ലഖ്നൗ: ഉത്തര്‍പ്രദേശില്‍ നിയമസഭാ മണ്ഡലമായ മില്‍ക്കിപൂരില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ജയം. സമാജ്‌വാദി പാര്‍ട്ടിയുടെ സിറ്റിങ് സീറ്റാണ് ബി.ജെ.പി നേടിയത്.
146397 വോട്ടാണ് ചന്ദ്രഭാനു പസ്വാന്‍ ആകെ നേടിയത്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് യു.പിയിലെ മില്‍ക്കിപൂര്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. മില്‍ക്കിപൂര്‍ എം.എല്‍.എയായിരുന്ന അവധേഷ് പ്രസാദ് രാജിവെച്ച ഒഴിവിലേക്കാണ് ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.
അവധേഷ് പ്രസാദ്
യു.പിയിലെ ഫൈസാബാദ് മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ച അവധേഷ് അട്ടിമറി വിജയം നേടുകയും പിന്നീട് എം.എല്‍.എ സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മില്‍ക്കിപൂരില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു.
അയോധ്യ രാമക്ഷേത്രം നിലനില്‍ക്കുന്ന മണ്ഡലം കൂടിയാണ് ഫൈസാബാദ്. ഇക്കാരണത്താല്‍ തന്നെ എസ്.പി നേതാവിന്റെ വിജയം ഇന്ത്യാ സഖ്യത്തെ സംബന്ധിച്ച് വലിയ നേട്ടമായിരുന്നു.
ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ലല്ലു സിങ്ങാണ് ഫൈസാബാദില്‍ തോല്‍വി ഏറ്റുവാങ്ങിയത്. യു.പിയില്‍ ഇന്ത്യാ സഖ്യവും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. അമേഠിയിലെയും റായ്ബറേലിയിലെയും വിജയം കോണ്‍ഗ്രസിന് ഒരു തിരിച്ചുവരവും നല്‍കിയിരുന്നു.
എന്നാല്‍ എസ്.പി രാജിവെച്ച് ഒഴിഞ്ഞ സീറ്റ്, ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേടിയതോടെ രൂക്ഷമായ വിമര്‍ശനമാണ് ഇന്ത്യാ മുന്നണിക്കെതിരെ ഉയരുന്നത്.
കൃത്യമായ അവലോകനങ്ങളും പദ്ധതികളുമില്ലാതെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത് തിരിച്ചടികള്‍ക്ക് കാരണമാകുമെന്നാണ് വിമര്‍ശനം.
മില്‍ക്കിപൂര്‍ നേടിയതോടെ സമാജ്‌വാദി പാര്‍ട്ടിയെയും കോണ്‍ഗ്രസിനെയും പരിഹസിച്ച് ബി.ജെ.പി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ഫെബ്രുവരി അഞ്ചിന് നടന്ന തെരഞ്ഞെടുപ്പില്‍ 57.13 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരുന്നത്.
Content Highlight: Resigned to keep Ayodhya; BJP wins the seat of Samajwadi Party