ലോകസിനിമയില്‍ ഏറ്റവുമധികം ആരാധകരുള്ള സംവിധായകരിലൊരാളാണ് ക്രിസ്റ്റഫര്‍ നോളന്‍. സിനിമയുടെ പെര്‍ഫക്ഷന് വേണ്ടി സീനുകള്‍ പരമാവധി ഒറിജിനലായി ഷൂട്ട് ചെയ്യുകയും ഗ്രാഫിക്‌സിന്റെ ഉപയോഗം കുറക്കുകയും ചെയ്യുന്നതാണ് മറ്റ് സംവിധായകരില്‍ നിന്ന് നോളനെ വ്യത്യസ്തനാക്കുന്നത്. ഏറ്റവും പുതിയ ചിത്രമായ ഒഡീസിയുടെ ഫസ്റ്റ് ലുക്ക് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.
എംപയര്‍ മാഗസിന്‍ പുറത്തുവിട്ട അഭിമുഖത്തില്‍ സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കുന്നുണ്ട്. ലോകമെമ്പാടും ആരാധകരുള്ള ഒരു ഇതിഹാസകാവ്യം സിനിമയാക്കുന്നതിന്റെ വെല്ലുവിളികള്‍ വളരെ വലുതാണെന്ന് നോളന്‍ അഭിപ്രായപ്പെടുന്നു. എല്ലാവര്‍ക്കും കണക്ടാകുന്ന തരത്തില്‍ ചിത്രം ഒരുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘കഴിഞ്ഞ നാല് മാസമായി ഞങ്ങളെല്ലാവരും കടലിലായിരുന്നു. ഒഡീസിയസ് കപ്പലിന്റെ യാത്രകള്‍ ചിത്രീകരിക്കാനായിരുന്നു ഇത്രയും സമയമെടുത്തത്. യഥാര്‍ത്ഥ തിരമാലയും യഥാര്‍ത്ഥ സ്ഥലങ്ങളുമെല്ലാം കാണിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. അന്നത്തെ യാത്രകള്‍ ആളുകള്‍ക്ക് എത്രമാത്രം ബുദ്ധിമുട്ട് നിറഞ്ഞതാണെന്ന് പ്രേക്ഷകര്‍ക്ക് മനസിലാക്കികൊടുക്കാനാണ് ഇത്രയും റിസ്‌ക് എടുക്കുന്നത്.
ഞാന്‍ വായിച്ചു വളര്‍ന്ന ഒരു ഇതിഹാസകാവ്യത്തെ സിനിമാരൂപത്തിലാക്കുക എന്ന ചിന്തയാണ് ആദ്യം മുതല്‍ മനസിലുള്ളത്. ഒഡീസിയെക്കുറിച്ച് മുമ്പ് വന്ന സിനിമകളെക്കാള്‍ മികച്ചതാക്കി ഈ സിനിമ ഒരുക്കണമെന്നതാണ് എന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി. 20 ലക്ഷം അടി നീളമുള്ള ഫിലിമാണ് ഒഡീസിക്ക് വേണ്ടി ഉപയോഗിച്ചത്’ ക്രിസ്റ്റഫര്‍ നോളന്‍ പറയുന്നു.
പൂര്‍ണമായും ഐമാക്‌സ് ഫിലിം ക്യാമറയില്‍ ചിത്രീകരിക്കുന്ന സിനിമയാണ് ഒഡീസി. ഡിജിറ്റല്‍ ക്യാമറയെക്കാള്‍ കൂടുതല്‍ വിഷ്വല്‍ ഡെപ്ത് ഫിലിമിന് ലഭിക്കുമെന്നതാണ് ഇതിന് കാരണം. നോളന്റെ മുന്‍ ചിത്രമായ ഓപ്പന്‍ഹൈമറും 90 ശതമാനത്തോളം ഐമാക്‌സ് ഫിലിം ക്യാമറയില്‍ ചിത്രീകരിച്ചതായിരുന്നു. ഒഡീസിയാകട്ടെ 100 ശതമാനം ഐമാക്‌സ് ഫിലിം ക്യാമറയിലാണ് ഷൂട്ട് ചെയ്തത്.
മാറ്റ് ഡാമനാണ് ഒഡീസിയിലെ നായകന്‍. ടോം ഹോളണ്ട്, സെന്‍ഡയ, റോബര്‍ട്ട് പാറ്റിന്‍സണ്‍, എലിയറ്റ് പേജ്, അന്ന ഹാത്‌വേ, ജോണ്‍ ബെര്‍ത്‌നല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഗ്രീസിലും മറ്റ് സ്ഥലങ്ങളിലുമായാണ് ഒഡീസിയുടെ ഷൂട്ട്. 2026 ജൂലൈയില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്.
Content Highlight: Reports that Nolan’s Odyssey using 2 million feet film