അഭിനേത്രിയായും നര്‍ത്തകിയായും സംവിധായകയായും പ്രക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് രേവതി. കാക്കൊത്തി കാവിലെ അപ്പൂപ്പന്‍ താടികളിലൂടെയും പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ കിലുക്കത്തിലൂടെയും ദേവാസുരത്തിലൂടെയും മലയാള പ്രേക്ഷകമനസില്‍ സ്ഥാനം നേടാന്‍ രേവതിയ്ക്ക് സാധിച്ചിരുന്നു. 1983 ല്‍ ഭാരതിരാജ സംവിധാനം ചെയ്ത മണ്ണ് വാസനൈ എന്ന ചിത്രത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച രേവതി തമിഴിലും ഹിന്ദിയിലും മറ്റ് അന്യഭാഷകളിലും തന്റെതായ സ്ഥാനം കണ്ടെത്തിയിരുന്നു.
2022ല്‍ പുറത്തിറങ്ങിയ ഭൂതകാലവും അടുത്തിടെ പുറത്തിറങ്ങിയ പേട്രിയറ്റുമായിരുന്നു രേവതി അവസാനമായി മലയാളത്തില്‍ അഭിനയിച്ച ചിത്രങ്ങള്‍. എന്നാല്‍ സിനിമയിലെ സ്ത്രീകള്‍ക്കെതിരായ അസമത്വങ്ങള്‍ക്കെതിരെയും മറ്റും ശക്തമായ നിലപാട് സ്വീകരിച്ച് കൊണ്ട് സിനിമയ്ക്ക് പുറത്തും താരം സജീവമായിരുന്നു. താരസംഘടനയായ എ.എം.എം.എയുടെ പ്രവര്‍ത്തനത്തില്‍ പ്രതിഷേധിച്ച് രേവതി കഴിഞ്ഞ ദിവസം രാജി വെച്ചതും വലിയ വാര്‍ത്തയായിരുന്നു.
അടുത്തിടെ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെ സിനിമയില്‍ അഭിനേത്രമാര്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് രേവതി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. സിനിമയില്‍ മുപ്പത്തിയഞ്ച് വയസ് പിന്നിട്ടാല്‍ സ്ത്രീകള്‍ക്ക് പ്രധാന്യമുള്ള വേഷങ്ങളൊന്നും തന്നെ ലഭിക്കുന്നില്ലെന്ന് പറയുകയാണ് രേവതി.
സംവിധായകയെന്ന നിലയില്‍ രണ്ട് ചിത്രം താന്‍ സംവിധാനം ചെയ്തിട്ടുണ്ടെന്നും എന്നാല്‍ അഭിനേത്രി എന്ന നിലയില്‍ തനിക്ക് കാര്യമായി ഒന്നും ചെയ്യാനില്ലെന്നും താരം പറയുന്നു. സാധാരണയായി പറയാറുള്ളത് മുപ്പത്തിയഞ്ച് വയസ് കഴിഞ്ഞാല്‍ സിനിമയില്‍ ഒരു അഭിനേത്രിയുടെ ലൈഫ് കഴിഞ്ഞു എന്നാണെന്നും കാരണം അമ്പത് വയസുള്ള ഹീറോയും അവരുടെ കൂടെ അഭിനയിക്കാന്‍ ഇരുപത് വയസുള്ള അഭിനേത്രമാരെയാണ് ആവശ്യപ്പെടുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. തന്നെ പോലുള്ള അഭിനേത്രിമാരെല്ലാം അവരുടെ അമ്മമാരാകുമെന്നും അല്ലെങ്കില്‍ വക്കീലോ ഡോക്ടറോ പോലുള്ള കഥാപാത്രമായി മാറുമെന്നും താരം കൂട്ടിച്ചേര്‍ത്തു.
Content Highlight: Revathi Talks about challenges faced by actresses in Cinema Field
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.