റാമും ജാനുവും തിരിച്ചുവരില്ല? രണ്ടാം ഭാഗമുണ്ടാകില്ലെന്ന് സൂചന നല്‍കി സംവിധായകന്‍
Indian Cinema
റാമും ജാനുവും തിരിച്ചുവരില്ല? രണ്ടാം ഭാഗമുണ്ടാകില്ലെന്ന് സൂചന നല്‍കി സംവിധായകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 10th September 2025, 10:54 pm

സിനിമാപ്രേമികളുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ ചിത്രമായിരുന്നു 2018ല്‍ പുറത്തിറങ്ങിയ 96. വിജയ് സേതുപതി, തൃഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ പ്രേം കുമാര്‍ സംവിധാനം ചെയ്ത ചിത്രം സര്‍പ്രൈസ് ഹിറ്റായി മാറി. നഷ്ടപ്രണയത്തിന് ഇത്രയധികം മനോഹാരിതയുണ്ടെന്ന് കാണിച്ച സിനിമയാണ് 96 എന്ന് പലരും അഭിപ്രായപ്പെട്ടു.

പരസ്പരം ഒന്നിക്കാനാകാതെ റാമും ജാനുവും പിരിഞ്ഞതായാണ് ചിത്രത്തിന്റെ അവസാനം കാണിച്ചത്. ജാനുവിന്റെ ഓര്‍മകളില്‍ തുടര്‍ന്ന് ജീവിക്കുന്ന റാമിനെ കാണിച്ചാണ് ചിത്രം അവസാനിച്ചത്. എന്നാല്‍ 96ന്റെ രണ്ടാം ഭാഗം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് കഴിഞ്ഞവര്‍ഷം സംവിധായകന്‍ പ്രേം കുമാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

എന്നാല്‍ രണ്ടാം ഭാഗം ഏറെക്കുറെ ഉപേക്ഷിച്ചെന്ന് പ്രേം കുമാര്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞദിവസം ഗോപിനാഥുമായുള്ള അഭിമുഖത്തില്‍ തന്റെ അടുത്ത പ്രൊജക്ടുകളെക്കുറിച്ച് ഗോപിനാഥ് സംസാരിച്ചു. മൂന്ന് സിനിമകളാണ് പ്ലാന്‍ ചെയ്തിരിക്കുന്നതെന്ന് പ്രേം കുമാര്‍ വ്യക്തമാക്കി. എന്നാല്‍ ഇതില്‍ 96ന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞിരുന്നില്ല.

‘വെറും ഒമ്പത് കഥാപാത്രങ്ങളെ വെച്ച് ഒരു അഡ്വഞ്ചര്‍ ഡ്രാമയുടെ കഥ മനസിലുണ്ട്. ഫഹദ് ഫാസിലിനെ വെച്ച് ഒരു ആക്ഷന്‍ പടം പ്ലാന്‍ ചെയ്യുന്നുണ്ട്. മുമ്പ് ചെയ്ത സിനിമകളിലേത് പോലെ ഇമോഷന് പ്രാധാന്യം ഇതിലുമുണ്ട്. പക്ഷേ, അതൊരു ആക്ഷന്‍ ചിത്രമായിരിക്കും. 45 മിനിറ്റിന്റെ കഥ പറഞ്ഞപ്പോള്‍ ഫഹദിന് കഥ ഇഷ്ടമായി. നായികയില്ലാത്ത ഒരു പ്രണയചിത്രവും പ്ലാന്‍ ചെയ്യുന്നുണ്ട്,’ പ്രേം കുമാര്‍ പറയുന്നു.

ഫഹദിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ കഥ നാല് വര്‍ഷം മുമ്പ് തന്റെ മനസില്‍ വന്നതാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ സുഹൃത്തുക്കളോട് കഥ പറഞ്ഞെന്നും എന്നാല്‍ അവര്‍ അത് പ്രോത്സാഹിപ്പിച്ചില്ലെന്നും പ്രേം കുമാര്‍ കൂട്ടിച്ചേര്‍ത്തു. സോഫ്റ്റ് സിനിമകള്‍ മാത്രമൊരുക്കുന്ന ആളായതുകൊണ്ട് ഈ കഥ ഇപ്പോള്‍ ചെയ്യണ്ടെന്നായിരുന്നു അവരുടെ മറുപടിയെന്നും അദ്ദേഹം പറയുന്നു.

ഫഹദിനൊപ്പമുള്ള പ്രൊജക്ടിന് ശേഷം ചിയാന്‍ വിക്രമിനെ നായകനാക്കി ഒരു ചിത്രവും പ്രേം കുമാര്‍ ഒരുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 96ന് ശേഷം പ്രേം കുമാര്‍ ഒരുക്കിയ മെയ്യഴകന് ഗംഭീര പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. ആദ്യചിത്രത്തില്‍ നഷ്ടപ്രണയമായിരുന്നെങ്കില്‍ രണ്ടാമത്തെ ചിത്രം നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്നതായിരുന്നു.

Content Highlight: Reports that Prem Kumar won’t do the sequel of 96 movie