ഹൈദരാബാദ്: പിതാവ് ചന്ദ്രശേഖര്‍ റാവുവുമായുള്ള അഭിപ്രായഭിന്നതകളെ തുടര്‍ന്ന് ബി.ആര്‍.എസില്‍ നിന്നുമുള്ള കെ. കവിതയുടെ രാജിയില്‍ പ്രതികരണവുമായി തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ബി.ആര്‍.എസ് നേതാക്കള്‍ പരസ്പരം ചതിക്കുകയാണെന്ന് രേവന്ത് റെഡ്ഡി ആരോപിച്ചു. താന്‍ കവിതയെ സഹായിക്കാന്‍ ഒരു തരത്തിലും ശ്രമിച്ചിട്ടില്ലെന്നും ബി.ആര്‍.എസിന്റെ കുടുംബരാഷ്ട്രീയത്തില്‍ ഇടപെടാന്‍ താത്പര്യമില്ലെന്നും റെഡ്ഡി പറഞ്ഞു.
‘ഇന്ന് രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ബി.ആര്‍.എസ് നേതാക്കള്‍ പരസ്പരം ചതിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ നേടിയ സ്വത്തുക്കള്‍ വീതം വെക്കുന്നതില്‍ അവര്‍ പരസ്പരമേറ്റുമുട്ടുകയാണ്.
പരസ്പരം കാലുവാരിയ ശേഷം ഹരിഷ് റാവുവിന്റെയും സന്തോഷിന്റെയും പിന്നില്‍ രേവന്ത് റെഡ്ഡിയാണെന്നാണ് ബി.ആര്‍.എസ് നേതാക്കള്‍ പറയുന്നത്. ചിലര്‍ പറയുന്നത് രേവന്ത് റെഡ്ഡി കവിതയെ പിന്തുണയ്ക്കുന്നു എന്നാണ്. ബി.ആര്‍.എസിന്റെ കുടുംബകാര്യങ്ങളില്‍ എന്റെ പേര് വലിച്ചിഴയ്ക്കരുതെന്ന് ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുകയാണ്.
ബി.ആര്‍.എസിന്റെ രാഷ്ട്രീയ കുടുംബവാഴ്ചയില്‍ ഞങ്ങള്‍ക്ക് ഒരു താത്പര്യവുമില്ല. എടുക്കാത്ത നോട്ടുകളെന്ന പോലെ ആളുകള്‍ ഇതിനോടകം തന്നെ അവരെ കൈവിട്ടുകളഞ്ഞു.
ബി.ആര്‍.എസ് നേതാക്കള്‍ ഇതിനോടകം തന്നെ വലിയ തെറ്റുകള്‍ ചെയ്തുകഴിഞ്ഞു. അതിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. ഞാന്‍ ഈ സംസ്ഥാനത്തിന്റെ നേതാവാണ്. ഞാന്‍ എന്റെ പാര്‍ട്ടിയെ മാത്രമേ പിന്തുണയ്ക്കുന്നുള്ളൂ,’ റെഡ്ഡി പറഞ്ഞു.
സസ്‌പെന്‍ഷന് പിന്നാലെ ബുധനാഴ്ചയാണ് കെ. കവിത പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുന്നത്. പിതാവ് കെ. ചന്ദ്രശേഖര റാവുവുമായുള്ള ദീര്‍ഘകാല തര്‍ക്കത്തിന് പിന്നാലെയാണ് കവിതയുടെ രാജി. എം.എല്‍.സി സ്ഥാനവും കവിത രാജി വെച്ചിരുന്നു.
ബി.ആര്‍.എസില്‍ ചിലര്‍ തന്നെ വേട്ടയാടിയെന്നും നീതി ലഭിച്ചില്ലെന്നും പാര്‍ട്ടി വിട്ടുകൊണ്ട് കവിത പറഞ്ഞു. താന്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ലെന്നും ആരൊക്കെയാണ് പാര്‍ട്ടിയുടെ ശത്രുക്കളെന്ന് കാട്ടിത്തരാനായിരുന്നു താന്‍ ശ്രമിച്ചതെന്നും കവിത കൂട്ടിച്ചേര്‍ത്തു.
ഹരീഷ് റാവുവിനും മുന്‍ എം.പി ജെ. സന്തോഷ് കുമാറിനും എതിരെ പരസ്യമായി ഗൂഢാലോചന ആരോപിച്ചതിന് പിന്നാലെ ചൊവ്വാഴ്ചയാണ് ബി.ആര്‍.എസ് കവിതയെ സസ്പെന്‍ഡ് ചെയ്തത്.
കവിതയുടെ പ്രവര്‍ത്തികള്‍ പാര്‍ട്ടിയുടെ നയങ്ങള്‍ക്കും തത്വങ്ങള്‍ക്കും എതിരാണെന്ന് പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ചകളിലായി പാര്‍ട്ടിയിലുണ്ടായ ആഭ്യന്തര പ്രശ്നങ്ങള്‍ക്ക് ശേഷമാണ് കവിതയുടെ സസ്പെന്‍ഷനും രാജി തീരുമാനവും വരുന്നത്.
പിതാവിനയച്ച കത്ത് പുറത്തായതിനെതിരെ താന്‍ ഒരു പരാതി നല്‍കിയിരുന്നെന്നും നൂറുദിവസം കഴിഞ്ഞിട്ടും ഇതിന് ഒരു മറുപടിയും ലഭിച്ചില്ലെന്നും അങ്ങനെയുള്ളപ്പോള്‍ എങ്ങനെയാണ് ഒരു പാര്‍ട്ടി പ്രവര്‍ത്തകയ്ക്ക് നീതി ലഭിക്കുകയെന്നും കവിത ചോദിച്ചു.
Content Highlight: Revanth Reddy on K Kavitha’s resignation from BRS