സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ് അഞ്ചാം സീസണ് അവതാറിനെക്കാളും എന്‍ഡ് ഗെയിമിനെക്കാളും ചെലവ്, ബജറ്റ് പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍
Trending
സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ് അഞ്ചാം സീസണ് അവതാറിനെക്കാളും എന്‍ഡ് ഗെയിമിനെക്കാളും ചെലവ്, ബജറ്റ് പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 1st November 2025, 11:24 am

സീരീസ് പ്രേമികളുടെ എല്ലാ ശ്രദ്ധയും നവംബര്‍ 26ലേക്ക് ചുരുങ്ങിയിരിക്കുകയാണ്. 2016 മുതല്‍ ആരംഭിച്ച യാത്ര അവസാനത്തിലേക്കെത്താന്‍ ഇനി കുറച്ച് ദിവസങ്ങള്‍ മാത്രം. ഹോപ്കിന്‍സ് നഗരത്തെയും അതോടൊപ്പം ഈ ലോകത്തെയും രക്ഷിക്കാന്‍ ഇലവനും കൂട്ടര്‍ക്കും സാധിക്കുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സ്‌ട്രെയ്ഞ്ചര്‍ തിങ്‌സിന്റെ അവസാന സീസണ്‍ പുറത്തിറങ്ങാനൊരുങ്ങുകയാണ്. ഇപ്പോഴിതാ അവസാന സീസണ് എത്ര ബജറ്റ് ചെലവായെന്ന വിവരം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. 480 മില്യണാണ് അഞ്ചാം സീസണ് ചെലവായിരിക്കുന്നത്. ഹോളിവുഡിലെ ബിഗ് ബജറ്റ് സിനിമകളെക്കാള്‍ വലിയ ചെലവാണ് ഇത്.

അവതാര്‍ വേ ഓഫ് വാട്ടര്‍, അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം എന്നീ സിനിമകള്‍ക്ക് പോലും ഇത്ര ബജറ്റ് ഉണ്ടായിരുന്നില്ല. 460 മില്യണ്‍ ചെലവിലാണ് ജെയിംസ് കാമറൂണ്‍ വേ ഓഫ് വാട്ടര്‍ ഒരുക്കിയത്. റൂസോ ബ്രദേഴ്‌സിന് എന്‍ഡ് ഗെയിം ഒരുക്കാന്‍ ചെലവായത് 400 മില്യണായിരുന്നു. ഇതിനെക്കാള്‍ വലിയ ബജറ്റിലെത്തുന്ന സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ് ആരാധകരെ കൂടുതല്‍ ആകാംക്ഷാഭരിതരാക്കുകയാണ്.

ഓരോ എപ്പിസോഡിനും 50 മില്യണിലധികമാണ് ഡഫര്‍ ബ്രദേഴ്‌സ് അഞ്ചാം സീസണില്‍ ചെലവാക്കിയത്. വിഷ്വല്‍ എഫക്ട്‌സിനാണ് ബജറ്റിന്റെ ബൂരിഭാഗവും ചെലവായിരിക്കുന്നത്. ചെറിയ സ്‌ക്രീനില്‍ പോലും പരമാവധി വിഷ്വല്‍ എക്‌സ്പീരിയന്‍സ് സമ്മാനിക്കുക എന്നതാണ് അണിയറപ്രവര്‍ത്തകരുടെ പ്രധാന ലക്ഷ്യം. നാലാം സീസണെക്കാള്‍ കൂടുതല്‍ ബജറ്റാണ് പുതിയ സീസണ് വേണ്ടി ചെലവാക്കിയത്.

270 മില്യണ് ബജറ്റിലാണ് നാലാം സീസണ്‍ പൂര്‍ത്തിയാക്കിയത്. എപ്പിസോഡിന്റെ ദൈര്‍ഘ്യവും കഥയുടെ വലിപ്പവുമെല്ലാം വമ്പന്‍ സിനിമകളോട് കിടപിടിക്കുന്ന തരത്തിലുള്ളതാണ്. അഞ്ചാം സീസണിന്റെ ഓരോ എപ്പിസോഡും രണ്ട് മണിക്കൂറിലധികം ദൈര്‍ഘ്യമുണ്ട്. അവസാന എപ്പിസോഡ് മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണ്.

ഇലവനെ അവതരിപ്പിച്ച മില്ലി ബോബി ബ്രൗണാണ് സീരീസില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങിയത്. 11 മില്യണാണ് അവസാന സീസണ് വേണ്ടി മില്ലി ബോബി വാങ്ങുന്നത്. വിനോന റൈഡര്‍, ഡേവിഡ് ഹാര്‍ബര്‍ എന്നിവര്‍ 9.5 മില്യണും അഞ്ചാം സീസണിനായി പ്രതിഫലം വാങ്ങുന്നുണ്ട്. ഹോക്കിന്‍സ് ടൗണിലെ അത്ഭുതങ്ങള്‍ കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

Content Highlight: Reports that Stranger Things season 5 completed in 480 million budget