ഡി.എച്ച്.എസ് വിവരങ്ങള്‍ മറച്ചുവച്ചു; നിപ ബാധിച്ച സ്ഥലത്ത് ക്യാംപ് ചെയ്യുന്നില്ലെന്ന് പിണറായി പറഞ്ഞത് അത്ഭുതം: വിമര്‍ശനങ്ങളോട് പ്രതികരിച്ച് മുരളീധരന്‍
Kerala
ഡി.എച്ച്.എസ് വിവരങ്ങള്‍ മറച്ചുവച്ചു; നിപ ബാധിച്ച സ്ഥലത്ത് ക്യാംപ് ചെയ്യുന്നില്ലെന്ന് പിണറായി പറഞ്ഞത് അത്ഭുതം: വിമര്‍ശനങ്ങളോട് പ്രതികരിച്ച് മുരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th June 2026, 5:21 pm

കോഴിക്കോട്: നിപ രോഗ പ്രതിരോധവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍. നിപ മരുന്നുകള്‍ ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നതടക്കമുള്ള വിമര്‍ശനങ്ങളിലാണ് മുരളീധരന്‍ പ്രതികരണം അറിയിച്ചത്. കോഴിക്കോട്ട് നിപ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

നിപ രോഗബാധയുമായി ബന്ധപ്പെട്ട് നിലവില്‍ കോഴിക്കോട് ക്യാംപ് ചെയ്ത് പ്രവര്‍ത്തിക്കേണ്ട സാഹചര്യമില്ലെന്ന് മുരളി പറഞ്ഞു. സംസ്ഥാനത്ത് ആരോഗ്യ മന്ത്രിയും ആരോഗ്യ വകുപ്പും സുഖത്തിലല്ല എന്ന് ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ വെച്ച് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രീകൃതമായ പ്രവര്‍ത്തനങ്ങള്‍ക്ക് തിരുവനന്തപുരത്ത് തുടരുന്നതാണ് കുറേക്കൂടെ സൗകര്യം. നിപ വ്യാപിച്ചിട്ടില്ല. നിപ രോഗം മാത്രമല്ല സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുള്ളത്. രോഗവുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ സ്റ്റേബിളാണെന്നും മന്ത്രി പറഞ്ഞു.

നിപ രോഗബാധയില്‍ പൂനെ വൈറോളജി ലാബിന്റെ ഫലം വന്നില്ലെന്ന് മന്ത്രിയും ഫലം ലഭിച്ചതായി കോഴിക്കോട് ജില്ലാ കലക്ടറും വ്യത്യസ്ത വിവരം നല്‍കിയത് വിവാദമായിരുന്നു. ഇത് സംബന്ധിച്ചും മുരളി വിശദീകരണം നല്‍കുന്നുണ്ട്. ഡി.എച്ച്.എസ് സ്ഥാനത്തുനിന്ന് പുറത്താക്കിയ ഡോക്ടര്‍ റീന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫലത്തെക്കുറിച്ചുള്ള വിവരം തന്നില്‍ നിന്ന് മറച്ചുവച്ചതായും മന്ത്രി ആരോപിച്ചു.

നിപ സ്ഥിരീകരണം സംബന്ധിച്ച് പത്രസമ്മേളനം നടത്തുമ്പോള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഫലം തനിക്ക് ലഭിച്ചിരുന്നില്ല. അതിനാലാണ് അന്ന് ഫലം ലഭിച്ചില്ലെന്ന് പറഞ്ഞത്. എന്നാല്‍ ഒരുമണിക്ക് തന്നെ ഫലം വന്നിരുന്നെന്നും അത് അന്നത്തെ ഡി.എച്ച്.എസ് അറിഞ്ഞിരുന്നെന്നും പിന്നീടാണ് താന്‍ അറിഞ്ഞത്. അന്ന് തന്നോടൊപ്പം പങ്കെടുത്ത ഡി.എച്ച്.എസ് ഈ വിവരം തന്നെ അറിയിച്ചിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

ഇപ്പോള്‍ എല്‍.ഡി.എഫ് വിമര്‍ശിക്കുന്നത് ഡയരക്ടറെ മാറ്റിയത് ശരിയായില്ലെന്നാണ്. അവധി കാരണമായി പരിഗണിച്ചല്ല ഡി.എച്ച്.എസിനെ മാറ്റിയത്. പക്ഷേ ഇത്തരം വിവരങ്ങള്‍ മറച്ചുവച്ചു. ആറുമണിക്കാണ് റിസല്‍ട്ട് പോസിറ്റീവാണെന്ന് ഡി.എച്ച്.എസ് തന്നെ വിളിച്ച് പറഞ്ഞതെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

രാഷ്ട്രീയമായി എന്നെ ആക്രമിക്കുന്നത് പ്രശ്‌നമല്ല. താനിത് കുറേ കണ്ടതാണ്. പണ്ട് പറയുന്നപോലെ വെടിക്കെട്ടുകാരനെ ഉടുക്കുകൊട്ടി പേടിപ്പിച്ചാലൊന്നും നടക്കില്ല. പക്ഷേ വിമര്‍ശനങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരെ ബാധിക്കുന്നു. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ മനോവീര്യത്തെ ബാധിക്കുന്നു.

