മോദി ഗ്യാരന്റിയുടെ വാറന്റി കഴിഞ്ഞു; ദക്ഷിണേന്ത്യയില്‍ പ്രധാനമന്ത്രിക്ക് ഒരു റോളുമില്ല: രേവന്ത് റെഡ്ഡി
national news
മോദി ഗ്യാരന്റിയുടെ വാറന്റി കഴിഞ്ഞു; ദക്ഷിണേന്ത്യയില്‍ പ്രധാനമന്ത്രിക്ക് ഒരു റോളുമില്ല: രേവന്ത് റെഡ്ഡി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th May 2024, 7:51 am

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. മോദി ഗ്യാരന്റിയുടെ വാറന്റി കഴിഞ്ഞെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു. ദക്ഷിണേന്ത്യയില്‍ മോദിക്ക് യാതൊരു വിധത്തിലുമുള്ള റോളുമില്ലെന്നും മുഖ്യമന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു.

തെലങ്കാനയില്‍ കോണ്‍ഗ്രസ് 17ല്‍ 14 സീറ്റുകളും നേടുമെന്ന് രേവന്ത് റെഡ്ഡി ഊന്നിപ്പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 220 സീറ്റിനപ്പുറം നേടില്ലെന്നും സംസ്ഥാനത്ത് കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണ് മത്സരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യം പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നണിയായ ഇന്ത്യാ സഖ്യത്തിന് അനുകൂലമാണെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. ഇന്ത്യാ സഖ്യം അധികാരത്തിലെത്തുമെന്നും തെലങ്കാന മുഖ്യമന്ത്രി പറയുന്നു.

‘ഉത്തരേന്ത്യയില്‍ നിന്ന് ദക്ഷിണേന്ത്യ വളരെ വ്യത്യസ്തമാണ്. ബി.ജെ.പിയുടെ വൈകാരികമായ അജണ്ടയും രാഷ്ട്രീയ നീക്കങ്ങളും തിരിച്ചറിയാന്‍ കഴിയുന്ന ആളുകളാണ് ഉത്തരേന്ത്യയില്‍ ഉള്ളത്. തിരിച്ചറിവുള്ള ഈ വോട്ടര്‍മാര്‍ വികസനത്തിനും ക്ഷേമത്തിനും വേണ്ടി വോട്ട് ചെയ്യുന്നതാണ്,’ രേവന്ത് റെഡ്ഡി പ്രതികരിച്ചു.

അസദുദ്ദീന്‍ ഉവൈസിയുടെ ആര്‍.എസ്.എസ് അണ്ണാ എന്ന പരാമര്‍ശത്തെ ഗൗരവകരമായി കാണുന്നില്ലെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. ഉവൈയുടെ പാര്‍ട്ടിയായ എ.ഐ.എം.ഐ.എം ബി.ആര്‍.എസിന് ആണ് പിന്തുണ നല്‍കുന്നത്. ഇത്തരം പരാമര്‍ശങ്ങള്‍ അതിന്റെ ഭാഗമായാണ് ഉടലെടുക്കുന്നത്. ഇതില്‍ പ്രത്യേകിച്ച് പ്രതികരിക്കാന്‍ ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നാലും കോണ്‍ഗ്രസിന് മൂന്നും ബി.ആര്‍.എസിന് ഒമ്പത് സീറ്റുമാണ് ലഭിച്ചത്. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വന്‍ വിജയം നേടിയ കോണ്‍ഗ്രസ് തങ്ങള്‍ക്ക് ഈ തെരഞ്ഞെടുപ്പ് അനുകൂലമെന്ന് പ്രതികരിക്കുന്നു.

കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന കേസില്‍ ദല്‍ഹി പൊലീസിന് മുമ്പാകെ ഹാജരാകില്ലെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണം ചൂണ്ടിക്കാട്ടി സമന്‍സിന് മറുപടി നല്‍കാനായിരുന്നു പാര്‍ട്ടി തീരുമാനം.

അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചുവെന്ന കേസില്‍ ദല്‍ഹി പൊലീസ് രേവന്ത് റെഡ്ഡിയുടെ വീട്ടിലെത്തി നോട്ടീസ് നല്‍കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥര്‍ക്കാണ് നോട്ടീസ് നല്‍കിയത്. രേവന്ത് റെഡ്ഡി ഉപയോഗിക്കുന്ന എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും ദല്‍ഹി പൊലീസിന് മുമ്പാകെ ഹാജരാക്കണമെന്നായിരുന്നു നോട്ടീസില്‍ പറഞ്ഞിരുന്നത്. ഇതിനുപിന്നാലെ ദല്‍ഹി പൊലീസിന്റെ ഈ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവും ഉയര്‍ന്നിരുന്നു.

Content Highlight: Revanth Reddy said that the warranty of Modi guarantee is over