ചില്ലറയിട്ടുവെച്ച സ്വര്‍ണപ്പെട്ടി വേണ്ടതുപോലെ ഉപയോഗിക്കാന്‍ പോകുന്നു, ഇന്ദ്രജിത്തിനെ നായകനാക്കി സിനിമയൊരുക്കാന്‍ പൃഥ്വിരാജ്?
Malayalam Cinema
ചില്ലറയിട്ടുവെച്ച സ്വര്‍ണപ്പെട്ടി വേണ്ടതുപോലെ ഉപയോഗിക്കാന്‍ പോകുന്നു, ഇന്ദ്രജിത്തിനെ നായകനാക്കി സിനിമയൊരുക്കാന്‍ പൃഥ്വിരാജ്?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 29th November 2025, 8:59 am

വെറും മൂന്ന് സിനിമകള്‍ സംവിധാനം ചെയ്തുകൊണ്ട് ഇന്‍ഡസ്ട്രിയില്‍ തന്റെ റേഞ്ച് വ്യക്തമാക്കിയ നടനാണ് പൃഥ്വിരാജ്. ആദ്യചിത്രമായ ലൂസിഫറും ഈ വര്‍ഷം പുറത്തിറങ്ങിയ എമ്പുരാനും ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്തിരുന്നു. ഒ.ടി.ടിയിലെത്തിയ ബ്രോ ഡാഡിക്കും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

എമ്പുരാന് ശേഷം പൃഥ്വിയുടെ അടുത്ത സംവിധാന സംരംഭം ഏതാകുമെന്ന കാര്യത്തില്‍ പല ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ അരങ്ങേറിയിരുന്നു. ലൂസിഫറിന്റെ മൂന്നാം ഭാഗമായ അസ്രായേല്‍ അടുത്തൊന്നും ആരംഭിക്കാന്‍ സാധ്യതയില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. മോഹന്‍ലാലിനെ നായകനാക്കി ബ്രോ ഡാഡി പോലൊരു എന്റര്‍ടൈനറൊരുക്കാനാണ് പ്ലാനെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Prithviraj/ IMDB

എന്നാല്‍ ഇപ്പോഴിതാ പൃഥ്വിയുടെ അടുത്ത സംവിധാന സംരംഭത്തെക്കുറിച്ച് പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. സഹോദരനായ ഇന്ദ്രജിത്തിനെ നായകനാക്കിയുള്ള ചിത്രമാണ് പൃഥ്വി സംവിധാനം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. മുരളി ഗോപിയുടെ സ്‌ക്രിപ്റ്റില്‍ വമ്പന്‍ കൊമേഴ്‌സ്യല്‍ ചിത്രമാണ് പൃഥ്വി ഒരുക്കുകയെന്നാണ് പുറത്തുവരുന്ന വിവരം.

കാലങ്ങളായി ഇന്ദ്രജിത്തിനെക്കുറിച്ച് സിനിമാപേജുകള്‍ പറയുന്ന ഡയലോഗ് വീണ്ടും ഉയര്‍ന്നുവന്നിരിക്കുകയാണ്. ‘സ്വര്‍ണത്തിന്റെ പെട്ടി ചില്ലറയിട്ടുവെക്കാന്‍ ഉപയോഗിക്കുന്നു’ എന്നാണ് ഇന്ദ്രജിത്തിനെക്കുറിച്ചുള്ള സ്ഥിരം കമന്റ്. അപാരമായ പൊട്ടന്‍ഷ്യലുണ്ടായിട്ടും ഇന്ദ്രജിത്തിനെ മലയാള സിനിമ വേണ്ടരീതിയില്‍ ഉപയോഗിക്കുന്നില്ലെന്നായിരുന്നു പരാതി.

Indrajith/ Pinterest

നിലവില്‍ പൃഥ്വി അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമകളുടെ തിരക്കുകള്‍ക്ക് ശേഷമാകും പൃഥ്വി വീണ്ടും സംവിധായകകുപ്പായമണിയുകയെന്നാണ് റിപ്പോര്‍ട്ട്. ഒരേ സമയം നാല് വമ്പന്‍ പ്രൊജക്ടുകളിലാണ് പൃഥ്വി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ഐ ആം നോബഡി, വിപിന്‍ ദാസിന്റെ സന്തോഷ് ട്രോഫി, വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫ എന്നീ സിനിമകള്‍ക്കൊപ്പം രാജമൗലിയുടെ ബ്രഹ്‌മാണ്ഡചിത്രം വാരണാസിയിലും പൃഥ്വി ഭാഗമാകുന്നുണ്ട്.

2026 അവസാനത്തോടെ മാത്രമേ പൃഥ്വിരാജ് ഫ്രീയാകുള്ളൂവെന്നും അതിന് ശേഷമാകും പുതിയ സംവിധാന സംരംഭത്തിലേക്ക് കടക്കുകയെന്നുമാണ് പുറത്തുവരുന്ന വിവരം. സ്വന്തം സഹോദരനെ പൃഥ്വി എന്ന സംവിധായകന്‍ എങ്ങനെ അവതരിപ്പിക്കുമെന്ന് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം. ലൂസിഫറിന്റെ മൂന്നാം ഭാഗമായ അസ്രയേല്‍ അടുത്തൊന്നും തുടങ്ങില്ലെന്ന വാര്‍ത്തയും ആരാധകര്‍ക്ക് ചെറിയ നിരാശ നല്കുന്നുണ്ട്.

Content Highlight: Reports that Prithviraj’s next directorial with Indrajith in lead