കേന്ദ്ര വിവരാവകാശ കമ്മീഷനെ 2019ല്‍ കൊണ്ടുവന്ന നിയമ ഭേദഗതികളിലൂടെ ദുര്‍ബലമായ സ്ഥാപനമാക്കി മാറ്റിയെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് വിമര്‍ശിച്ചു. വിവാരാവകാശ കമ്മീഷനില്‍ രണ്ടംഗങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.
ചീഫ് കമ്മീഷണറുടെത് ഉള്‍പ്പടെ എട്ട് വിവരാവകാശ കമ്മീഷണര്‍മാരുടെ തസ്തികകള്‍ ഏറെക്കാലമായി ഒഴിഞ്ഞുകിടക്കുകയാണെന്നും ജയറാം രമേശ് ചൂണ്ടിക്കാണിച്ചു.
2005 ഒക്ടോബര്‍ 12ന് യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന വിവാരാവകാശ നിയമത്തിന്റെ ഇരുപതാം വാര്‍ഷികാഘോഷവേളയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ആര്‍.ടി.ഐ എന്നാല്‍ ഭീഷണിപ്പെടുത്താനുള്ള സന്നദ്ധത (Readiness To Intimidate-RTI)യാണ് എന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
മോദി സര്‍ക്കാര്‍ വിവരാവകാശത്തെ ഭയക്കുന്നത് അവരുടെ പലവാദങ്ങളെയും പൊളിച്ചത് വിവരാവകാശ നിയമപ്രകാരമാണ് എന്നതുകൊണ്ടാണെന്ന് അഞ്ച് ഉദാഹരണങ്ങള്‍ സഹിതം ജയറാം രമേശ് വിശദീകരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊളിറ്റിക്കല്‍ സയന്‍സിലുള്ള ബിരുദാനന്തര ബിരുദത്തെ കുറിച്ചുള്ള വിവരങ്ങള്‍ ആര്‍.ടി.ഐ നിയമപ്രകാരം നല്‍കണമെന്ന ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുടെ ഉത്തരവാണ് ഒന്നാമത്തെ കാരണം.
രാജ്യത്ത് കോടിക്കണക്കിന് വ്യാജറേഷന്‍ കാര്‍ഡുകള്‍ ഉണ്ടെന്ന് മോദി പറഞ്ഞതിനെ പൂര്‍ണമായും തെറ്റാണെന്ന് തെളിയിച്ചത് വിവരാവകാശ നിയമമായിരുന്നു, ഇതാണ് രണ്ടാമത്തെ കാരണം. മൂന്നാമത്തെ കാരണം പ്രധാനമന്ത്രിയുടെ നോട്ട് നിരോധന പ്രഖ്യാപനത്തിന് വെറും നാല് മണിക്കൂര്‍ മുമ്പ് ആര്‍.ബി.ഐയുടെ കേന്ദ്ര ബോര്‍ഡ് ഈ തീരുമാനം കള്ളപ്പണമോ വ്യാജ കറന്‍സിയോ തടയാന്‍ സഹായിക്കില്ലെന്ന നിഗമനം പങ്കുവെച്ചിരുന്നു. ഇത് പുറത്തുകൊണ്ടുവന്നതും ആര്‍.ടി.ഐ ആയിരുന്നു.
രാജ്യത്തുനിന്നും മനപൂര്‍വ്വം വായ്പയെടുത്ത് തിരിച്ചടയ്ക്കാത്ത 20 പേരുടെ പട്ടിക പൊതുജനങ്ങളില്‍ ആരോ അന്വേഷിച്ചതിനെ തുടര്‍ന്ന് ആ പട്ടിക ആര്‍.ബി.ഐ ഗവര്‍ണര്‍ പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നെന്നും ഇക്കാര്യം വിവരാവകാശ കമ്മീഷന്‍ വെളിപ്പെടുത്തിയിരുന്നു. ഇതാണ് നാലാമതായി മോദി സര്‍ക്കാര്‍ ആര്‍.ടി.ഐയെ ദുര്‍ബലപ്പെടുത്തുന്നതിന്റെ കാരണമെന്നും ജയറാം രമേശ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
അഞ്ചാമത്തെ കാരണം 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് മോദി വാഗ്ദാനം ചെയ്തത് പോലെ വിദേശത്ത് നിന്ന് കള്ളപ്പണം തിരിച്ചെത്തിയിട്ടില്ലെന്ന വെളിപ്പെടുത്തല്‍ ആര്‍.ടി.ഐ നടത്തിയതാണെന്നും കോണ്‍ഗ്രസ് നേതാവ് വിശദീകരിച്ചു.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ആക്ട് വിവരാവകാശത്തിന്റെ പെട്ടിയിലെ അവസാനത്തെ ആണിയായിരിക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
വ്യക്തിഗത വിവരങ്ങള്‍ എന്ന വ്യാജേനെ പ്രധാനപ്പെട്ട വിവരങ്ങള്‍ നിഷേധിക്കാന്‍ ഈ നിയമത്തിലെ സെക്ഷന്‍ 44 (3)ലെ വ്യവസ്ഥകള്‍ കാരണമാകും. പൊതു ഓഫീസുകള്‍ക്കും പൊതു സ്ഥാനങ്ങളും വഹിക്കുന്ന ആളുകള്‍ക്കും വിവരങ്ങള്‍ മറച്ചുവെയ്ക്കാന്‍ സാധിച്ചേക്കുമെന്നും ജയറാം രമേശ് പറഞ്ഞു.