്ന തോന്നല്‍ മാറ്റിവെച്ച് നിയമത്തിന്റെ സഹായം തേടാനും ഇതൊക്കെ തുറന്നുപറയാന്‍ നമ്മള്‍ പെണ്‍കുട്ടികളെ പഠിപ്പിക്കുന്ന കാലത്താണ് ഇത്തരമൊരു സിനിമയുമായി വിവേക് വരുന്നത്. അതുകൊണ്ടുതന്നെ ഈ സിനിമ ഒരു ഇരയുടെ അതിജീവനം എന്ന തരത്തില്‍ വായിക്കാന്‍ കഴിയില്ല.

content highlight: review of malayalam movie teacher