ആ നടിയുമായി പ്രേക്ഷകര്‍ക്ക് എളുപ്പം കണക്ട് ചെയ്യാന്‍ കഴിയും: രേവതി
Malayalam Cinema
ആ നടിയുമായി പ്രേക്ഷകര്‍ക്ക് എളുപ്പം കണക്ട് ചെയ്യാന്‍ കഴിയും: രേവതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 26th July 2025, 1:34 pm

ഭാരതിരാജ സംവിധാനം ചെയ്ത മണ്‍ വാസനൈ എന്ന ചിത്രത്തിലൂടെ സിനിമാജീവിതം ആരംഭിച്ച നടിയാണ് രേവതി. മലയാളത്തില്‍ കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ രേവതി, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായി. മലയാളത്തിനും തമിഴിനും പുറമെ തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും താരം തന്റെ സാന്നിധ്യമറിയിച്ചു.

മൗനരാഗം, അഞ്ജലി, എന്നിങ്ങനെ മികച്ച സിനിമകളുടെ ഭാഗമാകാന്‍ നടിക്ക് സാധിച്ചിരുന്നു. കമല്‍ഹാസന്‍,മോഹന്‍ലാല്‍ തുടങ്ങി നിരവധി മുന്‍നിര നായകന്മാര്‍ക്കൊപ്പം രേവതി അഭിനയിച്ചിട്ടുണ്ട്.

സംവിധാനരംഗത്തും രേവതി തന്റെ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. പ്രിയാമണി നായികയായെത്തിയ ഗുഡ് വൈഫ് എന്ന സീരീസ് സംവിധാനം ചെയ്തത് രേവതിയാണ്. ഇപ്പോള്‍ ഗുഡ് വൈഫില്‍ പ്രിയാമണിയുമായി വര്‍ക്ക് ചെയ്യുമ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് രേവതി.

‘വളരെ സന്തോഷമുള്ള കാര്യമായിരുന്നു പ്രിയാമണിയുടെ കൂടെ വര്‍ക്ക് ചെയ്യുക എന്നത്. അതിന് പല കാരണങ്ങള്‍ ഉണ്ട്. അവരുമായി നമുക്ക് കണക്ട് ചെയ്യാന്‍ വളരെ എളുപ്പമാണ്. അവര്‍ക്ക് കൊടുത്ത വേഷം അവര്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യും,’ രേവതി പറയുന്നു.

ചെയ്യുന്ന വര്‍ക്കില്‍ വളരെ സമര്‍പ്പണമനോഭാവമുള്ള നടിയാണ് പ്രിയാമണിയെന്നും വളരെ അപൂര്‍വമായിട്ട് മാത്രമാണ് എന്തെങ്കിലും കാര്യത്തില്‍ അവര്‍ ആര്‍ഗ്യു ചെയ്യുന്നത് കണ്ടിട്ടുള്ളതെന്നും രേവതി പറഞ്ഞു.

‘അഭിനയിക്കുന്ന സമയത്ത് ഞാന്‍ പറഞ്ഞിട്ടുള്ളത് നിങ്ങള്‍ക്ക് എത്രത്തോളം റിയലായി ചെയ്യാന്‍ കഴിയുമോ അങ്ങനെ ചെയ്യാനാണ്. പ്രിയാമണിയുടെ സിനിമ കാണുകയാണെങ്കില്‍ മറ്റുള്ളവര്‍ക്ക് തോന്നും അല്ലെങ്കില്‍ ഒരു സ്ത്രീക്ക് തോന്നും ഈ കഥാപാത്രം എന്നെ പോലെയാണ് എന്ന്. പ്രിയാമണി ഒരു നൈറ്റിയൊക്ക ഇട്ട് കിച്ചണില്‍ നിന്ന് വര്‍ക്ക് ചെയ്യുന്ന ഒരു സീനുണ്ടായിരുന്നു. എല്ലാം വളരെ കൂളായിട്ടാണ് അവര്‍ ചെയ്യുക,’രേവതി പറയുന്നു.

 

Content Highlight: Revathy about the experience  working with priyamani