ന്യൂദല്‍ഹി: ബവാന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തകര്‍ത്തതിന്റെ ആഹ്ലാദതിമിര്‍പ്പിലാണ് ആം ആദ്മി പാര്‍ട്ടിയും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും. വിജയം ഓരോപ്രവര്‍ത്തകര്‍ക്കുമായി സമര്‍പ്പിക്കുന്നതായും ബി.ജെ.പിയുടെ ജനവിരുദ്ധതയ്ക്ക് ഏറ്റ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് വിജയമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ തെരഞ്ഞെടുപ്പുകളിലും വിവിപാറ്റ് സംവിധാനം ഉപയോഗിക്കാനുള്ള ധൈര്യം ബി.ജെ.പിക്ക് ഉണ്ടോയെന്നും കെജ്‌രിവാള്‍ ചോദിച്ചു.
ധൈര്യമുണ്ടെങ്കില്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും ഇ.വി.എമ്മിനൊപ്പം വിവിപാറ്റ് ഘടിപ്പിക്കാന്‍ ബി.ജെ.പിയെ വെല്ലുവിളിക്കുകയാണ്. അതിന് ശേഷം പോള്‍ചെയ്ത വോട്ട് പേപ്പര്‍ ട്രയലുമായി താരതമ്യപ്പെടുത്തൂ. നിങ്ങള്‍ ചെയ്യുന്നത് ഇ.വി.എമ്മില്‍ അട്ടിമറി നടത്തി വിജയിക്കലാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.
Dont Miss എന്തുകൊണ്ട് നമ്മള്‍ തോറ്റു? ബവാന തെരഞ്ഞടുപ്പിലെ ബി.ജെ.പിയുടെ ‘താത്വിക അവലോകനം’ ഇങ്ങനെ
ബി.ജെ.പി വിജയിച്ച തെരഞ്ഞെടുപ്പുകളിലെല്ലാം വലിയ തോതില്‍ ഇ.വി.എം അട്ടിമറി നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ സമീപകാലമുന്നേറ്റത്തിന് കാരണം ജനപിന്തുണയല്ലെന്നും മറിച്ച് ഇ.വി.എമ്മില്‍ അവര്‍ നടത്തിയ തിരിമറി തന്നെയാണെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി. ബി.ജെ.പി കനത്തപരാജയം ഏറ്റുവാങ്ങിയ ബവാന ബൈപോളില്‍ വിവിപാറ്റ് സംവിധാനം ഉപയോഗിച്ചിരുന്നു.
ബവാനയിലെ ജനങ്ങള്‍ക്ക് ആം ആദ്മിയോടുള്ള ആവര്‍ത്തിച്ചുള്ള വിശ്വാസമാണ് തെരഞ്ഞെടുപ്പ് വിജയം. പണം വാഗ്ദാനം ചെയ്ത് മറ്റുപാര്‍ട്ടികളില്‍ നിന്നും ആളുകളെ ചാക്കിട്ടുപിടിച്ച ബി.ജെ.പിക്ക് ഏറ്റ തിരിച്ചടിയാണ് ഇതെന്നും കെജ്‌രിവാള്‍ പറഞ്ഞു.
അവര്‍ നമ്മുടെ നിരവധി എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാന്‍ ശ്രമിച്ചിരുന്നു. നിരവധി പേരുമായി ബന്ധപ്പെടുകയും ചെയ്തു. എന്നാല്‍ അതില്‍ ഒരാള്‍ മാത്രം വിശ്വാസവഞ്ചന കാണിച്ചു. ഇതില്‍ നിന്നും നമുക്ക് ഒരു കാര്യം മനസിലാക്കാം. ആരോണോ സ്വന്തം വ്യക്തിത്വം പോലും പണയംവെച്ച് ചതി കാണിക്കുന്നത് അവരെ അധികാരത്തില്‍ തുടരാന്‍ ജനം അനുവദിക്കില്ല. അവര്‍ക്ക് പൊതുജനങ്ങള്‍ക്കിടയില്‍ വന്നുനില്‍ക്കാന്‍ പോലുമുള്ള അവസരം പിന്നീടുണ്ടാവില്ല- കെജ്‌രിവാള്‍ പറയുന്നു.
ദല്‍ഹിയില്‍ നടത്തുന്ന ഞങ്ങളുടെ ഭരണത്തില്‍ ഇടപെടാന്‍ കേന്ദ്രം വരേണ്ടതില്ലെന്നും കെജ്‌രിവാല്‍ ഓര്‍മിപ്പിച്ചു.
