തെലങ്കാന: ടി.ആര്‍.എസ് അധ്യക്ഷന്‍ കെ.ചന്ദ്രശേഖര റാവുവിന്റെ റാലിക്കെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌തെന്ന് ആരോപിച്ച് തെലങ്കാന പി.സി.സി പ്രസിഡന്റിനേയും സ്ഥാനാര്‍ഥി രേവന്ത് റെഡ്ഢിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊടങ്കല്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ രേവന്തിനെ ഇന്നു പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സ്വവസതിയില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. കൊടങ്കല്‍, ബോംറാസ്‌പേട്ട്, ദൗലത്താബാദ് എന്നീ മണ്ഡലങ്ങളില്‍ ചന്ദ്രശേഖര റാവു നയിക്കുന്ന മെഗാറാലി ഇന്ന് നടക്കാനിരിക്കെയാണ് പൊലീസ് നടപടി.
ഡിസംബര്‍ രണ്ടിന് രേവന്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചന്ദ്രശേഖര റാവുവിന്റെ റാലിയെ തടണമെന്ന് ആഹ്വാനം ചെയ്തുവെന്ന് തെളിഞ്ഞതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അയച്ച നോട്ടീസില്‍ വ്യക്തമാക്കുന്നു.
രേവന്ത് റെഡ്ഢിയുടെ അനുയായികള്‍ റാലി തടസപ്പെടുത്തിയാല്‍ അത് മണ്ഡലത്തിലെ ക്രമസമാധാനപാലനത്തെ ബാധിക്കുമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ രജത് കുമാര്‍ നോട്ടീസില്‍ പറയുന്നുണ്ട്. കമ്മീഷന്റെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് റെഡ്ഢിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച രേവന്ത് റെഡ്ഢിയുടേയും അനുയായികളുടേയും വീട്ടില്‍ നടന്ന പരിശോധനയില്‍ 51 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു.
അതേസമയം, ബി.ജെ.പിയും തെലങ്കാന രാഷ്ട്രീയ സമിതിയും തമ്മില്‍ രാഷ്ട്രീയ വാതുവെപ്പ് നടത്തുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞിരുന്നു. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവും മോദിയും ഇരട്ട സഹോദരന്മാരെ പോലെയാണെന്നും അവര്‍ ജുംല(പൊള്ളയായ വാഗ്ദാനം) സഹോദരന്മാരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ബി.ജെ.പിയും ടി.ആര്‍.എസും തമ്മില്‍ സ്റ്റേജുകളില്‍ വെച്ച് പരസ്പരം വിമര്‍ശിക്കും, പക്ഷേ, യഥാര്‍ത്ഥത്തില്‍ അവര്‍ തമ്മില്‍ യോജിപ്പാണ്. ക്രിക്കറ്റിലെ വാതുവെപ്പു പോലെ ഇവര്‍ രാഷ്ട്രീയ വാതുവെപ്പില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഇത് കൃത്യമായറിയാമെന്നും കപില്‍ സിബല്‍ പറഞ്ഞിരുന്നു.
