ഹിന്ദി സിനിമയില്‍ ഒരു മിഡില്‍ ക്ലാസ് ഫാമിലിയെ പോലും കാണില്ല; മലയാള സിനിമയുടെ ഭംഗി അതാണ്: റസൂല്‍ പൂക്കുട്ടി
Malayalam Cinema
ഹിന്ദി സിനിമയില്‍ ഒരു മിഡില്‍ ക്ലാസ് ഫാമിലിയെ പോലും കാണില്ല; മലയാള സിനിമയുടെ ഭംഗി അതാണ്: റസൂല്‍ പൂക്കുട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 11th November 2025, 12:02 pm

സാധാരണക്കാരെ കുറിച്ചുള്ള കഥകളാണ് മലയാള സിനിമ ഇപ്പോഴും ചെയ്യുന്നതെന്നും അതാണ് മലയാള സിനിമയുടെ ഭംഗിയെന്നും സൗണ്ട് ഡിസൈനറും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ റസൂല്‍ പൂക്കുട്ടി. ഹിന്ദി സിനിമകളില്‍ ഒരു മിഡില്‍ ക്ലാസ് ഫാമിലിയെ പോലും കാണാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റസൂല്‍ പൂക്കുട്ടി.

‘ ഇപ്പോഴും സാധാരണക്കാരുടെ, തങ്ങളുടെ ഇടയില്‍ ഉണ്ടാകുന്ന കാര്യങ്ങളാണ് മലയാള സിനിമ ചിത്രീകരിക്കുന്നത്. അതാണ് മലയാള സിനിമയുടെ ഭംഗി. ഹിന്ദി സിനിമ എന്താണ് ചെയ്യുന്നത്, ഹിന്ദി സിനിമയില്‍ ഒരു മിഡില്‍ ക്ലാസ് ഫാമിലിയെ പോലും കാണാന്‍ കഴിയില്ല.

അതുകൊണ്ട് കുറച്ച് കാലങ്ങളായി അവിടെ എന്താണ് സംഭവിക്കുന്നത് പകുതിയോളം ജനങ്ങളും ഹിന്ദി സിനിമകളെ റിജക്ട് ചെയ്തു. കാരണം അവര്‍ക്ക് കണക്ടാകുന്ന, തങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട ഒന്നും ആ സിനിമകളില്‍ കാണുന്നില്ല,’ റസൂല്‍ പൂക്കുട്ടി പറയുന്നു.

ഹിന്ദി സിനിമകള്‍ സിനിമകള്‍ വെറും പ്രൊജക്റ്റുകളാണെന്നും കോര്‍പ്പറേറ്റുകള്‍ ഹിന്ദി സിനിമകളെ നശിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സൗത്ത് ഇന്ത്യന്‍സ് സിനിമയില്‍ അഭിനവേശമുള്ള ആളുകളാണെന്നും തങ്ങള്‍ വിശ്വസിക്കുന്നത് തിരക്കഥയിലാണെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. മഞ്ഞുമ്മല്‍ ബോയ്‌സ് പോലുള്ള കഥ അവിടെ ആരെങ്കിലും ചെയ്യുമോയെന്നും താരങ്ങളൊന്നും ഇല്ലാത്ത ഒരു സിനിമയെ അവിടുത്തെ നിര്‍മാതാക്കള്‍ കമിറ്റ് ചെയ്യുമോയെന്നും അദ്ദേഹം ചോദിക്കുന്നു.

ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാള സിനിമയുടെയും ഇന്ത്യന്‍ സിനിമയുടെയും യശസ് വാനോളമുയര്‍ത്തി സിനിമാ ലോകത്തിന് വളരെ സുപരിചിതനായ വ്യക്തിയാണ് റസൂല്‍ പൂക്കുട്ടി.2008 ല്‍ സ്ലംഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലൂടെയാണ് മികച്ച ശബ്ദ മിശ്രണത്തിനുള്ള ഓസ്‌കര്‍ അദ്ദേഹത്തെ തേടിയെത്തിയത്.

Content highlight: Resul Pookutty says that even middle-class families are not shown in Hindi films and that Malayalam films stand apart from that