അനൗണ്‍സ് ചെയ്തതുമുതല്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രൊജക്ടാണ് തലൈവര്‍ 173. രജിനിയെ നായകനാക്കി കമല്‍ ഹാസന്‍ നിര്‍മിക്കുന്ന ചിത്രം ഇന്ത്യന്‍ സിനിമയിലെ രണ്ട് ഇതിഹാസങ്ങളുടെ കൂടിച്ചേരലായാണ് സിനിമാലോകം കണക്കാക്കുന്നത്. എന്നാല്‍ ഈ പ്രൊജക്ട് ആര് സംവിധാനം ചെയ്യുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
സുന്ദര്‍ സി ഈ പ്രൊജക്ട് സംവിധാനം ചെയ്യുമെന്ന് അറിയിച്ചതിന്റെ നാലാം ദിനം സംവിധായകന്‍ പ്രൊജക്ടില്‍ നിന്ന് പിന്മാറിയിരുന്നു. പിന്നാലെ സംവിധായകനെ തേടുന്നു എന്ന തരത്തില്‍ ട്രോളുകളടക്കം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഇപ്പോഴിതാ ദേശീയ അവാര്‍ഡ് വേദിയില്‍ തിളങ്ങിയ പാര്‍ക്കിങ്ങിന്റെ സംവിധായകന്‍ തലൈവര്‍ 173 ഏറ്റെടുക്കുന്നെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ഈ വര്‍ഷത്തെ ദേശീയ അവാര്‍ഡ് വേദിയില്‍ മികച്ച തമിഴ് ചിത്രമടക്കം മൂന്ന് പുരസ്‌കാരം നേടിയ ചിത്രമാണ് പാര്‍ക്കിങ്. ചിത്രത്തിന്റെ സംവിധായകന്‍ രാംകുമാര്‍ ബാലകൃഷ്ണന്‍ രജിനിയോട് സ്‌ക്രിപ്റ്റ് പറഞ്ഞെന്നും അവസാനഘട്ട ചര്‍ച്ചകള്‍ നടക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്. കരിയറിലെ രണ്ടാമത്തെ ചിത്രം തന്നെ ഇന്‍ഡസ്ട്രിയിലെ നാഴികക്കല്ലാക്കി മാറ്റാന്‍ രാംകുമാറിന് സാധിക്കുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.
മഹാരാജയുടെ സംവിധായകന്‍ നിതിലന്‍ സ്വാമിനാഥന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. കുരങ്കു ബൊമ്മൈക്ക് ശേഷം ഏഴ് വര്‍ഷത്തോളം സമയമെടുത്ത് ഒരുക്കിയ മഹാരാജയില്‍ താന്‍ ആദ്യം മനസില്‍ കണ്ടത് രജിനിയെയായിരുന്നെന്ന് നിതിലന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. രജിനി എന്ന താരത്തെക്കാള്‍ അദ്ദേഹത്തിലെ നടനെ പരമാവധി ഉപയോഗിക്കുന്ന കഥയാകും ഇരുവരും ഒരുക്കുകയെന്നാണ് കരുതുന്നത്.
സുന്ദര്‍ സി പിന്മാറിയതിന് പിന്നാലെ പല സംവിധായകരുടെയും പേര് ഉയര്‍ന്നുകേട്ടിരുന്നു. നടനും സംവിധായകനുമായ ധനുഷ് രജിനിയോട് കഥ പറഞ്ഞെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഒന്നിന് പിന്നാലെ ഒന്നെന്ന രീതിയില്‍ വലിയ ലൈനപ്പുള്ള ധനുഷ് ഈ പ്രൊജക്ടിന്റെ ഭാഗമായേക്കില്ലെന്നായിരുന്നു സിനിമാപ്രേമികള്‍ അഭിപ്രായപ്പെട്ടത്.