ഇവിടെ തന്നെ കാംപ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടതിലാണ് എനിക്ക് അത്ഭുതം. അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അമേരിക്കയിലിരുന്ന് ഇവിടത്തെ കാബിനറ്റില്‍ അധ്യക്ഷത വഹിച്ച ആളാണ്. അപ്പോള്‍ കെ. മുരളീധരന്‍ തിരുവന്തപുരത്തിരുന്ന് കേരളത്തിലെ കാര്യങ്ങള്‍ അവലോകനം ചെയ്യുന്നതില്‍ തെറ്റുണ്ടോയെന്നും മന്ത്രി ചോദിച്ചു.

2018ല്‍ നിപ വ്യാപനമുണ്ടായിരുന്നു. അന്ന് ആദ്യമായിട്ടായിരുന്നു രോഗം സ്ഥിരീകരിച്ചത്. ആ സാഹചര്യം ഇപ്പോഴില്ലെന്നും മുരളി പറഞ്ഞു. 2018ലെ സാഹചര്യവുമായി ഇപ്പോള്‍ ഒരു നിപ കേസ് സ്ഥിരീകരിച്ചതിനെ താരതമ്യം ചെയ്യരുതെന്നും മുരളി പറഞ്ഞു. നിപ ഈ നിമിഷം വരെ അപകടകാരിയല്ലെന്നും മുരളീധരന്‍ പറഞ്ഞു.

നിപ മരുന്നുകള്‍ ലഭ്യമല്ല എന്നതാണ് ഒരു വാര്‍ത്ത. ആദ്യ ദിനം മുതല്‍ റിബാവരിന്‍ മരുന്ന് കൊടുത്തു. പിന്നെ മോണോക്ലോണല്‍ ആന്റി ബോഡി നല്‍കി. റെംഡിവിസിര്‍ ആദ്യം ചെന്നൈയിലുണ്ടെന്നാണ് കരുതിയത്. പിന്നീട് അത് ബഹ്‌റൈനില്‍ നിന്ന് എത്തിച്ച് ഇന്ന് രോഗിക്ക് ആദ്യ ഡോസ് നല്‍കിയെന്നും മന്ത്രി പറഞ്ഞു.

കോളറ ബാധ സംബന്ധിച്ച് മന്ത്രിയും പാലക്കാട് ഡി.എം.ഒയും വ്യത്യസ്ത പ്രഖ്യാപനങ്ങള്‍ നടത്തിയതിനെക്കുറിച്ചും മുരളി വിശദീകരണം നല്‍കി. സാധാരണ കോളറ പോസിറ്റീവ് ആണോ എന്ന് ഹാങിങ് ഡ്രോപ് എന്ന പ്രാഥമിക പരിശോധന വഴിയാണ് സ്ഥീരീകരിക്കാറ്. അങ്ങനെ സ്ഥിരീകരിച്ചതായാണ് താന്‍ പറഞ്ഞത്. അപ്പോള്‍ കള്‍ച്ചര്‍ ചെയ്തത് നെഗറ്റീവാണെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പക്ഷേ കള്‍ച്ചര്‍ ചെയ്യാന്‍ 48 മണിക്കൂര്‍ എടുക്കും. ഇന്ന് ആ ഉദ്യോഗസ്ഥന് താന്‍ മുന്നറിയിപ്പ് കൊടുത്തുവെന്നും മന്ത്രി പറഞ്ഞു.

ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി മന്ത്രിയും വകുപ്പും തമ്മില്‍ സുഖത്തിലല്ല എന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാനാവില്ല. ആരോഗ്യ വകുപ്പ് രോഗ പ്രതിരോധത്തില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ചില കോല് വയ്ക്കുന്നവര്‍ക്കെതിരെ നടപടിയും എടുത്തുവെന്നും മുരളി പറഞ്ഞു.

Content Highlight: Response of K Muraleedharan on Allegations of Opposition on Nipah handling