ബോളിവുഡിലെ മികച്ച നടന്മാരിലൊരാളാണ് രണ്‍വീര്‍ സിങ്. തന്റെ കഴിവും കഠിനാധ്വാനവും കൊണ്ട് ബോളിവുഡിന്റെ മുന്‍നിരയിലേക്കെത്തിയ രണ്‍വീര്‍ പല സിനിമകളിലും തന്റെ റേഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് വര്‍ഷത്തിന് ശേഷം നായകവേഷത്തിലേക്ക് രണ്‍വീര്‍ തിരിച്ചെത്തുന്ന ചിത്രമാണ് ധുരന്ധര്‍. ചിത്രത്തിന്റെ ടൈറ്റില്‍ ടീസറിന് വന്‍ വരവേല്പായിരുന്നു ലഭിച്ചത്.
ഉറി: ദി സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷം ആദിത്യ ധര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ധുരന്ധര്‍. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള പുതിയ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. രണ്ട് ഭാഗങ്ങളിലായി ധുരന്ധര്‍ പുറത്തിറക്കാന്‍ അണിയറപ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ദൈര്‍ഘ്യം മൂന്നര മണിക്കൂറിന് മുകളിലായതാണ് ഇത്തരമൊരു നീക്കത്തിലേക്ക് പോകാന്‍ അണിയറപ്രവര്‍ത്തകരെ പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.
ഷൂട്ട് ചെയ്ത മുഴുവന്‍ ഫൂട്ടേജുകള്‍ ഏഴ് മണിക്കൂറോളമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് ചുരുക്കി മൂന്നര മണിക്കൂറാക്കാന്‍ സംവിധായകനും നിര്‍മാതാക്കള്‍ക്കും സാധിച്ചിട്ടില്ലെന്ന് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യ ഭാഗം ഈ വര്‍ഷവും രണ്ടാം ഭാഗം അടുത്ത വര്‍ഷവും പുറത്തിറക്കാനാണ് പദ്ധതിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ രണ്ട് ഭാഗങ്ങളായി പുറത്തിറക്കുന്ന സിനിമകള്‍ക്ക് പ്രതീക്ഷിച്ച സ്വീകാര്യത ലഭിക്കുന്നില്ലെന്ന് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് സിനിമകള്‍ ബോക്‌സ് ഓഫീസില്‍ വേണ്ടത്ര ശോഭിക്കാത്തതിനാല്‍ ഈയൊരു നീക്കം രണ്‍വീര്‍ സിങ് നടത്തരുതെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്. മൂന്ന് മണിക്കൂറിന് മുകളിലുള്ള സിനിമകളില്‍ കല്‍ക്കിയും അനിമലും വിജയിച്ചിട്ടുണ്ടെന്നും പോസ്റ്റുകളുണ്ട്.
വന്‍ ബജറ്റിലൊരുങ്ങുന്ന ആക്ഷന്‍ ത്രില്ലറാണ് ധുരന്ധര്‍. ആക്ഷന്‍ ഴോണറില്‍ ബോളിവുഡിലെ അടുത്ത ഹിറ്റായി ധുരന്ധര്‍ മാറുമെന്നാണ് കണക്കുകൂട്ടല്‍. നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങിയത്. വലിയ രീതിയില്‍ വയലന്‍സുള്ള ചിത്രമാണ് ഇതെന്ന് ടൈറ്റില്‍ ടീസര്‍ സൂചന നല്കുന്നുണ്ട്. വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, മാധവന്‍, അര്‍ജുന്‍ രാംപാല്‍, രാകേഷ് ബേദി എന്നിവരാണ് മറ്റ് താരങ്ങള്‍. ആന്‍മരിയ കലിപ്പിലാണ്, ദൈവത്തിരുമകള്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സാറാ അര്‍ജുനാണ് ചിത്രത്തിലെ നായിക. ടൈറ്റില്‍ ടീസറിന് പിന്നാലെ രണ്‍വീര്‍- സാറ ജോഡിക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ഡിസംബര്‍ അഞ്ചിന് ചിത്രം തിയേറ്ററുകളിലെത്തും.
#LetsCinema EXCLUSIVE: DHURANDHAR SPLIT INTO 2 PARTS.
Seeing strong potential in the seven-hour footage, Jio Studios and Aditya Dhar have made a last-minute decision to release #Dhurandhar in two parts, abandoning the original plan for a single 3-hour-30-minute film. pic.twitter.com/Q0GwGxb3Qp