കഥ എഴുതണമെന്ന് പറഞ്ഞപ്പോള്‍ മണിരത്‌നം എന്റെ കയ്യിലേക്ക് ഒരു പേപ്പര്‍ വെച്ചു തന്നു; അന്ന് അദ്ദേഹം പറഞ്ഞത്...: രേവതി
Indian Cinema
കഥ എഴുതണമെന്ന് പറഞ്ഞപ്പോള്‍ മണിരത്‌നം എന്റെ കയ്യിലേക്ക് ഒരു പേപ്പര്‍ വെച്ചു തന്നു; അന്ന് അദ്ദേഹം പറഞ്ഞത്...: രേവതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 7th July 2025, 6:45 am

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് രേവതി. 1983ല്‍ പുറത്തിറങ്ങിയ മന്‍ വാസനൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അവര്‍ അഭിനയരംഗത്തേക്ക് വരുന്നത്. അതേവര്‍ഷം തന്നെ പുറത്തിറങ്ങിയ കാറ്റത്തെ കിളിക്കൂട് എന്ന സിനിമയിലൂടെയാണ് രേവതി ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നത്.

പിന്നീട് തെലുങ്കിലും അഭിനയിക്കാന്‍ അവര്‍ക്ക് സാധിച്ചു. തന്റെ കരിയറില്‍ മലയാളത്തിലും മറ്റ് ഭാഷകളിലുമായി നിരവധി മികച്ച സിനിമകളുടെ ഭാഗമായ നടി കൂടിയാണ് രേവതി. അഭിനയത്തിന് പുറമെ സംവിധാനത്തിലും കഴിവ് തെളിയിക്കാന്‍ രേവതിക്ക് സാധിച്ചിരുന്നു.

ഇപ്പോള്‍ ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍, സിനിമയില്‍ അഭിനയിക്കുന്നതിന്റെ ഇടയില്‍ എപ്പോഴാണ് സംവിധാനം ചെയ്യാമെന്ന് തീരുമാനിക്കുന്നതെന്ന് പറയുകയാണ് രേവതി. അഞ്ജലി എന്ന മണിരത്‌നം ചിത്രത്തിന്റെ ഇടയിലാണ് ഈ ആഗ്രഹം ഉണ്ടാകുന്നതെന്നാണ് നടി പറയുന്നത്.

‘സംവിധാനം ചെയ്യാമെന്ന ആഗ്രഹം എനിക്ക് വരുന്നത് വളരെ കാലം മുമ്പാണ്. അഞ്ജലി സിനിമയുടെ ഷൂട്ടിങ്ങിന്റെ ഇടയിലാണ് ഈ ആഗ്രഹം ഉണ്ടാകുന്നതെന്ന് പറയേണ്ടി വരും. അത്രയും കാലങ്ങള്‍ക്ക് മുമ്പാണ്.

അഞ്ജലിയുടെ ഷൂട്ടിങ്ങിന്റെ സമയത്ത് ഞാന്‍ എനിക്ക് ഷൂട്ടില്ലാത്ത ദിവസങ്ങളിലും സെറ്റിലേക്ക് പോകുമായിരുന്നു. അന്ന് ഒരു സീന്‍ ഷൂട്ട് ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു. അതേത് സീനായിരുന്നുവെന്ന് എനിക്ക് കൃത്യമായി ഓര്‍മയില്ല.

ഞാന്‍ പെട്ടെന്ന് മണിയോട് (മണിരത്‌നം) ‘മണി എനിക്ക് കഥ എഴുതുന്നത് എങ്ങനെയെന്ന് പഠിക്കാന്‍ തോന്നുന്നു. എന്തുകൊണ്ടാണെന്ന് അറിയില്ല. ഒരുപക്ഷെ എനിക്ക് എന്നെങ്കിലും ഒരു ദിവസം സിനിമയുണ്ടാക്കാമല്ലോ’ എന്ന് പറഞ്ഞു.

അന്ന് മണി എന്റെ കയ്യിലേക്ക് ഒരു പേപ്പര്‍ തന്നു. ‘ശരി, എങ്കില്‍ സീന്‍ എഴുതൂ’വെന്ന് പറഞ്ഞു. രാവിലെ പത്ത് മണിക്കോ മറ്റോ ആയിരുന്നു ഈ സംഭവം നടക്കുന്നത്. ഞാന്‍ പേപ്പറുമായിട്ട് ഇരുന്നുവെങ്കിലും എനിക്ക് എഴുതാന്‍ വാക്കുകളൊന്നും ഇല്ലായിരുന്നു.

എന്റെ തലയില്‍ ആ സമയത്ത് ഒന്നും വരുന്നില്ലായിരുന്നു. സീനും കഥാപാത്രവും സിറ്റുവേഷനുമൊക്കെ എനിക്ക് അറിയാമായിരുന്നു. അഞ്ജലി സിനിമയില്‍ ഞാനും രഘുവും എന്താണെന്ന് ചെയ്യുന്നത് എനിക്ക് അറിയാമായിരുന്നു. പക്ഷെ എനിക്ക് ഒന്നും എഴുതാന്‍ ആകുന്നില്ലായിരുന്നു.

ഉച്ച ആയതോടെ മണി എന്റെ അടുത്തേക്ക് വന്നിട്ട് ‘എന്തായി?’ എന്ന് ചോദിച്ചു. ഞാന്‍ ഒഴിഞ്ഞ പേപ്പര്‍ മണിയുടെ കയ്യിലേക്ക് കൊടുത്തു. ‘എനിക്ക് എഴുതാന്‍ സാധിച്ചില്ല’ എന്ന് ഞാന്‍ പറഞ്ഞു. അന്ന് എന്തുകൊണ്ടോ എനിക്ക് ഒന്നും എഴുതാന്‍ സാധിക്കാതെ പോയി,’ രേവതി പറയുന്നു.


Content Highlight: Revathi says that she decides when she wants to direct a film while acting in it