സസ്‌പെന്‍ഡ് ചെയ്ത റോയിട്ടേഴ്സിന്റെ എക്‌സ് അക്കൗണ്ട് ഇന്ത്യയില്‍ പുനസ്ഥാപിച്ചു; അക്കൗണ്ട് തടയാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രം
ന്യൂ ദല്‍ഹി: അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് ഇന്ത്യയില്‍ പുനഃസ്ഥാപിച്ചു. എക്‌സ് അക്കൗണ്ട് തടഞ്ഞുവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണത്തെ തുടര്‍ന്നാണ് അക്കൗണ്ട് വീണ്ടും ഇന്നലെ (ജൂലൈ 6) ഇന്ത്യയില്‍ പുനസ്ഥാപിച്ചത് ശനിയാഴ്ച അര്‍ധ രാത്രിയോടെയാണ് റോയിട്ടേഴ്‌സിന്റെ എക്‌സ് അക്കൗണ്ട് ഇന്ത്യയില്‍ മരവിപ്പിച്ചിരുന്നത്.
അക്കൗണ്ട് പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് എക്‌സോ, റോയിട്ടേഴ്സോ ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രതിനിധികളോ ഉടന്‍ പ്രതികരിച്ചിരുന്നില്ല. ഒരു സര്‍ക്കാര്‍ ഏജന്‍സിയും റോയിട്ടേഴ്സ് ഹാന്‍ഡില്‍ തടഞ്ഞുവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും, പ്രശ്നം പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ എക്സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നുമാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ വക്താവ് റോയിട്ടേഴ്‌സിനോട് പറഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയില്‍ മരവിപ്പിക്കപ്പെട്ട റോയിട്ടേഴ്സ് വേള്‍ഡിന്റെ മറ്റൊരു എക്സ് അക്കൗണ്ടായ റോയിട്ടേഴ്സ് വേള്‍ഡും ഇന്നലെ പുനഃസ്ഥാപിച്ചു. റോയിട്ടേഴ്‌സിന്റെ അക്കൗണ്ട് മരവിപ്പിക്കലില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും സര്‍ക്കാരാണ് എക്‌സ് അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നതെന്ന വാര്‍ത്ത തങ്ങള്‍ നിഷേധിക്കുന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു. പ്രശ്നം പരിഹരിക്കാന്‍ എക്സുമായി ബന്ധപ്പെട്ടിരുന്നുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ജൂലൈ 5ന് ഇന്ത്യയില്‍ റോയിട്ടേഴ്സ് എക്സ് അക്കൗണ്ടിലേക്കുള്ള ആക്സസ് രാത്രി നിയന്ത്രിച്ചതോടെ ഇതിന്റെ കാരണമെന്തെന്ന തരത്തിലുള്ള ഊഹാപോഹങ്ങള്‍ ഉയര്‍ന്നിരുന്നു. 25 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള ആഗോള വാര്‍ത്താ ഏജന്‍സിയുടെ അക്കൗണ്ട് ശനിയാഴ്ച രാത്രി മുതല്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ആക്സസ് ചെയ്യാന്‍ കഴിയുന്നില്ലായിരുന്നു.
Content highlight: Reuters X account restored in India after suspension over legal demand
VIDEO