ഹൈദരാബാദ്: നിയമസഭാ തെരഞ്ഞെപ്പിനുള്ള പ്രായപരിധി 21 ആക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പ്രായപരിധി 25 വയസില്‍ നിന്ന് 21 ആക്കി കുറയ്ക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.
രാജീവ് ഗാന്ധി ജയന്തി ദിനത്തില്‍ തെലങ്കാന സെക്രട്ടേറിയറ്റിന് സമീപത്തുള്ള രാജീവ് ഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു രേവന്ത് റെഡ്ഡി.
രാഷ്ട്ര നിര്‍മാണത്തില്‍ യുവാക്കളെ ശാക്തീകരിക്കുന്നതിനായാണ് ആവശ്യം മുന്നാട്ടുവെച്ചതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഇതേ ലക്ഷ്യം നടപ്പിലാക്കുന്നതിനായി വോട്ടവകാശം 21 വയസില്‍ നിന്ന് 18 വയസായി കുറച്ചിരുന്നുവെന്നും രേവന്ത് റെഡ്ഡി ചൂണ്ടിക്കാട്ടി.
ഈ ചരിത്രപരമായ പരിഷ്‌കാരത്തിനായി കോണ്‍ഗ്രസ് ശ്രമിക്കുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. യുവാക്കളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള വിപ്ലവകരമായ നടപടിയാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജീവ് ഗാന്ധി നടപ്പിലാക്കിയ പരിഷ്‌കാരങ്ങളെ കുറിച്ചും മുഖ്യമന്ത്രി സംസാരിച്ചു. സുതാര്യതക്കും പുരോഗതിക്കും വേണ്ടി സാങ്കേതികവിദ്യ സംയോജിപ്പിക്കണമെന്ന് സ്വപ്നം കണ്ട നേതാവായിരുന്നു രാജീവ് ഗാന്ധിയെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.
ക്ഷേമം, വികസനം, സാമൂഹിക നീതി എന്നിവയിലൂടെ രാജീവ് ഗാന്ധിയുടെ ആദര്‍ശങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹൈദരാബാദിലെ ഹൈടെക് സിറ്റിയുടെ വികസനത്തിന് പിന്നിലെ പ്രചോദനം രാജീവ് ഗാന്ധിയാണ്. ആധുനിക ഇന്ത്യക്ക് അടിത്തറ പാകിയത് തന്നെ അദ്ദേഹമാണ്. ആ യാത്ര പൂര്‍ത്തിയാക്കുന്ന പ്രധാനമന്ത്രിയായിരിക്കും രാഹുല്‍ ഗാന്ധിയെന്നും രേവന്ത് റെഡ്ഡി പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുന്നത് വരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിശ്രമിക്കില്ലെന്നും അദ്ദേഹത്തിന്റെ സേവനം ഈ രാജ്യത്തിന് ആവശ്യമാണെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ തങ്ങള്‍ തെലങ്കാനയെ സാമൂഹികമായും സാമ്പത്തികമായും മുന്നോട്ട് കൊണ്ടുപോകുന്നത് തുടരുമെന്നും രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചു.
Content Highlight: Revanth Reddy wants to reduce the age limit for contesting in assembly elections to 21