ജനങ്ങള്‍ക്ക് വാര്‍ത്തകളിലുള്ള വിശ്വാസം നഷ്ടപ്പെടുന്നു, ഇന്ത്യയില്‍ അത് വര്‍ധിക്കുന്നു; റോയിട്ടേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ട്
World News
ജനങ്ങള്‍ക്ക് വാര്‍ത്തകളിലുള്ള വിശ്വാസം നഷ്ടപ്പെടുന്നു, ഇന്ത്യയില്‍ അത് വര്‍ധിക്കുന്നു; റോയിട്ടേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th June 2022, 9:26 am

സിംഗപ്പൂര്‍: സോഷ്യല്‍ മീഡിയകള്‍ വഴി ജനങ്ങള്‍ വാര്‍ത്ത തിരയുന്നതും വായിക്കുന്നതും വര്‍ധിച്ചെന്നും മാധ്യമങ്ങള്‍ വഴി വരുന്ന വാര്‍ത്തകളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടുന്ന ഒരു ട്രെന്‍ഡ് രൂപപ്പെട്ടതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്.

റോയിട്ടേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് കഴിഞ്ഞയാഴ്ച പുറത്തുവിട്ട ഡിജിറ്റല്‍ ന്യൂസ് റിപ്പോര്‍ട്ടിന്റെ 11ാം എഡിഷനിലാണ് ഇത് സംബന്ധിച്ച ഡാറ്റയുള്ളത്.

അതേസമയം, വാര്‍ത്തകളില്‍ ജനങ്ങള്‍ക്ക് വിശ്വാസം വര്‍ധിച്ചതായി രേഖപ്പെടുത്തിയ രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നുണ്ട്. വാര്‍ത്തകളില്‍ ജനങ്ങള്‍ക്ക് വിശ്വാസം വര്‍ധിച്ചതായി പറയുന്ന ഏഴ് രാജ്യങ്ങളുടെ ലിസ്റ്റിലാണ് ഇന്ത്യയും ഉള്‍പ്പെട്ടിരിക്കുന്നത്.

ഫിന്‍ലാന്‍ഡാണ് ലിസ്റ്റില്‍ ഒന്നാമത് നില്‍ക്കുന്ന രാജ്യം. 69 ശതമാനമാണ് ഇവിടെ ജനങ്ങള്‍ വാര്‍ത്തകളെ വിശ്വസിക്കുന്നത്. അമേരിക്കയാണ് ലിസ്റ്റില്‍ ഏറ്റവും താഴെ നില്‍ക്കുന്നത്. സര്‍വേ പ്രകാരം യു.എസില്‍ ജനങ്ങള്‍ക്ക് വാര്‍ത്തകളിന്മേലുള്ള വിശ്വാസം മൂന്ന് ശതമാനം ഇടിഞ്ഞ് 26 ശതമാനത്തിലെത്തി.

ഇന്ത്യയില്‍ മാധ്യമങ്ങളിലൂടെ ലഭിക്കുന്ന വാര്‍ത്തകള്‍ക്ക് മേലുള്ള ജനങ്ങളുടെ വിശ്വാസം മൂന്ന് ശതമാനം വര്‍ധിച്ച് 41 ശതമാനത്തിലെത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം, കൊവിഡിന് മുമ്പുള്ള സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോള്‍ ജനങ്ങള്‍ക്ക് വാര്‍ത്തകളിന്മേലുള്ള വിശ്വാസം വര്‍ധിച്ചിട്ടുണ്ടെന്നും എന്നാല്‍ 2015ലെ സര്‍വേയുമായി താരതമ്യം ചെയ്യുമ്പോഴാണ് ഇത് കുറഞ്ഞിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റോയിട്ടേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദ സ്റ്റഡി ഓഫ് ജേര്‍ണലിസമാണ് ‘റോയിട്ടേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡിജിറ്റല്‍ ന്യൂസ് റിപ്പോര്‍ട്ട് 2022’ പുറത്തുവിട്ടിരിക്കുന്നത്. ഓക്‌സ്‌ഫൊര്‍ഡ് സര്‍വകലാശാലയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പൊളിറ്റിക്‌സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍സിന്റെ ഭാഗമായാണ് റോയിട്ടേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദ സ്റ്റഡി ഓഫ് ജേര്‍ണലിസം പ്രവര്‍ത്തിക്കുന്നത്.

വിവിധ രാജ്യങ്ങളില്‍ ജനങ്ങള്‍ വാര്‍ത്തകളെ എങ്ങനെയാണ് സ്വീകരിക്കുന്നത് എന്നറിയുന്നതിന് വേണ്ടിയാണ് റോയിട്ടേഴ്‌സ് ഈ പഠനം നടത്തിയത്. 2022 ജനുവരി, ഫെബ്രുവരി മാസങ്ങളിലായിരുന്നു ഇതിന് വേണ്ട സര്‍വേയും റിസര്‍ചും നടത്തിയത്.

മൊത്തം 46 രാജ്യങ്ങളിലാണ് പഠനം നടത്തിയത്. യൂറോപ്പില്‍ നിന്നും 24, ഏഷ്യയില്‍ നിന്നും 11 സൗത്ത് അമേരിക്കയില്‍ നിന്നും അഞ്ച് ആഫ്രിക്കയില്‍ നിന്നും നോര്‍ത്ത് അമേരിക്കയില്‍ നിന്നും മൂന്ന് എന്നിങ്ങനെയാണ് രാജ്യങ്ങളെ തെരഞ്ഞെടുത്തത്. ഓരോ രാജ്യത്ത് നിന്നും 2000 പ്രതികരണങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്.

Content Highlight: Reuters Institute Report says trust in news falling globally with India one of the exceptions