30 വര്‍ഷമായി സമൂസയുണ്ടാക്കുന്നത് ടോയ്‌ലറ്റില്‍ നിന്ന്; സൗദിയില്‍ ഭക്ഷണശാല അടപ്പിച്ചു
World News
30 വര്‍ഷമായി സമൂസയുണ്ടാക്കുന്നത് ടോയ്‌ലറ്റില്‍ നിന്ന്; സൗദിയില്‍ ഭക്ഷണശാല അടപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th April 2022, 8:35 am

റിയാദ്: സൗദിയിലെ ജിദ്ദയില്‍ വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഭക്ഷണമുണ്ടാക്കിയ കട അധികൃതര്‍ അടപ്പിച്ചു. 30 വര്‍ഷത്തിലധികമായി കടയില്‍ സമൂസയും മറ്റ പലഹാരങ്ങളുമുണ്ടാക്കുന്നത് ടോയ്‌ലറ്റില്‍ നിന്നാണെന്നാണ് അധികൃതര്‍ കണ്ടെത്തിയത്.

ഇതേത്തുടര്‍ന്ന് ഭക്ഷണശാല അധികൃതര്‍ അടച്ചുപൂട്ടുകയായിരുന്നു.

പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് ജിദ്ദ മുനിസിപ്പാലിറ്റി അധികൃതര്‍ ഭക്ഷണശാല റെയ്ഡ് ചെയ്യുകയായിരുന്നു. കടയിലെ തൊഴിലാളികള്‍ക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് ഇല്ലായിരുന്നെന്നും ഇത് റെസിഡന്‍സി നിയമങ്ങളുടെ ലംഘനമാണെന്നും മുനിസിപ്പാലിറ്റി അധികൃതര്‍ പ്രതികരിച്ചു.

ജിദ്ദയില്‍ ഒരു റസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങിലാണ് ഭക്ഷണശാല പ്രവര്‍ത്തിക്കുന്നത്.

Okaz പത്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം പലഹാരങ്ങളും മറ്റ് ഭക്ഷ്യ വിഭവങ്ങളും ഇവിടെ വാഷ്‌റൂമില്‍ വെച്ചാണ് ഉണ്ടാക്കിയിരുന്നത്. മാത്രമല്ല രണ്ട് വര്‍ഷത്തിലധികമായി എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ മാംസം, ചീസ് എന്നിവ ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിച്ചിരുന്നതായും മുനിസിപ്പാലിറ്റി അധികൃതര്‍ കണ്ടെത്തി.

ഇത്തരത്തില്‍ നിയമവിരുദ്ധവും വൃത്തിഹീനവുമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന നിരവധി റസ്റ്റൊറന്റുകള്‍ അടച്ച് പൂട്ടിയതായും ഒരു ടണ്ണിലധികം ഭക്ഷണ സാധനങ്ങള്‍ കണ്ടെത്തി നശിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു.

ഇക്കഴിഞ്ഞ ജനുവരിയില്‍, ജിദ്ദയിലെ പ്രശസ്തമായ ഒരു റസ്റ്റൊറന്റ് ഷവര്‍മ സ്‌കീവറില്‍ എലിയെ കണ്ടെത്തിയതിനെത്തുടര്‍ന്ന് അധികൃതര്‍ സീല്‍ ചെയ്തിരുന്നു. ഷവര്‍മ സ്‌കീവറിന് മുകളില്‍ എലി നില്‍ക്കുന്നതായുള്ള വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.

Content Highlight: Restaurant in Saudi Arabia shut for preparing samosas in toilets for more than 30 years