സെയ്ഫ് വന്നിട്ടും സേഫായില്ല, സ്‌ക്രിപ്റ്റ് തിരുത്തിയെഴുതിയതിന് പിന്നാലെ ദേവരയുടെ രണ്ടാം ഭാഗത്തില്‍ തമിഴിലെ സൂപ്പര്‍താരവും?
Indian Cinema
സെയ്ഫ് വന്നിട്ടും സേഫായില്ല, സ്‌ക്രിപ്റ്റ് തിരുത്തിയെഴുതിയതിന് പിന്നാലെ ദേവരയുടെ രണ്ടാം ഭാഗത്തില്‍ തമിഴിലെ സൂപ്പര്‍താരവും?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 4th October 2025, 10:43 pm

വന്‍ ബജറ്റില്‍ കാടിളക്കിയ ഹൈപ്പോടെ കഴിഞ്ഞവര്‍ഷം തിയേറ്ററുകളിലെത്തിയ തെലുങ്ക് ചിത്രമായിരുന്നു ദേവര പാര്‍ട്ട് വണ്‍. ആര്‍.ആര്‍.ആറിന് ശേഷം ജൂനിയര്‍ എന്‍.ടി.ആര്‍ നായകനായെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. 300 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ബോക്‌സ് ഓഫീസില്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

രണ്ടാം ഭാഗത്തിന് ലീഡ് നല്കിക്കൊണ്ടാണ് ദേവര അവസാനിച്ചത്. എന്നാല്‍ ആദ്യഭാഗം പ്രതീക്ഷക്കൊത്ത് ഉയരാത്തതിനാല്‍ രണ്ടാം ഭാഗം ആവശ്യമില്ലെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ഇപ്പോഴിതാ ദേവര 2വിന്റെ സ്‌ക്രിപ്റ്റ് തിരുത്തിയെഴുതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യഭാഗത്തിലെ പിഴവുകളെല്ലാം ശരിയാക്കിക്കൊണ്ടാണ് സ്‌ക്രിപ്റ്റ് തിരുത്തുന്നതെന്ന് കേള്‍ക്കുന്നു.

ബോളിവുഡ് സൂപ്പര്‍താരം സെയ്ഫ് അലി ഖാന്‍ വന്നിട്ടും ചിത്രത്തിന് പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിച്ചില്ല. എന്നാല്‍ രണ്ടാം ഭാഗത്തില്‍ എന്‍.ടി.ആറിനൊപ്പം തമിഴ് സൂപ്പര്‍താരം സിലമ്പരസനും വേഷമിടുന്നുണ്ടെന്ന് അഭ്യൂഹങ്ങളുണ്ട്. തിരുത്തിയെഴുതിയ കഥയില്‍ സിലമ്പരസന് എത്രത്തോളം പ്രാധാന്യമുണ്ടാകുമെന്നാണ് സിനിമാപ്രേമികള്‍ കരുതുന്നത്.

കണ്ടുമടുത്ത മാസ് സിനിമകളുടെ അതേ ടെംപ്ലേറ്റില്‍ തന്നെയാണ് ദേവര പാര്‍ട് വണ്ണിന്റെ കഥയൊരുക്കിയത്. ജൂനിയര്‍ എന്‍.ടി.ആര്‍ ഇരട്ടവേഷത്തില്‍ പ്രത്യക്ഷപ്പെട്ട ചിത്രത്തില്‍ ബോളിവുഡ് താരം ജാന്‍വി കപൂറാണ് നായികയായി വേഷമിട്ടത്. 400 കോടി നേടിയെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുമ്പോള്‍ 380 കോടി മാത്രമേ നേടിയുള്ളൂവെന്ന് ട്രാക്കര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തത് വാര്‍ത്തയായിരുന്നു.

നിലവില്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ഡ്രാഗണിന്റെ തിരക്കിലാണ് ജൂനിയര്‍ എന്‍.ടി.ആര്‍. പാന്‍ ഇന്ത്യനായി ഒരുങ്ങുന്ന ചിത്രത്തില്‍ മലയാളികളുടെ സ്വന്തം ടൊവിനോ തോമസും ശക്തമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിനിടെ പരിക്കേല്ക്കുകയും വാരിയെല്ലിന് ക്ഷതം സംഭവിക്കുകയും ചെയ്തതിന് പിന്നാലെ വിശ്രമത്തിലാണ് താരം.

ഡ്രാഗണിന്റെ ഷൂട്ടിന് ശേഷമേ ദേവരയുടെ രണ്ടാം ഭാഗം ഉണ്ടാവുകയുള്ളൂ. 2027ല്‍ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കാനാകുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍. ആദ്യഭാഗത്തിന് തണുപ്പന്‍ പ്രതികരണം ലഭിച്ചതിനാല്‍ രണ്ടാം ഭാഗം ഉപേക്ഷിച്ചേക്കുമെന്നും കേള്‍ക്കുന്നുണ്ട്. എന്‍.ടി.ആറിന്റെ ഉടമസ്ഥതയിലുള്ള യശോദ ആര്‍ട്‌സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Content Highlight: Reports that Silambarasan might be a part of Devara part two