ഇസ്രഈല്‍ വിമര്‍ശനം സര്‍വകലാശാലകള്‍ക്ക് ഇന്നും അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്; ഫെലോഷിപ് നിഷേധിച്ചതില്‍ പ്രതികരിച്ച് റോത്ത്
World News
ഇസ്രഈല്‍ വിമര്‍ശനം സര്‍വകലാശാലകള്‍ക്ക് ഇന്നും അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്; ഫെലോഷിപ് നിഷേധിച്ചതില്‍ പ്രതികരിച്ച് റോത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th January 2023, 8:24 am

ന്യൂയോര്‍ക്ക്: ‘ഇസ്രഈല്‍ വിരുദ്ധത’യുടെ പേരില്‍ ഹാര്‍വഡ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഫെലോഷിപ് നിഷേധിച്ചതില്‍ പ്രതികരിച്ച് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ മുന്‍ ഡയറക്ടര്‍ കെന്നത്ത് റോത്ത് (Kenneth Roth).

ഫലസ്തീനെ പിന്തുണച്ചതിന് ‘ഇസ്രഈല്‍ വിരുദ്ധന്‍’ എന്നാരോപിച്ച് സീനിയര്‍ ഫെലോഷിപ് നിഷേധിച്ചതിനെയാണ് മിഡില്‍ ഈസ്റ്റ് ഐക്ക് നല്‍കിയ അഭിമുഖത്തില്‍ റോത്ത് ചോദ്യം ചെയ്യുന്നത്.

ഹാര്‍വഡ് കെന്നഡി സ്‌കൂളിന്റെ കാര്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിന്റെ (Harvard Kennedy School’s Carr Center for Human Rights) തീരുമാനം ഇസ്രഈലിനെതിരായ തന്റെ വിമര്‍ശനവുമായി ബന്ധപ്പെട്ടുള്ളതാണ്. ഇസ്രഈലിനെ വിമര്‍ശിക്കുക എന്നത് പ്രധാനപ്പെട്ട സര്‍വകലാശാലകളില്‍ ഇപ്പോഴും ചെയ്യാന്‍ ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് ഇത് തെളിയിക്കുന്നതെന്നും അഭിമുഖത്തില്‍ റോത്ത് പറഞ്ഞു.

”ഒരു സ്‌കൂളിന്റെ, പ്രത്യേകിച്ച് കെന്നഡി സ്‌കൂളിന്റെ വളരെ മോശമായ ഒരു വശത്തെ കുറിച്ചാണ് ഇത് സംസാരിക്കുന്നത്. കാഴ്ചപ്പാടുകളുടെ വൈവിധ്യത്തിലും, ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ ഏറ്റെടുക്കാനും സംവാദത്തിനുമുള്ള സന്നദ്ധതയിലും കെന്നഡി സ്‌കൂള്‍ അഭിമാനിക്കുന്നു. ഇസ്രഈല്‍ വിഷയത്തിലൊഴികെ മറ്റെല്ലാത്തിലും ഇത് ശരിയാണ്.

വ്യക്തിപരമായി എനിക്ക് ഈ ഫെലോഷിപ് നിഷേധിക്കുന്നത് എന്നെ സംസാരിക്കുന്നതില്‍ നിന്ന് തടയാന്‍ പോകുന്നില്ല. എന്നാല്‍ ഖേദകരമായ ഈ കാര്യം കാണുന്ന യുവ അക്കാദമിക് വിദഗ്ധര്‍ക്ക്, ഇസ്രഈലിനെ വിമര്‍ശിച്ചാല്‍ നിങ്ങളെ വിലക്കും, നിങ്ങളുടെ കരിയര്‍ തടസപ്പെടും എന്ന പാഠമായിരിക്കുമോ ലഭിക്കുക എന്ന് ഞാന്‍ ആശങ്കപ്പെടുന്നു,” റോത്ത് പറഞ്ഞു.

ഹാര്‍വഡ് സ്‌കൂളിന്റെ തീരുമാനത്തില്‍ താന്‍ ഞെട്ടിപ്പോയെന്നും അമേരിക്കന്‍ സര്‍വകലാശാലകളിലെ അധികം അറിയപ്പെടാത്ത അക്കാദമിക് വിദഗ്ധരിലും ഫലസ്തീനികളിലും ഇത് ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതമാണ് തന്റെ പ്രധാന ആശങ്കയെന്നും റോത്ത് കൂട്ടിച്ചേര്‍ത്തു.

ഫലസ്തീനികളോടുള്ള ഇസ്രഈലിന്റെ പെരുമാറ്റത്തെ വിമര്‍ശിക്കുന്നത് അക്കാദമിക് സ്വാതന്ത്ര്യത്തെ എങ്ങനെ പരിമിതപ്പെടുത്തുന്നു എന്നതിന് ഉദാഹരണമാണ് റോത്തിന് ഫെലോഷിപ് നിരസിച്ച നടപടി എന്നാണ് ഹാര്‍വഡ് യൂണിവേഴ്‌സിറ്റി സ്‌കൂളിന്റെ തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ട് വരുന്ന പ്രതികരണങ്ങള്‍.

മൂന്ന് പതിറ്റാണ്ടോളം ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ ഉദ്യോഗസ്ഥായിരുന്ന കെന്നത്ത് റോത്ത് കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് വിരമിച്ചത്. വിരമിക്കുമ്പോള്‍ എച്ച്.ആര്‍.ഡബ്ല്യുവിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ഇദ്ദേഹത്തിന് ഹാര്‍വഡ് സ്‌കൂള്‍ ഫെലോഷിപ് വാഗ്ദാനം ചെയ്തിരുന്നു.

എന്നാല്‍ സമൂഹ മാധ്യമങ്ങളിലടക്കമുള്ള റോത്തിന്റെ ഫലസ്തീന്‍ അനുകൂല ഇടപെലിന്റെ പശ്ചാത്തലത്തില്‍ ഹാര്‍വഡ് ഫെലോഷിപ് നിഷേധിച്ചു എന്നായിരുന്നു വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഭ്രാന്തന്‍ തീരുമാനം എന്നായിരുന്നു റോത്ത് ഇതിനെ വിശേഷിപ്പിച്ചത്.

Content Highlight: Response of former HRW chief Kenneth Roth after he was denied Harvard fellowship