റിലീസിന് ഇനിയും ഒരു വര്‍ഷത്തിലേറെ സമയം ബാക്കി നില്‍ക്കെ ഗ്രാന്‍ഡ് റിലീസിനുള്ള മുന്നൊരുക്കങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ട്. ഒരു ഇന്ത്യന്‍ സിനിമയുടെ റെക്കോഡ് സ്‌ക്രീന്‍ കൗണ്ടാണ് വാരണാസി ലക്ഷ്യം വെക്കുന്നത്. വേള്‍ഡ്‌വൈഡ് 40000 സ്‌ക്രീനുകളില്‍ റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്.
വാരണാസി Photo: IMAX
ലോകത്തെ ഏറ്റവും വലിയ സിനിമാ മാര്‍ക്കറ്റായ യു.എസ്.എയില്‍ റെക്കോഡ് റിലീസാകും വാരണാസിയുടേതെന്നാണ് റിപ്പോര്‍ട്ട്. യു.എസ്.എയില്‍ മാത്രം 18000 സ്‌ക്രീനുകളാണ് വാരണാസി ലക്ഷ്യമിടുന്നത്. ഒരു നോണ്‍ ഹോളിവുഡ് സിനിമയുടെ ഏറ്റവും വലിയ യു.എസ് റിലീസ് വാരണാസിയുടേതാകുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. കൊറിയന്‍ ചിത്രം പാരസൈറ്റ് അമേരിക്കയില്‍ 16000 സ്‌ക്രീനുകളിലായിരുന്നു റിലീസ് ചെയ്തത്.
ഹോളിവുഡിലെ വമ്പന്‍ ചിത്രമായ ഗോഡ്‌സില്ല vs കോങ്: സൂപ്പര്‍നോവ 2027 മാര്‍ച്ച് 24നാണ് റിലീസ്. രണ്ടാഴ്ചക്ക് ശേഷം വാരണാസി റിലീസാകുമ്പോള്‍ ഐമാക്‌സ് സ്‌ക്രീനുകളെല്ലാം ഫ്രീയായേക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. എല്ലാം ഒത്തുവന്നാല്‍ യു.എസ്.എയില്‍ നിന്ന് മാത്രം 750 കോടിയോളം ചിത്രം സ്വന്തമാക്കുമെന്നാണ് കണക്കുകൂട്ടല്‍.
ഇന്ത്യയിലും ചിത്രത്തിന് റെക്കോഡ് റിലീസാകും. അടുത്തിടെ വന്‍ വിജയമായ പുഷ്പ 2 വേള്‍ഡ്‌വൈഡ് റിലീസ് ചെയ്തത് 12000 സ്‌ക്രീനുകളിലായിരുന്നു. ഇതിന്റെ മൂന്നിരട്ടി സ്‌ക്രീനുകളാണ് വാരണാസി ലക്ഷ്യം വെക്കുന്നത്. വാരണാസിയുടെ റിലീസിന് മുമ്പ് ഇന്ത്യയില്‍ ഐമാക്‌സ് സ്‌ക്രീനുകളുടെ എണ്ണം കൂട്ടാന്‍ താന്‍ പദ്ധതിയിടുന്നുണ്ടെന്ന് അടുത്തിടെ സംവിധായകന്‍ രാജമൗലി പറഞ്ഞിരുന്നു. സിനിമാപ്രേമികള്‍ക്ക് ലൈഫ്‌ടൈം തിയേറ്റര്‍ എക്‌സ്പീരിയന്‍സ് തന്നെയാകും വാരണാസി സമ്മാനിക്കുക.
നിലവില്‍ ചിത്രത്തിന്റെ ഷൂട്ട് പകുതിയോളം പൂര്‍ത്തിയായിക്കഴിഞ്ഞു. ഗ്ലോബ്‌ട്രോട്ടര്‍ എന്ന ടാഗ്‌ലൈനിനോട് പരമാവധി നീതി പുലര്‍ത്തിക്കൊണ്ടാണ് രാജമൗലി വാരണാസി പൂര്‍ത്തിയാക്കുന്നത്. ഇന്ത്യക്ക് പുറമെ യു.കെ, യു.എസ്.എ, കെനിയ തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ട്. പുതിയ ഷെഡ്യൂള്‍ അടുത്തിടെ ജോര്‍ജിയയില്‍ ആരംഭിച്ചിരുന്നു. അന്റാര്‍ട്ടിക്കയും വാരണാസിയുടെ പ്രധാന ലൊക്കേഷനുകളിലൊന്നാണ്. 2027 ഏപ്രില്‍ ഏഴിന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Reports that Varanasi movie aiming 18000 screens in USA alone